ഡബ്ലിൻ: കുട്ടികളുടെ എഐ ചാറ്റ്ബോട്ട് ഉപയോഗത്തിൽ ആശങ്ക പ്രകടമാക്കി ചാരിറ്റി സംഘടന. കൃത്യമായ സുരക്ഷയില്ലാതെ കുട്ടികൾ ഇത് ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നാണ് ഓൺലൈൻ സുരക്ഷാ ചാരിറ്റിയായ സൈബർ സേഫ് കിഡ്സ് വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇതിന് നിയന്ത്രണം വേണമെന്നും സൈബർ സേഫ് കിഡ്സ് ആവശ്യപ്പെടുന്നു.
കുട്ടികളുടെ എഐ ചാറ്റ്ബോട്ട് ഉപയോഗം സംബന്ധിച്ച് അടുത്തിടെ ചാരിറ്റി സംഘടന ഗവേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. 8 നും 15 നും ഇടയിൽ പ്രായമുള്ള 9,000 കുട്ടികളിൽ ആയിരുന്നു ഗവേഷണം. ഇതിൽ ഭൂരിഭാഗം കുട്ടികളും എന്തെങ്കിലും ഒരു കാര്യത്തിനായി ചാറ്റ്ബോട്ടിന്റെ സേവനം തേടുന്നവരാണ്. ചില കുട്ടികൾ വിവര ശേഖരണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണെങ്കിൽ മറ്റ് ചിലർ സംസാരിക്കുന്നതിനും ഉപദേശം തേടുന്നതിനും വേണ്ടിയാണ് ചാറ്റ്ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. എന്നാൽ സ്വകാര്യതാ ലംഘനം ഉൾപ്പെടെയുള്ള ദോഷങ്ങൾക്ക് ചാറ്റ്ബോട്ട് ഉപയോഗം വർദ്ധിക്കുന്നത് കാരണമായേക്കാമെന്നും സൈബർ സേഫ് കിഡ്സ് പറയുന്നു.

