ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഡബ്ലിൻ സ്വദേശികളായ കോനൻ കാവനാഗ്, എമിലി കാത്ത്കാർട്ട്, മീത്ത് സ്വദേശിയായ കാസ്പർ സ്ട്രാറ്റ എന്നിവരാണ് കേസിലെ പ്രതികൾ.
അതിക്രമിച്ച് കടക്കൽ, ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മൂന്ന് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രധാന ഏപ്രണിലും ടാക്സിവേയിലും അതിക്രമിച്ച് കയറിയെന്നാണ് ഇവർക്കെതിരായ കുറ്റം. ഇതിന് പുറമേ എയർസൈഡ് എക്സിറ്റി ബാരിയറിന് ക്രിമിനൽ കേടുപാടുകൾ ഉണ്ടാക്കി, അമേരിക്കൻ നേവി റിസർവിന്റെ ബോയിംഗ് 737 വിമാനത്തിന് നാശനഷ്ടം ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇന്നലെ രാത്രി പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഉദ്യോഗസ്ഥനായ കോൾം മോറിയാർട്ടി ഇവർക്കെതിരായ കുറ്റങ്ങൾ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് കുറ്റങ്ങൾ ചുമത്തിയത്.

