- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
കോർക്ക്: കോർക്കിൽ വള്ളം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. ഓൾഡ് ഹെഡ് ഓഫ് കിൻസാലിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുകൾ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. പുലർച്ചെ 3.40 ഓടെയാണ് വള്ളം അപകടത്തിൽപ്പെട്ട വിവരം കോസ്റ്റ്ഗാർഡിന് ലഭിക്കുന്നത്. ഉടനെ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫ്രാൻസിൽ നിന്നും അയർലന്റിലേക്കുള്ള യാത്രയ്ക്കിടെ ഇവരുടെ വള്ളത്തിൽ വെള്ളം കയറി. തുടർന്ന് വള്ളം മുങ്ങുകയായിരുന്നു.
ഡബ്ലിൻ: ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് അയർലന്റിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വ്യക്തിസുരക്ഷയ്ക്ക് എല്ലാവരും എല്ലായ്‌പ്പോഴും പ്രാധാന്യം നൽകണമെന്ന് എംബസി വ്യക്തമാക്കി. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പ്രത്യേകിച്ച് അസമയങ്ങളിൽ പോകരുതെന്ന് എംബസിയുടെ നിർദ്ദേശത്തിൽ പറയുന്നു. വ്യക്തി സുരക്ഷയ്ക്കായുള്ള മുൻകരുതൽ എല്ലാവരും സ്വീകരിക്കണമെന്നും എംബസി വ്യക്തമാക്കുന്നു. ഇന്ത്യക്കാർക്ക് അടിയന്തിരസാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറും ഇ-മെയിൽ വിലാസവും എംബസി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 08994 23734 എന്ന നമ്പറിലോ cons.dublin@mea.gov.in എന്ന ഇ മെയിൽ വിലാസത്തിലോ അധികൃതരുമായി ബന്ധപ്പെടാം.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽവച്ച് അജ്ഞാതർ ആക്രമിച്ച യുവാവിന്റെ നില അതീവ ഗുതുരമായി തുടരുന്നു. ഡബ്ലിനിലെ ബ്യൂമൗണ്ട് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് 40 കാരൻ ഇപ്പോൾ ചികിത്സയിലുള്ളത്. ഒരാഴ്ചയായിട്ടും ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡബ്ലിൻ സിറ്റി സെന്ററിൽവച്ച് 40 കാരന് നേരെ ആക്രമണം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസ് എത്തി സാരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഡബ്ലിൻ: ആക്രമണോത്സുകമായ അശ്ലീല ദൃശ്യങ്ങൾ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. ഇത്തരം ദൃശ്യങ്ങൾ കാണുന്നവർക്ക് ലൈംഗിക പീഡനം തെറ്റായി തോന്നാറില്ല. അവർക്ക് ചെയ്തത് തെറ്റാണെന്ന് പോലീസുകാർക്ക് പറഞ്ഞ് മനസിലാക്കി കൊണ്ടുക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിംഗ് അതോറിറ്റിയുമായി നടത്തിയ അവസാന കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണോത്സുകമായ ലൈംഗിക ദൃശ്യങ്ങൾ ഇന്റർനെറ്റിൽ സുലഭമാണ്. ഇത് ചെറുപ്പക്കാരെ നന്നായി സ്വാധീനിക്കും. ഇത് ചെയ്യാൻ അവരെ പ്രേരിപ്പിക്കും. അവരെ വഴിതെറ്റിക്കും. ലൈംഗികത അക്രമം നിറഞ്ഞതാണെന്ന ചിന്ത ഇത്തരം ദൃശ്യങ്ങൾ അവരിൽ ഉണ്ടാക്കും. അതൊരു സാധാരണ സംഭവവാണെന്നാണ് അവർക്ക് തോന്നുകയെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ജൂലൈ മാസത്തിൽ അയർലന്റിലെ ആശുപത്രികളിൽ ട്രോളികളിൽ ചികിത്സ നൽകിയവരുടെ എണ്ണം പുറത്തുവിട്ട് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ). കഴിഞ്ഞ മാസം 9,271 പേർക്കാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകിയത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കാണ് ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ മുൻപിലെന്നും ഐഎൻഎംഒ വ്യക്തമാക്കി. 2,257 പേരെയായിരുന്നു ഇവിടെ ട്രോളികളിൽ ചികിത്സിച്ചത്. ട്രോളികളിൽ ചികിത്സ നൽകിയ രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയ്ക്കാണ്. ഇവിടെ 1146 പേരെയായിരുന്നു കിടക്കകൾ ഇല്ലാത്തതിനാൽ ട്രോളികളിൽ ചികിത്സിച്ചത്. കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 889 പേരെയും ട്രോളികളിൽ ചികിത്സിക്കേണ്ടിവന്നു. ആശുപത്രികൾ നിറഞ്ഞതാണ് കിടക്ക ക്ഷാമം രൂക്ഷമാക്കിയത്.
