Author: sreejithakvijayan

ന്യൂറി: ന്യൂറിയിലെ ഷോപ്പിംഗ് സെന്ററിന് പുറത്ത് നടന്ന അക്രമ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആക്രമണത്തിന് ഇരയായവർ എത്രയും വേഗം മുന്നോട്ട് വരണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഫ്രാൻസിസ് സ്ട്രീറ്റിലെ ബട്ടർക്രെയിൻ സെന്ററിന് പുറത്തായിരുന്നു ആക്രമണം. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും പ്രതികളും ഇരകളും അവിടെ നിന്നും പോയിരുന്നു. പിന്നീട് പ്രതികളെ പിടികൂടുകയായിരുന്നു. 17 വയസ്സുള്ള രണ്ട് പേരും 16 വയസ്സുള്ള ഒരാളും ഉൾപ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിന്നീട് ജാമ്യത്തിൽവിട്ടു.

Read More

ഡബ്ലിൻ: അമരിക്കയിൽ ഡബ്ലിൻ സ്വദേശി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം. ടെക്‌സസ് പോലീസാണ് സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരിൽ നിന്നും പോലീസ് മൊഴിശേഖരിച്ചു. ഡബ്ലിൻ സ്വദേശിയായ ജോൺ കിർബിയാണ് വാഹനാപകടത്തിൽ മരിച്ചത്. ബിസിനസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദം നേടിയ 20 കാരൻ പിന്നീട് ജെ1 വിസയിൽ അമേരിക്കയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി യുവാവ് ഇവിടെയാണ് ഉള്ളത്. ഓസ്റ്റിനിൽവച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു കിർബി മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കവേ ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

Read More

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ മോഷണ കേസിലെ പ്രതിയ്ക്ക് തടവ് ശിക്ഷവിധിച്ച് കോടതി. 43 വയസ്സുള്ള ടിമോത്തി വാക്കറിനാണ് 15 വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 മെയ് 13 ന് ഇയാൾ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ബെൽഫാസ്റ്റിലെ ഹോളിവുഡ് റോഡിലെ മദ്യ ഷോപ്പിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. ഇതിൽ പിടിക്കപ്പെടുകയായിരുന്നു. അതേസമയം കൊലപാതക കേസിൽ ഉൾപ്പെടെ ഇയാൾ പ്രതിയാണ്. 2021 ഫെബ്രുവരിയിൽ ഡെനിസ് ഷെയറർ എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരികയാണ് വാക്കർ.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വയോധികന് നേരെയുണ്ടായ ആക്രമണത്തിൽ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്നാണ് പോലീസ് നിർദ്ദേശം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ ദൃക്‌സാക്ഷികൾ ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണം എന്നാണ് പോലീസ് നിർദ്ദേശിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരും എത്രയും വേഗം പോലീസിന് കൈമാറേണ്ടതാണ്. വെള്ളിയാഴ്ച പകൽ 3.45 ഓടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. അതിനാൽ ഈ സമയം ഫിൻഗ്ലാസ് വഴി കടന്ന് പോയവർ വാഹനത്തിന്റെ ഡാഷ് ക്യാം പരിശോധിക്കണം.

