കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് പരോൾ അനുവദിച്ചത് . ഇരുവർക്കും 15 ദിവസത്തെ പരോളാണ് അനുവദിച്ചത് . പരോൾ അനുവദിക്കുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
കേസിലെ നാലാം പ്രതിയായ ടി കെ രജീഷിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ ലഭിച്ചു. ജനുവരി 10 ന് രജീഷ് ജയിലിലേക്ക് മടങ്ങണം. കണ്ണൂർ സ്വദേശിയായ രജീഷ് എറണാകുളം വിലാസമാണ് ജയിലിൽ നൽകിയത് . അതിനാൽ, എറണാകുളം വിട്ട് പോകരുതെന്നാണ് പരോൾ വ്യവസ്ഥ. മൂന്ന് മാസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്.
കേസിലെ പ്രതിയായ കൊടി സുനിക്ക് ഏഴ് മാസത്തിനിടെ 60 ദിവസത്തെ പരോള്‍ ലഭിച്ചു. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ ജയിലിലെ ഡിഐജി വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതിന് തെളിവുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് പരോളിനായി ഡിഐജി വിനോദ് കുമാര്‍ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായും ജയിലില്‍ അവര്‍ക്ക് അധിക സൗകര്യങ്ങള്‍ ഒരുക്കിയതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

