Author: sreejithakvijayan

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി റെവന്യൂ വകുപ്പ്. ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സാധനങ്ങൾ വാങ്ങുമ്പോൾ നികുതി സംബന്ധിച്ച കാര്യങ്ങൾ കൃത്യമായി ഉറപ്പുവരുത്തണമെന്ന് റെവന്യൂവകുപ്പ് അറിയിക്കുന്നു. സാധനത്തിന്റെ പരസ്യവിലയിൽ എല്ലാ നികുതിയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അല്ലെങ്കിൽ സാധനങ്ങൾ അയർലൻഡിലേക്ക് കൊണ്ടുവരുന്നതിന് വലിയ തുക ചിലവാകും. അതുകൊണ്ട് തന്നെ ബ്ലാക്ക് ഫ്രൈഡേ, സൈബർ മൺഡേ ഓഫറുകളിൽ സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ വിലയിൽ എല്ലാ നികുതികളും ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം കൊടുംതണുപ്പ്. രാത്രി കാലങ്ങളിൽ രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. തണുത്ത കാറ്റും ഈ വാരം അനുഭവപ്പെടും. ഈ വാരം പൊതുവെ നല്ല തെളിഞ്ഞ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. തണുത്ത കാറ്റും നേരിയ ചാറ്റൽ മഴയും തണുപ്പ് ശക്തമാക്കും. അതേസമയം പകൽ സമയം ചെറിയ തോതിൽ വെയിലും ലഭിച്ചേക്കാം. ഇന്ന് പകൽ പൊതുവെ അന്തരീക്ഷ താപനില ഉയർന്ന് നിൽക്കും. ഏഴ് മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില. വൈകുന്നേരം തണുത്ത കാറ്റും ഉണ്ടാകും.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ കടയിലേക്ക് കാർ ഇടിച്ച് കയറി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവറും അവിടെയുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡാമേ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന സെൻട്ര എന്ന കടയിലേക്ക് ആയിരുന്നു കാർ ഇടിച്ച് കയറിയത്. സംഭവ സമയം ഇവിടെ നിരവധി പേർ ഉണ്ടായിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല. ഇടിയുടെ ആഘാതത്തിൽ കാറിനും കടയ്ക്കും സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കാർ ഓടിച്ചിരുന്ന ഡ്രൈവറിൽ നിന്നും മൊഴിയെടുക്കുകയാണ് പോലീസ്. മറ്റ് വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.

Read More

ഓഫ്‌ലേ: കൗണ്ടി ഓഫ്‌ലേയിൽ അമ്മയെ ആക്രമിച്ച പ്രതിയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. 34 കാരനായ ജാമി മർഫിയ്ക്കായി ഡബ്ലിൻ ജില്ലാ കോടതി ജാമ്യം നിഷേധിച്ചത്. ഇതോടെ ഇയാൾ കസ്റ്റഡിയിൽ തുടരും. വെള്ളിയാഴ്ച രാത്രിയായിരുന്നു ജാമി 50 വയസ്സുള്ള അമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ അമ്മയുടെ മൂക്കിന് സാരമായി പരിക്കേറ്റു. തലകൊണ്ട് യുവാവ് അമ്മയുടെ മൂക്കിൽ ഇടിയ്ക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ ഇയാൾ ഇവിടെ നിന്നും കടന്ന് കളഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസാണ് സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ യുവാവിനെ പിടികൂടുകയായിരുന്നു.

Read More

ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേ വീക്കെൻഡിൽ അധിക പണം ചിലവഴിക്കാൻ മടിച്ച് ഐറിഷ് ജനത. മുൻ വർഷത്തേതിന് സമാനമോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമേ ഇക്കുറി ആളുകൾ ചിലവഴിക്കുള്ളൂവെന്നാണ് സർവ്വേയിൽ നിന്നും വ്യക്തമാകുന്നത്. ഏകദേശം മുക്കാൽ ശതമാനം ആളുകളുടെയും തീരുമാനം ഇതാണ്. PwC ആണ് ഗവേഷണം നടത്തിയത്. സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും കഴിഞ്ഞ തവണത്തെ തുകയോ അല്ലെങ്കിൽ അതിൽ കുറവോ മാത്രമാകും ചിലവഴിക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 64 ശതമാനം പേരായിരുന്നു പണം ചിലവിട്ടത്. ഇക്കുറി ഉപഭോക്താക്കൾ 283 യൂറോ ചിലവഴിക്കും എന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഇത് 329 യൂറോ ആയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ യൂറോപ്യൻ യൂണിയൻ മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ. യൂറോപ്യൻ യൂണിയൻ കുടിയേറ്റ ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച. ഇതിനായി മാഗ്നസ് ബ്രണ്ണർ ഡബ്ലിനിൽ എത്തും. സിറ്റിവെസ്റ്റിലെ റിസപ്ഷൻ സെന്റർ ബ്രണ്ണർ സന്ദർശിക്കും. സുരക്ഷാ സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബ്രണ്ണർ മുതിർന്ന ഗാർഡ ഉദ്യോഗസ്ഥരുമായും ക്രിമിനൽ അസറ്റ്‌സ് ബ്യൂറോയുടെയും സംഘടിത കുറ്റകൃത്യങ്ങളുടെയും തലവനുമായും കൂടിക്കാഴ്ച നടത്തും. കുടിയേറ്റ വിഷയത്തിൽ അദ്ദേഹം സമീപ ആഴ്ചകളിൽ 27 അംഗരാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.

