ഡബ്ലിൻ: അയർലൻഡിൽ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഇന്ത്യക്കാരിയായ യുവതി. സ്വാതി വർമ്മ എന്ന യുവതിയാണ് ഐറിഷ് വനിതയിൽ നിന്നും നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള യുവതിയുടെ വെളിപ്പെടുത്തൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അയർലൻഡിലെ ഒരു ജിമ്മിന് സമീപത്തുവച്ച് രാത്രി 9 മണിയോടെയായിരുന്നു മോശം അനുഭവം ഉണ്ടായത് എന്നാണ് സ്വാതി വ്യക്തമാക്കുന്നത്. ആ സ്ത്രീ ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി ബാഡ്ജ് ധരിച്ചിരുന്നു. തന്റെ നേർക്ക് വന്ന സ്ത്രീ തന്നെ റോഡിൽ തടഞ്ഞുനിർത്തി മോശം ഭാഷയിൽ സംസാരിക്കുകയായിരുന്നു. നീ എന്തിനാണ് അയർലൻഡിൽ വന്നത് എന്നും, തിരിച്ച് ഇന്ത്യയിലേക്ക് പൊയ്ക്കൂടെ എന്ന് അവർ ചോദിച്ചുവെന്നും സ്വാതി വ്യക്തമാക്കുന്നു. ഐറിഷ് യുവതി അധിക്ഷേപിക്കുന്ന വീഡിയോയും സ്വാതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