Read More

ഡബ്ലിൻ: ജനങ്ങൾക്കിടയിലെ പ്രീതി നഷ്ടപ്പെട്ട് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ജനപ്രീതി 11 പോയിന്റ് കുറഞ്ഞ് 33 ശതമാനം ആയി. ഐറിഷ് ടൈംസ്/ ഐപോസ് ബി &എയുടെ പുതിയ സർവ്വേയിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം പ്രതിപക്ഷ പാർട്ടി നേതാവ് മേരി ലൂ മക്‌ഡൊണാൾഡിന്റെ ജനപിന്തുണ വർധിച്ചിട്ടുണ്ട്. 39 ശതമാനം ആണ് സിൻ ഫെയിൻ നേതാവിന്റെ ജനപിന്തുണ. മൂന്ന് പോയിന്റിന്റെ വർധനവാണ് മേരിയുടെ ജനപിന്തുണയിൽ വന്നിരിക്കുന്നത്. ഫിയന്ന ഫെയിൽ നേതാവ് മൈക്കിൾ മാർട്ടിന് സമാനമായ രീതിയിൽ സൈമൺ ഹാരിസിന്റെ ജനപിന്തുണയും താഴ്ന്നിട്ടുണ്ട്. മൂന്ന് പോയിന്റെ താഴ്ന്ന് 35 ശതമാനം ആണ് നിലവിൽ അദ്ദേഹത്തിന്റെ ജനപിന്തുണ. നിലവിൽ ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവ് മേരിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആദ്യമായിട്ടാണ് മീഹോൾ മാർട്ടിന്റെ പിന്തുണ ഇത്രയേറെ കുറയുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിലെ കർഷകർക്ക് ആശ്വാസം. ഈ വർഷത്തെ ബേസിക് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയിനബിലിറ്റി (ആർഐഎസ്എസ്), കോംപ്ലിമെന്ററി റീഡിസ്ട്രിബ്യൂട്ടീവ് ഇൻകം സപ്പോർട്ട് ഫോർ സസ്‌റ്റെയ്‌നബിലിറ്റി (സിആർഐഎസ്എസ്) സ്‌കീമുകളുടെ മുൻകൂർ പേയ്‌മെന്റുകൾ കൈമാറാൻ ആരംഭിച്ചു. കൃഷി മന്ത്രി മാർട്ടിൻ ഹേയ്ഡൻ ആണ് ഇക്കാര്യം അറിയിച്ചത്. വടക്ക്- പടിഞ്ഞാറൻ മേഖലയിലെ കർഷകർക്കുള്ള സഹായമാണ് വിതരണം ചെയ്തിരിക്കുന്നത്. സ്ലൈഗോ, ലെയ്ട്രിം, ഡൊണഗൽ എന്നീ മേഖലകളിലെ കർഷകർക്കായി 53.1 ദശലക്ഷം യൂറോ ആണ് വിതരണം ചെയ്യുന്നത്. ഡൊണഗലിൽ 7,701 ഹെർഡുകൾക്ക് 29.4 ദശലക്ഷം യൂറോയും സ്ലൈഗോയിൽ 3,545 ഹെർഡുകൾക്ക് 12.8 ദശലക്ഷം യൂറോയും വിതരണം ചെയ്യും. ഇതിന് പുറമേ ലെയ്ട്രിമിൽ 3,153 ഹെർഡുകൾക്ക് 10.9 ദശലക്ഷം യൂറോ ആണ് വിതരണം ചെയ്യുക.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടം. 70 വയസ്സുകാരി മരിച്ചു. ടെമ്പിൾഗ്ലാന്റിനിലെ എൻ21 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട കാറുകളിൽ ഒന്ന് ഓടിച്ചിരുന്നത് 70 കാരിയാണ്. അപകടത്തിൽ 70 കാരിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ ഇവരെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അതേസമയം രണ്ടാമത്തെ വാഹനത്തിൽ ഉണ്ടായിരുന്ന 70 വയസ്സുകാരിയെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് നേരിയ ശമനം. ഉച്ചയ്ക്ക് ശേഷം വരണ്ടതും വെയിലുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാവിലെ സമയങ്ങളിൽ വടക്ക് കിഴക്കൻ ദിശയിൽ ശക്തമായ മഴ തുടരും. പിന്നീട് മഴയ്ക്ക് ശമനം ഉണ്ടാകുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. പല കൗണ്ടികളിലും രാവിലെ എട്ട് മണിയോടെ യെല്ലോ വാണിംഗ് പിൻവലിച്ചിട്ടുണ്ട്. മുൻസ്റ്ററിൽ ആകും ഇനിയുള്ള മണിക്കൂറിൽ അതിശക്തമായ മഴ ഉണ്ടാകുക. ശക്തമായ ഇടിമിന്നലും ഉണ്ടാകും. അന്തരീക്ഷ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി തെളിഞ്ഞ കാലാവസ്ഥയാകും പൊതുവെ അനുഭവപ്പെടുക. മഴയും ഉണ്ടാകും. രാജ്യത്ത് തെക്കൻ മേഖലയിൽ ആയിരിക്കും രാത്രി കനത്ത മഴ അനുഭവപ്പെടുക.

Read More

അർമാഗ്: കൗണ്ടി അർമാഗിൽ ഫ്‌ളാറ്റിൽ തീപിടിത്തം. ക്ലൂഡീ ടെറസിൽ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റിൽ അകപ്പെട്ട മൂന്ന് പേരെ അതിസാഹസികമായി അഗ്നിശമന സേനാംഗങ്ങൾ രക്ഷിച്ചു. ഫ്‌ളാറ്റിന്റെ താഴത്തെ നിലയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവ സമയം നിരവധി പേർ ഈ ഫ്‌ളോറിന് മുകളിലായി ഉണ്ടായിരുന്നു. സംഭവം കണ്ട ഉടൻ ആളുകൾ വിവരം അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. ഉടനെ അധികൃതർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിലെ പുകയെ തുടർന്ന് ആയിരുന്നു മൂന്ന് പേർ മുകളിലെ ഫ്‌ളോറിൽ കുടുങ്ങിയത്. ശാരീരിക ബുദ്ധിമുട്ട് നേരിട്ട ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും കാണാതായ പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പോലീസ്. പെൺകുട്ടിയെ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിച്ചത്. പെൺകുട്ടി സുരക്ഷിതയാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ 11 ന് ആയിരുന്നു 17 കാരിയായ ജെന്നിഫറിനെ കാണാതെ ആയത്.

Read More