Author: sreejithakvijayan

ഡബ്ലിൻ: ശേഷി വർദ്ധിപ്പിച്ചതിന് പിന്നാലെ റയാൻഎയർ യാത്രികരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ മാസം 21.0 മില്യൺ ആളുകളാണ് ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റയാൻഎയറിന്റെ വിമാനങ്ങളിൽ സഞ്ചരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 20.5 മില്യൺ ആയിരുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനുള്ളിൽ എയർലൈനിന്റെ യാത്രക്കാരുടെ എണ്ണം 6 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ മാസം അവസാനം വരെ 203.6 ദശലക്ഷം പേരാണ് റയാൻഎയർ വിമാനത്തിൽ യാത്ര ചെയ്തത്. കഴിഞ്ഞ മാസം 6.9 മില്യൺ യാത്രികർ വിസ് എയറിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇത് 6.2 മില്യൺ ആയിരുന്നു. വിസ് എയർ യാത്രികരുടെ എണ്ണത്തിൽ 11 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി.

Read More

ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ കോപ്പിയടി വർദ്ധിച്ചു. കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 155 പരീക്ഷാ ഫലങ്ങളാണ് അധികൃതർ ഇക്കുറി തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫലം തടഞ്ഞുവച്ചവരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം 71 ഫലങ്ങൾ ആയിരുന്നു തടഞ്ഞുവച്ചത്. സ്റ്റേറ്റ് എക്‌സാമിനേഷൻസ് കമ്മീഷനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 155 ഫലങ്ങൾ സ്ഥിരമായി തടഞ്ഞുവച്ചതിന് പുറമേ മറ്റ് രണ്ട് ഫലങ്ങൾ താത്കാലികമായി തടഞ്ഞുവച്ചിട്ടുണ്ടെന്ന് എസ്ഇസി വക്താവ് പറഞ്ഞു. ഇത് സംബന്ധിച്ച് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വരികയാണ്. കഴിഞ്ഞ വർഷം 71 ഫലങ്ങൾ സ്ഥിരമായി തടയുകയും 43 ഫലങ്ങൾ താത്കാലികമായി തടയുകയും ചെയ്തു. ഏറ്റവുമൊടുവിലായി 105 ഫലങ്ങളാണ് തടഞ്ഞുവച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അയർലൻഡിൽ സ്‌കൂൾ സെക്രട്ടറിമാരുടെയും കെയർടേക്കർമാരുടെയും അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം അഞ്ചാം ദിനത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം സമരം സ്‌കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് സമരം. ഏകദേശം 2500 സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് പണിമുടക്ക് നടത്തുന്നത്. ഫോർസയിലെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. സമരത്തിന് മറ്റ് സ്‌കൂൾ ജീവനക്കാരിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് എന്ന് ഫോർസ അംഗം ആൻഡി പൈക്ക് പറഞ്ഞു. ഇതുവരെ ലഭിച്ച പിന്തുണയിൽ അതിയായ സന്തോഷമുണ്ട്. എന്നാൽ സമരം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടായിട്ടില്ല. അതിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: കുട്ടികളുടെ എഐ ചാറ്റ്‌ബോട്ട് ഉപയോഗത്തിൽ ആശങ്ക പ്രകടമാക്കി ചാരിറ്റി സംഘടന. കൃത്യമായ സുരക്ഷയില്ലാതെ കുട്ടികൾ ഇത് ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നാണ് ഓൺലൈൻ സുരക്ഷാ ചാരിറ്റിയായ സൈബർ സേഫ് കിഡ്‌സ് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇതിന് നിയന്ത്രണം വേണമെന്നും സൈബർ സേഫ് കിഡ്‌സ് ആവശ്യപ്പെടുന്നു. കുട്ടികളുടെ എഐ ചാറ്റ്‌ബോട്ട് ഉപയോഗം സംബന്ധിച്ച് അടുത്തിടെ ചാരിറ്റി സംഘടന ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. 