ഡബ്ലിൻ: അയർലൻഡിൽ താത്കാലിക സംരക്ഷണം തേടുന്ന യുക്രെയ്ൻ പൗരന്മാരായ യുവതീ- യുവാക്കളുടെ എണ്ണത്തിൽ വർധന. 18 നും 22 നും ഇടയിൽ പ്രായമുള്ള ആയിരക്കണക്കിന് പേരാണ് അയർലൻഡിൽ എത്തിയത്. 18 നും 22 നും ഇടയാൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് രാജ്യം വിടാൻ യുക്രെയ്ൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അയർലൻഡിലേക്കുള്ള പലായനം വർധിച്ചത്.
യുക്രെയ്ൻ സർക്കാരിന്റെ അനുമതിയ്ക്ക് പിന്നാലെ സെപ്തംബറിൽ 1794 പേർക്ക് അയർലൻഡിൽ താത്കാലിക സംരക്ഷണം ലഭിച്ചു. കഴിഞ്ഞ വർഷം സെപ്തംബർ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 226 ശതമാനത്തിന്റെ വർധനവ് ഉണ്ട്. 2024 സെപ്തംബറിൽ 794 പേരാണ് അയർലൻഡിൽ എത്തിയത്. പുതുതായി എത്തുന്നവർക്ക് നിലവിൽ ചില നിയുക്ത താമസ കേന്ദ്രങ്ങളിൽ പരമാവധി 90 ദിവസം വരെ താമസിക്കാൻ അനുവാദമുണ്ട്, അതിനുശേഷം അവർ സ്വന്തം ക്രമീകരണങ്ങൾ ചെയ്യണം.

