ഡബ്ലിൻ: താല ആക്രമണത്തിന് പിന്നാലെ തുറന്ന കത്തുമായി മലയാളിയും ഫിൻഗെയ്ൽ പാർട്ടി അംഗവുമായ അജു സാമുവൽ. ഇന്ത്യക്കാരൻ ആക്രമിക്കപ്പെട്ട സംഭവം വളരെ ദു:ഖമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെയും വിവിധ രാഷ്ട്രീയ പാർട്ടികളെയും അഭിസംബോധന ചെയ്തുകൊണ്ടാണ് അജു സാമുവലിന്റെ കത്ത്.
തകർന്ന മനസോടെയാണ് താൻ ഈ കത്ത് എഴുതുന്നത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ദു:ഖം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിനോടും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനോടും രാഷ്ട്രീയ നേതാക്കളോടും ആവശ്യപ്പെടുന്നു. ഈ രാജ്യത്തിന് വേണ്ടി സംഭാവന നൽകുന്നതിനാണ് തങ്ങൾ അയർലന്റിൽ എത്തിയത്. ഈ നാട്ടിലെ നിയമങ്ങളെയും സംസ്കാരത്തെയും ബഹുമാനിക്കുന്നു. ശരിയായ മാർഗ്ഗങ്ങളിലൂടെയാണ് ഇന്ത്യക്കാർ ഇവിടയെത്തിയത്.
സമാധാനത്തോടെ ജീവിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നത്. ആരും ഭയത്തോടെ നടക്കാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നാടായി അയർലന്റ് മാറുമെന്ന് ഉറപ്പിക്കാൻ ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കത്തിൽ കുറിച്ചിട്ടുണ്ട്.