8 നും 15 നും ഇടയിൽ പ്രായമുള്ള 9,000 കുട്ടികളിൽ ആയിരുന്നു ഗവേഷണം. ഇതിൽ ഭൂരിഭാഗം കുട്ടികളും എന്തെങ്കിലും ഒരു കാര്യത്തിനായി ചാറ്റ്‌ബോട്ടിന്റെ സേവനം തേടുന്നവരാണ്. ചില കുട്ടികൾ വിവര ശേഖരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണെങ്കിൽ മറ്റ് ചിലർ സംസാരിക്കുന്നതിനും ഉപദേശം തേടുന്നതിനും വേണ്ടിയാണ് ചാറ്റ്‌ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. എന്നാൽ സ്വകാര്യതാ ലംഘനം ഉൾപ്പെടെയുള്ള ദോഷങ്ങൾക്ക് ചാറ്റ്‌ബോട്ട് ഉപയോഗം വർദ്ധിക്കുന്നത് കാരണമായേക്കാമെന്നും സൈബർ സേഫ് കിഡ്‌സ് പറയുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ മുന്നേറ്റം. ഈ വർഷം ഇതുവരെ ഡീസൽ കാറുകളെക്കാൾ കൂടുതൽ ഇലക്ട്രിക് കാറുകളാണ് വിറ്റ് പോയത് എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ വിൽപ്പന നടത്തിയ കാറുകളിൽ 17.8 ശതമാനവും ഇലക്ട്രിക് കാറുകളാണ്. എട്ട് മാസത്തിനിടെ 17.3 ശതമാനം ഡീസൽ കാറുകൾ വിറ്റഴിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകളുടെ വിൽപ്പനയിൽ 37 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായാണ് വിൽപ്പന ഇത്രയും അധികം വർദ്ധിക്കുന്നത് എന്നും ശ്രദ്ധേയമാണ്. അടുത്തിടെയായി അയർലൻഡിലെ ജനങ്ങൾക്ക് ഇലക്ട്രിക് കാറുകളോടുള്ള പ്രിയം വർദ്ധിച്ചിരുന്നു. ഇതാണ് വിൽപ്പനയിലും പ്രതിഫലിച്ചത് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കുറഞ്ഞ വിലയിൽ കാറുകൾ ലഭിച്ചത് ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഉയരാൻ കാരണം ആയി. ഫോക്‌സ് വാഗൺ പോലുള്ള ബ്രാൻഡുകൾ മികച്ച ഓഫറുകൾ നൽകിയതും വിൽപ്പന ത്വരിതപ്പെടുത്തി. ഇതുവരെ 20,656 പുതിയ ഇലക്ട്രിക് കാറുകളാണ് വിൽപ്പന നടത്തിയത്.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നുള്ള മൂന്ന് വയസ്സുകാരന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടുവെന്നാണ് സൂചന. ഇതേ തുടർന്ന് ഡബ്ലിനിൽ ഒരു വീട്ടിൽ ഗാർഡ പരിശോധന ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന. മൂന്ന് വർഷം മുൻപാണ് കൈരാൻ ഡർണിനെ കാണാതെ ആയത് എന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും  ലഭിച്ചിരുന്നില്ല. പിന്നീട് കുട്ടി കൊല്ലപ്പെട്ടെന്ന നിഗമനത്തിലും പോലീസ് കേസ് അന്വേഷിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച കുട്ടിയുടെ വിശദാംശങ്ങൾ ഉപയോഗിച്ച് ഒരു സ്ത്രീ ചൈൽഡ് ബെനിഫിറ്റുകൾക്കായി അപേക്ഷ നൽകി. ഇതാണ് തിരോധാനത്തിൽ നിർണായക വഴിത്തിരിവ് ആയത്. കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ടുസ്ല അധികൃതരെ യുവതി ഓരോരോ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സംശയം തോന്നിയ അധികൃതർ ഗാർഡയെ വിവരം അറിയിച്ചു. ഇതോടെയാണ് കുട്ടി കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ അവശ്യസാധനങ്ങളുടെ വില വർദ്ധിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെയുണ്ടായ വിലക്കയറ്റം 1.8 ശതമാനം ആണെന്നാണ് യൂറോപ്യൻ യൂണിയന്റെ ഹാർമൊണൈസ്ഡ് ഇൻഡക്‌സ് ഓഫ് കൺസ്യൂമർ പ്രൈസസ് ( എച്ച്‌ഐസിപി) വ്യക്തമാക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില മാത്രം 5 ശതമാനം ഉയർന്നു. ഈ വർഷം ഓഗസ്റ്റിലേക്ക് എത്തുമ്പോൾ പണപ്പെരുപ്പം  0.2 ശതമാനം വർദ്ധിച്ചു. ഇതിൽ 0.4 ശതമാനം ഭക്ഷ്യവസ്തുക്കളുടെ മാത്രം വില വർദ്ധനവ് ആണ്. അതേസമയം ഊർജ്ജവിലയിൽ രാജ്യത്ത് കുറവുണ്ടായി. ഒരു മാസത്തിനിടെ ഊർജ്ജവിലയിൽ 0.3 ശതമാനം ആണ് കുറഞ്ഞത്. ഒരു വർഷത്തിനിടെ 0.1 ശതമാനവും കുറഞ്ഞു. ജൂലൈയിൽ നിന്നും ഓഗസ്റ്റിലേക്ക് എത്തുമ്പോൾ ഗതാഗതച്ചിലവ് 0.5 ശതമാനം കുറഞ്ഞു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഗതാഗതച്ചിലവിൽ 2.4 ശതമാനം കുറവ് ഉണ്ടായി.

