ബോളിവുഡ് നടി സാറാ അലി ഖാൻ തികഞ്ഞ ശിവഭക്തയാണ്. ‘ കേദാർനാഥ് ‘ എന്ന സിനിമ മുതൽ, സാറ ബാബ കേദാർനാഥിൽ ആഴമായ വിശ്വാസം പുലർത്തുന്നുമുണ്ട്. ആരാധനക്കായി പതിവായി ക്ഷേത്രം സന്ദർശിക്കാറുമുണ്ട്. കേദാർനാഥിൽ മാത്രമല്ല, ഉജ്ജൈനിലും മറ്റ് ജ്യോതിർലിംഗ സ്ഥലങ്ങളിലും സാറ ദർശനം നടത്താറുണ്ട്.തന്റെ വിശ്വാസം ആരാധകരുമായി പങ്കുവെക്കുന്നതിനായി അവർ സോഷ്യൽ മീഡിയയിൽ തന്റെ തീർത്ഥാടനങ്ങളുടെ ഫോട്ടോകളും വീഡിയോകളും പതിവായി പോസ്റ്റ് ചെയ്യുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ സാറാ അലിഖാന്റെ ഈ തീർത്ഥാടനം അനിശ്ചിതത്വത്തിലാണ്. സനാതനവിശ്വാസികൾക്ക് മാത്രമേ കേദാർനാഥിൽ ദർശനം അനുവദിക്കൂവെന്നാണ് കഴിഞ്ഞ ദിവസം ബദ്രി-കേദാർ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇനി സാറയ്ക്ക് ദർശനം നടത്തണമെങ്കിൽ താൻ സനാതനയാണെന്ന് സത്യവാങ്മൂലം നൽകണമെന്നും കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും , എം പിയുമായ കങ്കണ റണാവത്ത്. “ഇവിടെ എല്ലാവരും സനാതനികളാണ്. സനാതനധർമ്മത്തിന് അവസാനമില്ല… എല്ലാ മതങ്ങളും ആയിരമോ പതിനയ്യായിരമോ വർഷങ്ങളായി നിലനിൽക്കുന്നു. എന്നാൽ സനാതന ധർമ്മം മാത്രമാണ് പരമമായ സത്യം. സാറ തീർച്ചയായും ഒരു സനാതനിയാണെങ്കിൽ, അത് എഴുതി നൽകുന്നതിൽ എന്താണ് എതിർപ്പ്? ‘ഞാൻ ഒരു സനാതനിയാണ്’ എന്ന് അവർ എഴുതണം. ഈ നിയമം ഒരാളുടെ വിശ്വാസം സ്ഥിരീകരിക്കാൻ മാത്രമുള്ളതാണ്, ആരെയും അപമാനിക്കാൻ ഉള്ളതല്ല “ കങ്കണ പറഞ്ഞു.
ഹിന്ദുക്കളല്ലെങ്കിലും ശിവനിൽ വിശ്വാസമുള്ള ഭക്തർ തങ്ങൾ സനാതനികളാണെന്ന് പ്രഖ്യാപിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി പറയുന്നത് . “സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഹിന്ദുക്കളല്ലാത്ത ഭക്തരെ – ‘ഞാൻ ഒരു സനാതനിയാണ്; ഞാൻ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്നു’ എന്ന് രേഖാമൂലമുള്ള പ്രഖ്യാപനം സമർപ്പിക്കുന്നവരെ – സ്വാഗതം ചെയ്യുന്നു. ഈ നിയമം ഒരാളുടെ വിശ്വാസം സ്ഥിരീകരിക്കാൻ മാത്രമുള്ളതാണ്; ആരെയും വ്രണപ്പെടുത്തുക എന്നതല്ല ഇതിന്റെ ലക്ഷ്യം.“ ഹേമന്ത് ദ്വിവേദി പറഞ്ഞു.

