Author: sreejithakvijayan

ഡബ്ലിൻ: ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യത്തെ തുടർന്ന് ചീരയിലകൾ തിരിച്ചുവിളിച്ചു. ബേബി സ്പിനാച്ചും മിക്‌സ്ഡ് ബേബി ലീഫ് ഉത്പന്നങ്ങളുമാണ് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരിച്ചുവിളിച്ചത്. നടപടി സ്വീകരിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് എഫ്എസ്എഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെയാണ് തിരിച്ചുവിളിച്ചുകൊണ്ടുള്ള നിർദ്ദേശം വകുപ്പ് പുറപ്പെടുവിച്ചത്. ഗാർഡൻസ് ഓഫ് ഏഥൻസിന്റെ 100, 200, 500 ഗ്രാം ചീര പാക്കറ്റുകളിലാണ് ബാക്ടീരിയ സാന്നിദ്ധ്യം. F2776 , F2786 എന്നിങ്ങനെയാണ് തിരിച്ചുവിളിച്ച ബേബി സ്പിനാച്ച് ഉത്പന്നത്തിന്റെ ബാച്ചുകൾ. ഇതോടൊപ്പം 0805B, 0805P, 0805R, 0805Y എന്നീ ബാച്ച് നമ്പർ രേഖപ്പെടുത്തിയ ബേബി സ്പിനാച്ച് മിക്‌സ്ഡ് ലീവ്‌സാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിനായി പൊതുജന സഹായം തേടി ഗാർഡ. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു 40 കാരനായ ക്രിസ്റ്റഫർ ബേൺസിനെ ഗ്രഷൻ ഗ്രീൻ മേഖലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാറെൻപോയിന്റ് സ്വദേശിയാണ് ബേൺസ്. അദ്ദേഹത്തിന്റെ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകം ആണെന്ന് സ്ഥിരീകരിച്ച പോലീസ് 39 കാരനെ അറസ്റ്റും ചെയ്തു. സംഭവത്തിന് പിന്നാലെ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഗാർഡ ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്‌സാക്ഷികളോ അല്ലെങ്കിൽ ഇതേക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവരോ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.

Read More

ഗാൽവെ: ഇസ്രായേൽ സർവ്വകലാശാലയുമായുള്ള കരാർ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗാൽവെ യൂണിവേഴ്‌സിറ്റി. വിഷയത്തിൽ നിയമോപദേശം തേടിയതിന് പിന്നാലെ സർവ്വകലാശാലയുടെ ഇടക്കാല പ്രസിഡന്റ് പീറ്റർ മക്ഹ്യൂഗ് ആണ് ഇക്കാര്യം അറിയിച്ചത്. കാരാറിൽ നിന്ന് പിന്മാറുന്നത് അനവധി നിയമപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലിലെ ടെക്‌നീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായിട്ടാണ് ആസ്‌റ്റെറിക് (ASTERISK) പ്രൊജക്ടിനായി ഗാൽവെ യൂണിവേഴ്‌സിറ്റി കരാറിലേർപ്പെട്ടിരിക്കുന്നത്. കടൽവെള്ളത്തിൽ നിന്നും ഹൈഡ്രജൻ തയ്യാറാക്കുന്നതാണ് പദ്ധതി. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ കരാറിൽ നിന്നും പിന്മാറാൻ സർവ്വകലാശാലയ്ക്ക് സമ്മർദ്ദമേറിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സർവ്വകലാശാല രംഗത്ത് എത്തിയത്.

Read More

കോർക്ക്: കൗണ്ടി കോർക്കിൽ പാറക്കെട്ടുകൾക്കിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറ്റാലിയൻ പൗരനായ 27 കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ബാൾട്ടിമോർ ഹാർബറിലെ ഫോക്‌സ് ക്ലിഫിൽ പാറക്കെട്ടുകൾ കയറുന്നതിനിടെ അദ്ദേഹത്തെ കാണാതായത്. കോസ്റ്റ് ഗാർഡും മറ്റ് അടിയന്തിര സേവനങ്ങളും ചേർന്നായിരുന്നു തിരച്ചിൽ. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Read More

ഡബ്ലിൻ: മലയാളീസ് ഇൻ സൗത്ത് ഡബ്ലിന്റെയും (എംഐഎസ്ഡി) സോഷ്യൽ സ്‌പേസ് അയർലൻഡിന്റെയും ഒന്നിച്ചുള്ള ഓണാഘോഷ പരിപാടി 13 (ശനിയാഴ്ച) ന്. ‘ തിരുവോണം 2025 ‘ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ക്യാബിന്റ്‌ലീ കമ്യൂണിറ്റി ഹാളിൽ നടക്കും, രാവിലെ 11.30 മുതൽ വൈകീട്ട് 5.30 വരെയാണ് വിപുലമായ ആഘോഷപരിപാടികൾ നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ അന്നേദിവസം നടക്കും. മറ്റ് കലാപരിപാടികളും ഉണ്ട്. ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാകും. പരിപാടിയ്ക്കായുള്ള രജിസ്‌ട്രേഷൻ ഇതിനോടകം തന്നെ ആരംഭിച്ചു. https://socialspaceire.ie/programmes/misd-onam-2025/  എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

