ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നുള്ള മൂന്ന് വയസ്സുകാരന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടുവെന്നാണ് സൂചന. ഇതേ തുടർന്ന് ഡബ്ലിനിൽ ഒരു വീട്ടിൽ ഗാർഡ പരിശോധന ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.
മൂന്ന് വർഷം മുൻപാണ് കൈരാൻ ഡർണിനെ കാണാതെ ആയത് എന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കുട്ടി കൊല്ലപ്പെട്ടെന്ന നിഗമനത്തിലും പോലീസ് കേസ് അന്വേഷിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ആഴ്ച കുട്ടിയുടെ വിശദാംശങ്ങൾ ഉപയോഗിച്ച് ഒരു സ്ത്രീ ചൈൽഡ് ബെനിഫിറ്റുകൾക്കായി അപേക്ഷ നൽകി. ഇതാണ് തിരോധാനത്തിൽ നിർണായക വഴിത്തിരിവ് ആയത്. കുട്ടിയെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ടുസ്ല അധികൃതരെ യുവതി ഓരോരോ ന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. സംശയം തോന്നിയ അധികൃതർ ഗാർഡയെ വിവരം അറിയിച്ചു. ഇതോടെയാണ് കുട്ടി കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്.

