ന്യൂഡൽഹി : മതനിന്ദ ആരോപിച്ച് ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ് . അതിന് പിന്നാലെ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചുവരികയാണ്. ഇന്ത്യൻ അധികൃതർ ബംഗ്ലാദേശ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യുവാവിനെ കൊലപ്പെടുത്തിയവരെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒപ്പം ഇന്ത്യയിലെ പ്രമുഖരും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നടി കാജൽ അഗർവാളും തന്റെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്.
‘ ഹിന്ദുക്കളേ ഉണരൂ . നിശബ്ദത നിങ്ങളെ രക്ഷിക്കില്ല” എന്ന വാക്കുകൾക്കൊപ്പം “എല്ലാ കണ്ണുകളും ബംഗ്ലാദേശിലേയ്ക്ക് “ എന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. സംഭവത്തിൽ തന്റെ വേദനയും ആശങ്കയും വ്യക്തമായി പ്രകടിപ്പിച്ചുകൊണ്ട് തകർന്ന ഹൃദയത്തിന്റെയും, സങ്കടത്തിന്റെയും ഇമോജികളും കാജൽ ചേർത്തിട്ടുണ്ട്.
വ്യാഴാഴ്ചയാണ് മൈമെൻസിങ് ജില്ലയിലെ ബലൂക്കയിൽ ദീപു ചന്ദ്ര ദാസിനെ (25) ജനക്കൂട്ടം മർദ്ദിച്ച് കൊന്നത്. തുടർന്ന് മൃതദേഹം വികൃതമാക്കി, മരത്തിൽ കെട്ടിത്തൂക്കി, തീകൊളുത്തി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