Read More

കോർക്ക്: കോർക്ക് സിറ്റിയിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ) കൂട് നീക്കം ചെയ്തു. നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസിലെ ഉദ്യോഗസ്ഥരാണ് കൂട് സുരക്ഷിതമായി നീക്കം ചെയ്തത്. അതേസമയം ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യത്തിൽ ഭയപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു. പ്രകൃതി ജൈവവൈവിധ്യ സഹമന്ത്രി ക്രിസ്റ്റഫർ ഒ സള്ളിവനാണ് ഹോർനെറ്റുകളുടെ കൂട് നീക്കം ചെയ്ത വിവരം പങ്കുവച്ചത്. ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് നീക്കം ചെയ്യുക എന്നത് ഏറെ സങ്കീർണം നിറഞ്ഞതായിരുന്നു. എന്നാൽ ഇത് വിജകരമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ആയിരുന്നു കോർക്ക് സിറ്റിയിൽ കടന്നലുകളുടെ കൂട് കണ്ടെത്തിയത്.

Read More

ഡബ്ലിൻ: നാളെ ( ഞായറാഴ്ച) നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം അയർലൻഡിലും ദൃശ്യമാകും. രാത്രി 8 മണി മുതൽ 9.30 വരെ ഗ്രഹണം ദൃശ്യമാകുക. പ്രകൃതിയിലെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് സൂര്യ- ചന്ദ്ര ഗ്രഹണങ്ങൾ. കിഴക്കൻ ചക്രവാളത്തിലായിട്ടാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. അതിനാൽ ചന്ദ്രഗ്രഹണം കാണാൻ ആഗ്രഹിക്കുന്നവർ കിഴക്കൻ തീരമേഖല തിരഞ്ഞെടുക്കുകയാണ് അനുയോജ്യമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു. എല്ലാവരും ചന്ദ്രഗ്രഹണം കാണണമെന്നും ദൃശ്യങ്ങൾ പകർത്തണമെന്നും ആസ്‌ട്രോണമി അയർലൻഡ് മാഗസീൻ എഡിറ്റർ ഡേവിഡ് മൂർ പറഞ്ഞു. ഈ ചിത്രങ്ങൾ മാഗസീനിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുൻ അവതാരകയും എഴുത്തുകാരിയുമായ ജോവാന ഡോണലി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ജോവാന ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ രംഗത്തെ പരിചയക്കുറവാണ് പിന്മാറ്റത്തിന് കാരണം എന്നാണ് സൂചന. അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനുള്ള സമയം ആരംഭിച്ചു. ഇതുവരെ തനിക്ക് നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദിയെന്ന് ജോവാന പറഞ്ഞു. കഴിഞ്ഞ ഏതാനും നാളുകളായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് അനുഭവസമ്പത്തുള്ള പലരുമായും സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും താൻ പാകപ്പെട്ടിട്ടില്ലെന്ന് ഇതിൽ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്നും പിന്മാറുകയാണെന്നും ജോവാന ഡോണലി വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 50 വയസ്സുള്ള സ്ത്രീയും കൗമാരക്കാരനും 20 വയസ്സുളള യുവാവുമാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇവരുടെ ആക്രമണത്തിൽ 40 കാരന് പരിക്കേറ്റത്. കാർഡഫിൽ ആയിരുന്നു സംഭവം. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം 40 കാരൻ അപകടനില തരണം ചെയ്തു.

Read More

കോർക്ക്: കൗണ്ടി കോർക്കിലെ ബാൾട്ടിമോറിൽ യുവാവിനെ കാണാതായി. ഇറ്റലി സ്വദേശിയായ 27 കാരനെയാണ് കാണാതായത്. പർവ്വതാരോഹകൻ കൂടിയായ യുവാവിനെ ബാൾട്ടിമോറിലെ പാറക്കെട്ടുകൾ കയറുന്നതിനിടെ ആണ് കാണാതായത്. യുവാവിനായുള്ള തിരച്ചിൽ മേഖലയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. യുവാവിന്റെ കാമുകിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഫോണിൽ നിരവധി തവണ യുവതി യുവാവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അടിയന്തിര സേവനങ്ങളെ വിവരം അറിയിച്ചത്. തുടർന്ന് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ യുവാവിന്റേതാണോ എന്ന് സ്ഥിരീകരിച്ചുവരികയാണ് പോലീസ്.

Read More