ഗാൽവെ: ഇസ്രായേൽ സർവ്വകലാശാലയുമായുള്ള കരാർ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഗാൽവെ യൂണിവേഴ്സിറ്റി. വിഷയത്തിൽ നിയമോപദേശം തേടിയതിന് പിന്നാലെ സർവ്വകലാശാലയുടെ ഇടക്കാല പ്രസിഡന്റ് പീറ്റർ മക്ഹ്യൂഗ് ആണ് ഇക്കാര്യം അറിയിച്ചത്. കാരാറിൽ നിന്ന് പിന്മാറുന്നത് അനവധി നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലിലെ ടെക്നീഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായിട്ടാണ് ആസ്റ്റെറിക് (ASTERISK) പ്രൊജക്ടിനായി ഗാൽവെ യൂണിവേഴ്സിറ്റി കരാറിലേർപ്പെട്ടിരിക്കുന്നത്. കടൽവെള്ളത്തിൽ നിന്നും ഹൈഡ്രജൻ തയ്യാറാക്കുന്നതാണ് പദ്ധതി. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ കരാറിൽ നിന്നും പിന്മാറാൻ സർവ്വകലാശാലയ്ക്ക് സമ്മർദ്ദമേറിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സർവ്വകലാശാല രംഗത്ത് എത്തിയത്.

