കോർക്ക്: കൗണ്ടി കോർക്കിലെ ബാൾട്ടിമോറിൽ യുവാവിനെ കാണാതായി. ഇറ്റലി സ്വദേശിയായ 27 കാരനെയാണ് കാണാതായത്. പർവ്വതാരോഹകൻ കൂടിയായ യുവാവിനെ ബാൾട്ടിമോറിലെ പാറക്കെട്ടുകൾ കയറുന്നതിനിടെ ആണ് കാണാതായത്. യുവാവിനായുള്ള തിരച്ചിൽ മേഖലയിൽ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. യുവാവിന്റെ കാമുകിയാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. ഫോണിൽ നിരവധി തവണ യുവതി യുവാവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് അടിയന്തിര സേവനങ്ങളെ വിവരം അറിയിച്ചത്. തുടർന്ന് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും ചില വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ഇത് കാണാതായ യുവാവിന്റേതാണോ എന്ന് സ്ഥിരീകരിച്ചുവരികയാണ് പോലീസ്.

