കിള്ളിയാറ്റിന്റെയും , കരമനയാറ്റിന്റെയും സാമിപ്യം കൊണ്ട് മനോഹരമായ ഇടമാണ് വട്ടിയൂർകാവ്. ദിവാന്റെ എതിര്‍പ്പിനെയും നിരോധനത്തെയുമൊക്കെ മറികടന്ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ ചരിത്രസമ്മേളനം നടന്ന സ്ഥലം .ആ ചരിത്രം ഓർമിപ്പിക്കുന്ന സമ്മേളന സ്മാരകവും ഇവിടെ തലയുയർത്തി നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വട്ടിയൂർകാവുകാരുടെ രക്തത്തിൽ അലിഞ്ഞ് ചേർന്നതാണ് വിപ്ലവവും, രാഷ്ട്രീയവുമൊക്കെയെന്ന് നിസംശയം പറയാം.
തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2011ലെ പുനഃസംഘടനയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്. തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കുടപ്പനക്കുന്ന്, വട്ടിയൂർക്കാവ് എന്നീ ഗ്രാമപഞ്ചായത്തുകളും; തിരുവനന്തപുരം നഗരസഭയുടെ 13, 15 മുതൽ 25 വരെയും 31 മുതൽ 36 വരേയുമുള്ള വാർഡുകളും അടങ്ങിയതായിരുന്നു ഈ മണ്ഡലം.
പിന്നീട് രണ്ട് പഞ്ചായത്തുകളും നഗരസഭയിൽ ലയിച്ചു. അതോടെ 22 വാർഡുകൾ മണ്ഡലത്തിന്റെ ഭാഗമായി. മണ്ഡല പുനഃസംഘടനയ്ക്ക് മുൻപ് ഉള്ളൂർ, കടകംപള്ളി എന്നീ പഞ്ചായത്തുകൾ മാറ്റി. പകരം നഗരസഭയുടെ ഭാഗങ്ങളായിരുന്ന ശാസ്തമംഗലം, കുന്നുകുഴി, പാങ്ങോടിന്റെ ചില ഭാഗങ്ങൾ എന്നിവ പുതിയതായി ചേർത്തു. ഇടുങ്ങിയ റോഡുകൾ, ഗതാഗതക്കുരുക്ക്, മഴക്കാലത്തെ വെള്ളപ്പൊക്കം എന്നിവ ഈ മണ്ഡലത്തിന്റെ തീരാശാപമാണ്.
ഹൈന്ദവ വോട്ടർമാർക്ക് ഭൂരിപക്ഷമുള്ള ഇവിടെ ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ വിവിധ മേഖലകളിൽ ചിതറിക്കിടക്കുന്നു. സമീപ വർഷങ്ങളിൽ ഹിന്ദു വോട്ടർമാർക്കിടയിലെ ജാതി സമവാക്യങ്ങൾ രാഷ്ട്രീയമായി വലിയ പ്രാധാന്യം നേടിയിട്ടുണ്ട്. പരമ്പരാഗതമായി ഇടതുപക്ഷത്തെയോ കോൺഗ്രസിനെയോ പിന്തുണച്ചിരുന്ന ചില ജാതി വിഭാഗങ്ങൾക്കിടയിലുണ്ടായ മാറ്റം ബിജെപിക്ക് വലിയ അവസരങ്ങൾ നൽകി.
2011 ൽ കോൺഗ്രസിന്റെ കെ മുരളീധരനാണ് വട്ടിയൂർക്കാവിൽ ജനപ്രതിനിധിയായത്. അന്ന് പരാജയപ്പെട്ടത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ചെറിയാൻ ഫിലിപ്പും. 2016-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടന്നത്. യുഡിഎഫിനായി കെ. മുരളീധരനും ബിജെപിക്കായി കുമ്മനം രാജശേഖരനും എൽഡിഎഫിനായി ടി.എൻ. സീമയും ഏറ്റുമുട്ടി. അന്ന് വിജയം കെ. മുരളീധരനൊപ്പമായിരുന്നു.
കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയപ്പോൾ, ഇടതുപക്ഷ സ്ഥാനാർത്ഥി ടി.എൻ. സീമ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2019ൽ കെ മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചപ്പോൾ വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നു. അന്ന് വി.കെ.പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിനു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിനെ വീഴ്ത്തി . 2021ല്‍ കോണ്‍ഗ്രസിന്റെ വീണ എസ്.നായരെയും ഇപ്പോഴത്തെ മേയര്‍ വി.വി.രാജേഷിനെയും പരാജയപ്പെടുത്തിയാണ് പ്രശാന്ത് മണ്ഡലം നിലനിര്‍ത്തിയത്. 21,515 വോട്ടായിരുന്നു ഭൂരിപക്ഷം.
ഇത്തവണ എൻ ഡിഎ രംഗത്തിറക്കിയിരിക്കുന്നത് മുൻ ഡിജിപി ആർ. ശ്രീലേഖയെയാണ്. എൽ ഡി എഫിനായി വികെ പ്രശാന്തും, യുഡിഎഫിനായി കെ മുരളീധരനും അങ്കത്തട്ടിലുണ്ട്. ഹിന്ദു വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലത്തില്‍ നായര്‍ സമുദായമാണ് എണ്ണത്തില്‍ മുന്നില്‍. ഈഴവ, ദലിത് വിഭാഗങ്ങള്‍ക്കും സ്വാധീനമുണ്ട്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ 25 ശതമാനത്തോളം. മധ്യവർഗ വോട്ടർമാർക്കിടയിലും ജാതി സമവാക്യങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്ഥാനാർത്ഥികൾക്കാണ് വട്ടിയൂർകാവിൽ മേൽക്കൈ. കളിക്കാനറിയാവുന്നവരാണ് പോർവിളി മുഴക്കുന്നത് . വിജയം ആർക്കൊപ്പമെന്ന ആകാംക്ഷയിലാണ് കേരളം.