Read More

ഡബ്ലിൻ: ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി സീൻ കെല്ലി. പാർട്ടിയ്ക്കുള്ളിൽ നിന്നും നാമനിർദ്ദേശം നൽകാൻ ആവശ്യമുള്ള പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിന് പിന്നാലെയാണ് നടപടി. മനസില്ലാ മനസ്സോടെയായിരുന്നു പിന്മാറ്റം. മുൻ പാർട്ടി ഡെപ്യൂട്ടി ലീഡർ ഹീതർ ഹംഫ്രീസിനെ കെല്ലി പിന്തുണച്ചു. പാർലമെന്ററിൽ പാർട്ടിയിൽ നിന്നും 20 പേരുടെ നാമനിർദ്ദേശം തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശം സമർപ്പിക്കാൻ ആവശ്യമാണ്. തിങ്കളാഴ്ചവരെ ഇത് നേടാൻ കഴിഞ്ഞില്ലെന്ന് സീൻ കെല്ലി വ്യക്തമാക്കി. 12 പേരുടെ പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. ഇതിന് പിന്നാലെ അദ്ദേഹം മത്സരത്തിനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ബാക്ടീരിയ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ ചീരയും മിക്‌സ്ഡ് ലീവ്‌സും തിരിച്ചുവിളിച്ചു. മക്കോർമാക്ക് ഫാമിലിയുടെ ഉത്പന്നങ്ങളാണ് വിപണിയിൽ നിന്നും തിരിച്ചു വിളിച്ചത്. ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ സാന്നിദ്ധ്യം ആണ് കണ്ടെത്തിയിരിക്കുന്നത്. ഐറിഷ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടേത് ആണ് നടപടി. മുകളിൽ പറഞ്ഞ ഉത്പന്നങ്ങൾ കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വിൽപ്പന നടത്തരുതെന്ന് കടകൾക്കും മുന്നറിയിപ്പ് ഉണ്ട്. അതേസമയം ലിസ്റ്റീരിയ ബാക്ടീരികളുടെ സാന്നിദ്ധ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം മിക്‌സ്ഡ് ലീവ്‌സ് തിരിച്ച് വിളിച്ചിരുന്നു. ചോയ്‌സ് മാർക്കെറ്റ് മിക്‌സ്ഡ് ലീവ്‌സിനെതിരെയാണ് നടപടി സ്വീകരിച്ചത്.

Read More

ഡബ്ലിൻ: ഓൾ അയർലൻഡ് ഷൈൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സീസൺ 2 ൽ ജേതാക്കളായി കോർക്ക് ലയൺസ് വോളിബോൾ ക്ലബ്ബ്. കെവിസി ഡബ്ലിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു കോർക്ക് ലയൺസിന്റെ വിജയം. ടൂർണമെന്റിലെ മുൻ ചാമ്പ്യൻമാർ കൂടിയാണ് കെവിസി ഡബ്ലിൻ. ടൈലെക്‌സിന്റെ 1001 യൂറോയും എവറോളിംഗ് ട്രോഫിയും ആയിരുന്നു ജേതാക്കൾക്ക് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ കെവിസി ഡബ്ലിന് 751 യൂറോയും ട്രോഫിയും സമ്മാനമായി നൽകി. 501 യൂറോയും ട്രോഫിയും ആയിരുന്നു മൂന്നാംസ്ഥാനക്കാരായ വോളിഗാർഡ് വോളിബോൾ ക്ലബ്ബിന് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 12 ടീമുകൾ ആയിരുന്നു ഏറ്റുമുട്ടിയത്. കോർക്ക് ലയൺസിന്റെ ബിബിൻ മികച്ച പ്ലേയർ ആയപ്പോൾ കോർക്ക് ലയൺസിന്റെ സാം മികച്ച സെറ്ററായി. വോളിഗാർഡിന്റെ ജൂലിയൻ ആണ് മികച്ച അറ്റാക്കർ.

Read More