Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഇന്ത്യക്കാരിയായ യുവതി. സ്വാതി വർമ്മ എന്ന യുവതിയാണ് ഐറിഷ് വനിതയിൽ നിന്നും നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള യുവതിയുടെ വെളിപ്പെടുത്തൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയർലൻഡിലെ ഒരു ജിമ്മിന് സമീപത്തുവച്ച് രാത്രി 9 മണിയോടെയായിരുന്നു മോശം അനുഭവം ഉണ്ടായത് എന്നാണ് സ്വാതി വ്യക്തമാക്കുന്നത്. ആ സ്ത്രീ ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി ബാഡ്ജ് ധരിച്ചിരുന്നു. തന്റെ നേർക്ക് വന്ന സ്ത്രീ തന്നെ റോഡിൽ തടഞ്ഞുനിർത്തി മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു. നീ എന്തിനാണ് അയർലൻഡിൽ വന്നത് എന്നും, തിരിച്ച് ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന് അവർ ചോദിച്ചുവെന്നും സ്വാതി വ്യക്തമാക്കുന്നു. ഐറിഷ് യുവതി അധിക്ഷേപിക്കുന്ന വീഡിയോയും സ്വാതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

Read More

കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടത്തിൽ മരണം. 40 വയസ്സുളള യുവാവാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 40 കാരന് ജീവൻ നഷ്ടമായത്. ടെമ്പിൾമാർട്ടിനിലെ എൻ10 ൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ഇവരെ സെന്റ് ലൂക്ക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ പ്രദേശം അടച്ചിട്ടു.

Read More

ഡബ്ലിൻ: ഈ മാസത്തിലെ മലയാളം കുർബാന ( റോമൻ ) 19 ന്. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് കുർബാന നടക്കുക. കുർബാനയിൽ പങ്കെടുക്കാൻ എല്ലാവരെയും ബന്ധപ്പെട്ടവർ സ്വാഗതം ചെയ്തു. 19 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആയിരിക്കും കുർബാന ആരംഭിക്കുക.

Read More

ഡബ്ലിൻ: സമരം ചെയ്യാൻ ഉറപ്പിച്ച് മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ അംഗങ്ങളായ നഴ്സുമാരാണ് സമരം ചെയ്യുന്നത്. നവംബർ 3 മുതൽ സമരം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മതിയായ ജീവനക്കാർ ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. തുടക്കത്തിൽ വർക്ക് ടു റൂൾ രീതിയിൽ ആയിരിക്കും സമരം. പിന്നീട് സമരം കടുപ്പിക്കും. മതിയായ നഴ്‌സുമാർ ഇല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടാണ് നിലവിലെ ജീവനക്കാർ അനുഭവിക്കുന്നത്. അത്യാഹിത വിഭാഗത്തിൽ നിലവിൽ പത്ത് ഡബ്ല്യുടിഇ നഴ്സുമാരുടെ കുറവുണ്ട്. ജീവനക്കാരെ നിയമിക്കാൻ എച്ച്എസ്ഇയോട് ഐഎൻഎംഒ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയില്ലാത്തതിനെ തുടർന്നാണ് സമരം ചെയ്യാൻ തീരുമാനിച്ചത്.

Read More

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. 80 കാരിയായ മേരി മക്‌ഗോവനാണ് മരിച്ചത്. മൂന്ന് വർഷം മുൻപായിരുന്നു മേരി ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പ്രതിയായ റാമെൽട്ടൺ സ്വദേശി അലക്‌സ് ബെയ്‌ലിയ്ക്ക് കോടതി രണ്ടര വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2022 സെപ്തംബറിൽ ആയിരുന്നു മേരിയ്ക്ക് നേരെ ബെയ്‌ലിയുടെ ആക്രമണം ഉണ്ടായത്. ഡിമെൻഷ്യ ബാധിതയായ മേരി അർദ്ധരാത്രി 1 മണിയ്ക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാനെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങുകയായിരുന്നു. മേരിയെ വഴിയിൽവച്ച് ഒറ്റയ്ക്ക് കണ്ട ബെയ്‌ലി ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മേരിയ്ക്ക് അന്ന് മുതൽ വലിയ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

Read More

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റം സമ്മതിച്ചു. വെക്‌സ്‌ഫോർഡിലെ ന്യൂ റോസിലെ ലോവർ വില്യം സ്ട്രീറ്റിൽ താമസിക്കുന്ന മുഹമ്മദ് അൽ ഷേക്കർ അൽ തമീമി ആണ് എട്ട് വയസ്സുള്ള മാലിക നൂർ അൽ കട്ടീബിനെ കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചതായും കോടതിയിൽ ഇയാൾ വ്യക്തമാക്കി. 2024 ഡിസംബർ 1 ന് ആയിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെയും യുവതിയെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് കുട്ടിയ്ക്ക് സാരമായി പരിക്കേറ്റു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതിയുടെ ശിക്ഷാവിധി പിന്നീട് പ്രസ്താവിക്കും. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത.

