തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, തന്റെ ആസ്തികൾ മുഴുവൻ വെളിപ്പെടുത്തിയിട്ടില്ല എന്ന കോൺഗ്രസിന്റെ ആരോപണത്തിന് പരിഹാസം കലർന്ന മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ളതും ഏറ്റവും വലുതുമായിരുന്ന രാഷ്ട്രീയ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയോർത്ത് സഹതാപം തോന്നുന്നു. ഇന്ന് നുണകൾ വിറ്റാണ് അവർ പിടിച്ച് നിൽക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
തകർന്ന് കൊണ്ടിരിക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമായ സിപിഎമ്മുമായി ബിജെപി ഡീൽ ഉണ്ടാക്കി എന്നതാണ് കോൺഗ്രസിന്റെ പുതിയ നുണ. അത് ചിലവാകാതെ വന്നപ്പോൾ അവർ എനിക്ക് എതിരായ പഴയ ചീറ്റിപ്പോയ നുണകൾ പൊടിതട്ടി എടുക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും അവർ ഇത് തന്നെ പറഞ്ഞു. അദ്ദേഹം ചൂണ്ടിക്കാട്ടി.
അവർ എന്റെ ആദായ നികുതിയെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. എന്റെ വീടിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ഫലപ്രദമായ നയങ്ങൾ അവതരിപ്പിക്കുന്നതിന് പകരം അവർ ഇത്തരം നുണകൾ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.
എനിക്ക് അവരോട് പറയാനുള്ളത് ഇത്രമാത്രമാണ്. നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ എനിക്ക് എതിരെ ഇനിയും ആരോപണങ്ങൾ ഉന്നയിക്കുക. കഴിഞ്ഞ 15 വർഷമായി നിങ്ങൾ ഇത് തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങൾ എനിക്ക് നേരെ ചെളി വാരിയെറിയുന്നത് തുടരും തോറും, എന്റെ നിശ്ചയദാർഢ്യം വർദ്ധിച്ച് കൊണ്ടേയിരിക്കും. എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും തുറന്നവയും സുതാര്യമായവയുമാണ്. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

