ലക്നൗ : ജെവാറിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനുള്ള ഔപചാരിക ഒരുക്കങ്ങൾ ആരംഭിച്ചു. ഈ മാസം 28 നാണ് വിമാനത്താവളം ജനങ്ങൾക്കായി തുറന്ന് നൽകുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം അയയ്ക്കുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഈ വിമാനത്താവളത്തിന് എയറോഡ്രോം ലൈസൻസ് നൽകിയിരുന്നു . രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണീത്. ആദ്യ ഘട്ടത്തിൽ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകാൻ ഇതിന് കഴിയും. ഭാവിയിലെ വിപുലീകരണത്തോടെ, ശേഷിയും സൗകര്യങ്ങളും വർദ്ധിപ്പിക്കും.
ഈ വിമാനത്താവളം തുറക്കുന്നത് നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ്, ബുലന്ദ്ഷഹർ, അലിഗഡ് എന്നിവിടങ്ങളിലെയും പരിസര ജില്ലകളിലെയും യാത്രക്കാർക്ക് പ്രയോജനം നൽകും.യാത്രക്കാർക്ക് ഇനി ഡൽഹി വിമാനത്താവളത്തിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടിവരില്ല. മേഖലയിലെ തൊഴിൽ, നിക്ഷേപം, ടൂറിസം എന്നിവയ്ക്ക് ഇത് ഉത്തേജനം നൽകുമെന്നും പ്രതീക്ഷിക്കുന്നു.