Read More

ഡബ്ലിൻ: അയർലൻഡിൽ താത്കാലിക സംരക്ഷണം തേടുന്ന യുക്രെയ്ൻ പൗരന്മാരായ യുവതീ- യുവാക്കളുടെ എണ്ണത്തിൽ വർധന. 18 നും 22 നും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് പേരാണ് അയർലൻഡിൽ എത്തിയത്. 18 നും 22 നും ഇടയാൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് രാജ്യം വിടാൻ യുക്രെയ്ൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡിലേക്കുള്ള പലായനം വർധിച്ചത്. യുക്രെയ്ൻ സർക്കാരിന്റെ അനുമതിയ്ക്ക് പിന്നാലെ സെപ്തംബറിൽ 1794 പേർക്ക് അയർലൻഡിൽ താത്കാലിക സംരക്ഷണം ലഭിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 226 ശതമാനത്തിന്റെ വർധനവ് ഉണ്ട്. 2024 സെപ്തംബറിൽ 794 പേരാണ് അയർലൻഡിൽ എത്തിയത്. പുതുതായി എത്തുന്നവർക്ക് നിലവിൽ ചില നിയുക്ത താമസ കേന്ദ്രങ്ങളിൽ പരമാവധി 90 ദിവസം വരെ താമസിക്കാൻ അനുവാദമുണ്ട്, അതിനുശേഷം അവർ സ്വന്തം ക്രമീകരണങ്ങൾ ചെയ്യണം.

Read More

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗറിൽ ഹോസ്‌പൈപ്പിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കും. തിങ്കളാഴ്ച നിരോധനം നീക്കുമെന്നാണ് ഉയിസ് ഐറാൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ലഭിച്ച മഴയെ തുടർന്ന് ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് വർധിച്ച പശ്ചാത്തലത്തിലാണ് നിരോധനം നീക്കുന്നത്. അതേസമയം നിരോധനം നീക്കിയെങ്കിലും വെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴയിൽ ലൗഫ് ഓവലിൽ നേരിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും തടാകം പൂർണ സ്ഥിതിയിലാകാൻ സമയം എടുക്കുമെന്ന് ഉയിസ് ഐറാൻ അറിയിച്ചു. അതുകൊണ്ട് തന്നെ വെള്ളം ഉപയോഗിക്കുമ്പോൾ ജാഗ്രത വേണം. വേനൽക്കാലത്തും ശരത്കാലത്തും പെയ്യുന്ന മഴയെ ആശ്രയിച്ചാണ് തടാകത്തിലെ ജലനിരപ്പ് ഉണ്ടാകുകയെന്നും ഉയിസ് ഐറാൻ വ്യക്തമാക്കി.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് നിരീക്ഷണം കർശനമാക്കിയതാണ് നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ കാരണം ആയതെന്ന് ഗാർഡ കമ്മീഷണർ റിച്ചാർഡ്‌സൺ. പോലീസ് റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിയമലംഘകരെ കണ്ടെത്തുന്നതിനായി പോപ്പ് അപ്പ് ക്ലിനിക്കുകൾ സ്ഥാപിച്ചതുൾപ്പെടെയുള്ള നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഡബ്ലിൻ സിറ്റി ഹൈ വിസിബിലിറ്റി പോലീസിംഗ് പ്ലാനിന്റെ ഭാഗമായി ഡോക്ക്‌ലാൻഡ്‌സിൽ പോപ്പ് അപ്പ് ക്ലിനിക്കുകൾ സ്ഥാപിച്ചിരുന്നു. ഈ ക്ലിനിക്കുകൾ വഴി എളുപ്പത്തിൽ പൊതുജനങ്ങൾക്ക് പോലീസുമായി ബന്ധപ്പെടാം. തങ്ങളുടെ ഈ പ്രയത്‌നം പൂർണ വിജയമായി എന്നാണ് നിയമലംഘനങ്ങളിൽ പിടിക്കപ്പെടുന്നവരുടെ എണ്ണം വ്യക്തമാക്കുന്നത്. കുറ്റകൃത്യങ്ങൾ കുറയാൻ ഇത് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ വരും ദിവസങ്ങളിൽ കൂടി തുടരും. അടുത്ത വാരാന്ത്യം വരെ രാജ്യത്ത് മഴയുണ്ടാകില്ലെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ രാജ്യത്ത് മഴയുള്ള കാലാവസ്ഥ തുടരും. എന്നാൽ എത്രത്തോളം മഴ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുക. ചില മേഖലകളിൽ മൂടിക്കെട്ടിയ കാലാവസ്ഥയും മറ്റിടങ്ങളിൽ വെയിലും ഉണ്ടാകും. 11 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെയാകും അന്തരീക്ഷ താപനില രേഖപ്പെടുത്തുക. രാത്രി മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മഞ്ഞ് വീഴ്ചയും ചിലയിടങ്ങളിൽ ഉണ്ടാകാം.

Read More