കോഴിക്കോട്: കൊയിലാണ്ടി കരുവാങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. കൊല്ലം സ്വദേശി നന്ദ കിഷോർ, കായംകുളം സ്വദേശി അബിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു.
മൂന്ന് പേരും മലബാർ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളായിരുന്നു. അവരിൽ ഒരാൾ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്, മറ്റ് രണ്ട് പേർ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളാണ്. നാട്ടുകാർ അവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. പുലർച്ചെ 1.40 നാണ് അപകടം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം പരിശോധിച്ചു. ഇലക്ട്രിക് സ്കൂട്ടറിന് പിന്നില്‍ തകരാര്‍ ഉണ്ടായിരുന്നു. പിന്നില്‍ നിന്ന് മറ്റേതെങ്കിലും വാഹനം ഇടിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ഇവിടെ സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. നാട്ടുകാരുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

