ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിലെ പാർക്കിംഗ് വരുമാനം സംബന്ധിച്ച വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം 19 മില്യൺ യൂറോയാണ് ആശുപത്രികൾ പാർക്കിംഗ് ഇനത്തിൽ കൈപ്പറ്റിയിരിക്കുന്നത്. ഇതിൽ ഏഴ് ആശുപത്രികളിൽ പാർക്കിംഗ് വരുമാനം 1 മില്യൺ യൂറോ കടന്നു. രോഗികൾ, ആശുപത്രിയിലെ സന്ദർശകർ, ജീവനക്കാർ എന്നിവരിൽ നിന്നും ഈടാക്കിയ തുകയുടെ വിശദാംശങ്ങളാണ് ഇത്.
പാർക്കിംഗ് ഇനത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പണം ലഭിച്ചത് കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയ്ക്കാണ്. 2.3 മില്യൺ യൂറോ ആയിരുന്നു ആശുപത്രിയ്ക്ക് ലഭിച്ചത്. അടുത്തിടെ ആശുപത്രികളിൽ പാർക്കിംഗ് ആദ്യ മൂന്ന് മണിക്കൂർ സൗജന്യമാക്കണമെന്നത് സംബന്ധിച്ച ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർക്കിംഗ് ഫീസായി ആശുപത്രികൾക്ക് ലഭിച്ച തുകയുടെ കണക്ക് പുറത്തുവരുന്നത്. ആശുപത്രികളിലെ പാർക്കിംഗ് ഫീസുകൾ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.