Read More

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡബ്ലിൻ സ്വദേശികളായ കോനൻ കാവനാഗ്, എമിലി കാത്ത്കാർട്ട്, മീത്ത് സ്വദേശിയായ കാസ്പർ സ്ട്രാറ്റ എന്നിവരാണ് കേസിലെ പ്രതികൾ. അതിക്രമിച്ച് കടക്കൽ, ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രധാന ഏപ്രണിലും ടാക്‌സിവേയിലും അതിക്രമിച്ച് കയറിയെന്നാണ് ഇവർക്കെതിരായ കുറ്റം. ഇതിന് പുറമേ എയർസൈഡ് എക്‌സിറ്റി ബാരിയറിന് ക്രിമിനൽ കേടുപാടുകൾ ഉണ്ടാക്കി, അമേരിക്കൻ നേവി റിസർവിന്റെ ബോയിംഗ് 737 വിമാനത്തിന് നാശനഷ്ടം ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഉദ്യോഗസ്ഥനായ കോൾം മോറിയാർട്ടി ഇവർക്കെതിരായ കുറ്റങ്ങൾ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കുറ്റങ്ങൾ ചുമത്തിയത്.

Read More

ഡബ്ലിൻ: എടിഎമ്മുകളുമായി ബന്ധപ്പെട്ടുള്ള പുതിയ നിയമം അയർലൻഡിൽ ഈ വാരം നിലവിൽ വരും. ധനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിൽ ധനകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും എടിഎം മെഷീനുകൾ സ്ഥാപിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം സൈമൺ ഹാരിസ് നടപ്പിലാക്കുന്ന ആദ്യ നടപടിയാണ് ഇത്. പുതിയ നിയമം ഈ വാരം തന്നെ നടപ്പിലാക്കുന്നത് സംബന്ധിച്ച ഉത്തരവിൽ അദ്ദേഹം ഇന്ന് തന്നെ ഒപ്പുവയ്ക്കും. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു ഇത് സംബന്ധിച്ച നിയമം ഒയിറിയാച്ച്ടാസ് പാസാക്കിയത്.

Read More

ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അംഗോളയിൽ. യൂറോപ്യൻ യൂണിയൻ – ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അംഗോളയിൽ എത്തിയത്. ആഫ്രിക്കൻ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി യൂറോപ്യൻ കൗൺസിലിന്റെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുക്രെയ്ൻ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൗൺസിൽ യോഗം ചേരുന്നത്. അതേസമയം ജൊഹന്നസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയ്ക്ക് ശേഷം യൂറോപ്യൻ നേതാക്കൾ ലുവാണ്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അടുത്ത രണ്ട് ദിവസം ഇവിടെ തുടരുന്ന നേതാക്കൾ ആഫ്രിക്കൻ പ്രതിനിധികളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സുരക്ഷ, വ്യാപാരം, ഊർജ്ജം, കുടിയേറ്റം തുടങ്ങിയവ ചർച്ചാ വിഷയമാകും.

Read More

കോർക്ക്: കോർക്ക് സിറ്റിയിൽ കുത്തേറ്റു മരിച്ച 59 കാരിയുടെ മൃതദേഹം നാളെ സംസ്‌കരിക്കും. ബ്ലാക്ക്‌റോക്കിലെ സെന്റ് മൈക്കിൾസ് സെമിത്തേരിയിലാണ് മുൻ കെമിക്കൽ എൻജിനീയറും ബാലിൻസ്പിറ്റിൽ സ്വദേശിനിയുമായ സ്‌റ്റെല്ല ഗല്ലഗറിന്റെ മൃതദേഹം സംസ്‌കരിക്കുക. സംസ്‌കാരത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷകൾ ഇന്ന് വൈകീട്ടും നാളെയുമായി നടക്കും. കോർക്കിലെ ബോറീൻമണ്ണ റോഡിലുള്ള ടെമ്പിൾ ഹിൽ ഫ്യൂണറൽ ഹോമിൽ ഇന്ന് വൈകീട്ട് 5 മണി മുതൽ 6 മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. പ്രത്യേക ശുശ്രൂഷകളും നടക്കും. നാളെ രാവിലെ 11 മണിയോടെ മൃതദേഹം ബാലിൻലോവിലെ അവർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ എത്തിയ്ക്കും. ഇവിടെ ദിവ്യബലി നടക്കും. ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ശേഷം വൈകീട്ടോടെ മൃതദേഹം സംസ്‌കരിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്‌റ്റെല്ല കുത്തേറ്റ് മരിച്ചത്.

Read More