ധാക്ക : ബംഗ്ലാദേശിൽ അക്രമം തുടരുന്നു. ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് ശേഷം, നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി (എൻസിപി) ഖുൽന മേധാവി മൊട്ടാലെബ് സിക്ദറിന് നേരെ അജ്ഞാതർ വെടിയുതിർത്തു . സോണദംഗ പ്രദേശത്ത് വച്ച് പട്ടാപ്പകലാണ് സിക്ദറിന് വെടിയേറ്റത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണ് . സിക്ദറിനെ ഖുൽന മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ പ്രതിഷേധങ്ങളെ തുടർന്നാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി രൂപീകരിച്ചത്. ഹസീനയ്ക്കെതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരും ഈ പാർട്ടിയിൽ ഉൾപ്പെടുന്നു. ധാക്ക സർവകലാശാലയിലെ നിരവധി വിദ്യാർത്ഥികൾ ഈ പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബംഗ്ലാദേശിൽ ആദ്യമായിട്ടാണ് ഈ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഖുൽനയിൽ പാർട്ടിക്കുവേണ്ടി ഡിവിഷണൽ ലേബർ റാലി സംഘടിപ്പിക്കുന്നതിനായി മൊട്ടാലെബ് സിക്ദർ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് ആക്രമണം നടന്നത്. സിക്ദറിന്റെ തലയുടെ ഇടതുവശത്താണ് വെടിയേറ്റത്.