ഡബ്ലിൻ: ഐറിഷ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി മലയാളികൾ. കോഴിക്കോട് സ്വദേശി ശ്രാവൺ ബിജു, തിരുവനന്തപുരം സ്വദേശി ആദിൽ നൈസാം എന്നിവരാണ് അയർലന്റ് അണ്ടർ – 15 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശ്രാവൺ ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെയും ആദിൽ ഫീനിക്‌സ് ക്രിക്കറ്റ് ക്ലബ്ബിലെയും താരങ്ങളാണ്. ഡബ്ലിൻ സാഗർട്ടിൽ താമസിക്കുന്ന ബിജു- ദീപ്തി ദമ്പതികളുടെ മകനാണ് ശ്രാവൺ. 2024 ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ അവാർഡ് ജേതാവ് കൂടിയാണ്. സാഗർട്ട് സിപി ഫോള സ്‌കൂളിലാണ് ശ്രാവൺ പഠിക്കുന്നത്. ഡബ്ലിനിലെ ഫിംഗ്ലസിലെ താമസക്കാരായ നൈസാമിന്റെയും സുനിത ബീഗത്തിന്റെയും മകനാണ് ആദിൽ. 2023ൽ ലൈൻസ്റ്ററിലെ മികച്ച ഫാസ്റ്റ് ബൗളർ ജേതാവായിരുന്ന ആദിൽ ബെൽഡെവെരെ കോളേജിലെ ജൂനിയർ സർട്ടിഫിക്കറ്റ് വിദ്യാർത്ഥിയാണ്. ഇരുവരും ഈ മാസം 4 മുതൽ സ്‌കോട്‌ലൻഡിലെ ഡംഫ്രിസിൽ വച്ച് നടക്കുന്ന കെൽറ്റിക് കപ്പിലും, 11 മുതൽ ഇംഗ്ലണ്ടിലെ ബർണാഡ് കാസിൽ ക്രിക്കറ്റ് ഫെസ്റ്റിവലിലും മത്സരിക്കും.
ഡബ്ലിൻ: അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകളിൽ അതിവേഗത്തിൽ തീരുമാനമെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും. അയർലന്റിലേക്ക് പാകിസ്ഥാനികളുടെ നുഴഞ്ഞു കയറ്റം വർദ്ധിച്ച പശ്ചാത്തലത്തിലാണ് സർക്കാർ നടപടി. നിയമമന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം പാകിസ്ഥാനിയായ യുവാവ് പോലീസുകാരനെ ജോലിയ്ക്കിടെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 2022 നവംബറിലാണ് അതിവേഗം തീരുമാനമെടുക്കുന്ന പ്രക്രിയ സർക്കാർ ആരംഭിച്ചത്. നിലവിൽ നാല് മാസമാണ് സമയപരിധി. ഇത് കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയുന്നു. 11 ആഴ്ചയായാണ് കാത്തിരിപ്പ് സമയം കുറയുക. റോഡ് സുരക്ഷാ സഹമന്ത്രി സീൻ കാനിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം എന്നത് 27 ആഴ്ചയായിരുന്നു. ഇത് ഉദ്യോഗാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു സൃഷ്ടിച്ചിരുന്നത്. വലിയ വിമർശനവും വിഷയത്തിൽ സർക്കാരിനെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് ആശ്വാസമായി സീൻ കാനിയുടെ ഇടപെടൽ ഉണ്ടാകുന്നത്. അതേസമയം ജൂണിൽ കാത്തിരിപ്പ് കാലാവധി 18 ആഴ്ചയായി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇത് നിറവേറ്റാനും സർക്കാരിന് കഴിഞ്ഞിരുന്നു.
ഡബ്ലിൻ: യൂറോ-രൂപ വിനിമയ നിരക്ക് നൂറിന് മുകളിൽ തുടരുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. ഈ വർഷം മുഴുവൻ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസം ആയിരുന്നു യൂറോയുടെ വിനിമയ നിരക്ക് നൂറ് പിന്നിട്ടത്. നിലവിൽ 101.19 ആണ് വിനിമയ നിരക്ക്. ഡോളർ ദുർബലമായതും ആഗോള നിക്ഷേപകർ മാറി ചിന്തിച്ചതുമാണ് യൂറോയ്ക്ക് നേട്ടമായത്. അതുകൊണ്ട് തന്നെ ഈ വർഷം മുഴുവൻ 99.03 നും 107.75 നും ഇടയിലാകാം വ്യാപാരം നടക്കുക എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഈ വർഷം അവസാനത്തോടെ യൂറോ വില ശരാശരി 105. 58 ൽ എത്തുമെന്നും സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.
ഡബ്ലിൻ: ഈ വാരാന്ത്യ ദിനങ്ങളിൽ അയർലന്റിൽ മഴ കുറയുമെന്ന് മെറ്റ് ഐറാൻ. പകൽ സമയങ്ങളിൽ ചൂടുളള വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രികാലങ്ങളിലും പുലർച്ചയും മാത്രം രാജ്യത്ത് ചാറ്റൽ മഴ ലഭിക്കുമെന്നും മെറ്റ് ഐറാൻ അറിയിച്ചു. പകൽ നേരങ്ങളിൽ രാജ്യത്ത് അന്തരീക്ഷ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രിയിൽ താപനില താഴ്ന്ന് 13 ഡിഗ്രി സെൽഷ്യസ് ആകും. ശനിയാഴ്ച നല്ല തെളിഞ്ഞ കാലവാസ്ഥയായിരിക്കും അനുഭവപ്പെടുക. താപനില 21 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. രാത്രി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറൻ മേഖലകളിൽ നേരിയ ചാറ്റൽ മഴ അനുഭവപ്പെടാം. ഞായറാഴ്ചയും സമാന കാലാവസ്ഥയ്ക്ക് ആണ് സാദ്ധ്യത. എന്നാൽ തിങ്കളാഴ്ചയോടെ രാജ്യത്ത് മഴ സജീവമാകും.
Subscribe to Updates
Get the latest creative news from FooBar about art, design and business.
