ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ കോപ്പിയടി വർദ്ധിച്ചു. കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് 155 പരീക്ഷാ ഫലങ്ങളാണ് അധികൃതർ ഇക്കുറി തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫലം തടഞ്ഞുവച്ചവരുടെ എണ്ണത്തിൽ ഇരട്ടിയോളം വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കോപ്പിയടി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം 71 ഫലങ്ങൾ ആയിരുന്നു തടഞ്ഞുവച്ചത്.
സ്റ്റേറ്റ് എക്സാമിനേഷൻസ് കമ്മീഷനാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. 155 ഫലങ്ങൾ സ്ഥിരമായി തടഞ്ഞുവച്ചതിന് പുറമേ മറ്റ് രണ്ട് ഫലങ്ങൾ താത്കാലികമായി തടഞ്ഞുവച്ചിട്ടുണ്ടെന്ന് എസ്ഇസി വക്താവ് പറഞ്ഞു. ഇത് സംബന്ധിച്ച് സ്കൂളുകളുമായി ബന്ധപ്പെട്ട് വരികയാണ്. കഴിഞ്ഞ വർഷം 71 ഫലങ്ങൾ സ്ഥിരമായി തടയുകയും 43 ഫലങ്ങൾ താത്കാലികമായി തടയുകയും ചെയ്തു. ഏറ്റവുമൊടുവിലായി 105 ഫലങ്ങളാണ് തടഞ്ഞുവച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു.

