- ചുട്ടുപൊള്ളി അയർലൻഡ്; താപനിലയിൽ റെക്കോർഡ്
- 17 വയസ്സിൽ മരണം; റൊണൈഡ് മുറെയുടെ കൊലപാതകത്തിൽ അന്വേഷണം
- ഇന്ധനവിലയിൽ ആശ്വാസം; നികുതിയിളവ് തുടരും
- നാഷണൽ സിനിമാ വീക്കൻഡ്; നിവിൻ പോളി ചിത്രം കാണാം, വെറും 4 യൂറോയ്ക്ക്
- നഷ്ടമാകുക നൂറോളം തൊഴിലുകൾ; പ്രതിസന്ധിയിൽ ജീവനക്കാർ
- ഷാനനിനും ടൊറന്റോയ്ക്കുമിടയിൽ സർവ്വീസ്; പ്രഖ്യാപനവുമായി എയർ കാഡന
- ഐ ആം ഗെയിം അയർലൻഡിലും; പ്രദർശനം ആരംഭിച്ചു
- ട്രെയിനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം; 12 കാരന് ജീവൻ നഷ്ടമായി
ലേഖകന്‍: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ സ്‌പൈനൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡ് പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 104 പേരാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. ഇതിൽ മൂന്ന് കുട്ടികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയാകുന്നു. ജനുവരി മുതൽ 279 ശസ്ത്രക്രിയകൾ നടത്തി. ഇതേസമയം പുതുതായി 229 ശസ്ത്രക്രികൾ പട്ടികപ്പെടുത്തി. അതേസമയം കുട്ടികളുടെ എണ്ണം 150 ൽ താഴെ ആയത് വലിയ ആശ്വാസമാണ് നൽകുന്നത്. സ്‌കോളിയോസിസ്, സ്‌പൈന ബിഫിഡ എന്നിവ ബാധിച്ച കുട്ടികൾക്കുള്ള പരിചരണങ്ങൾക്കായുള്ള അവലോകനം തുടരുകയാണ്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഗാൽവേ: കൗണ്ടി ഗാൽവേയിൽ റെയിൽവേ സ്റ്റേഷനിൽവച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. 27 ഉം 25 ഉം വയസ്സുള്ളവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ആയിരുന്നു സിയാൻറ്റ് റെയിൽവേ സ്‌റ്റേഷനിൽ വച്ച് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഗാൽവേ ജില്ലാ കോടതിയിൽ ഇരുവരെയും വീഡിയോ ലിങ്ക് വഴി ഹാജരാക്കിയിരുന്നു. പ്രത്യേക സിറ്റിംഗിൽ ഇവർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ബലാത്സംഗ നിയമത്തിലെ 21ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ തടവിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. 39 വയസ്സുകാരൻ ആയിരുന്നു മരിച്ചത്. ഡബ്ലിനിലെ വീറ്റ്ഫീൽഡ് ജയിലിൽ ആയിരുന്നു സംഭവം. വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്ന് കൈവശംവച്ചതുമായി ബന്ധപ്പെട്ട കേസിൽ ആയിരുന്നു 39 കാരന് ശിക്ഷ വിധിച്ചത്. രണ്ട് വർഷവും ഒൻപത് മാസവും ആയിരുന്നു തടവായി വിധിച്ചിരുന്നത്. തുടർന്ന് ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. രണ്ട് പേരെ പാർപ്പിക്കാവുന്ന സെല്ലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. 39 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഡബ്ലിൻ: അയർലൻഡിൽ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ 780 വിദ്വേഷ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ൽ ഇത് 676 ആയിരുന്നു. വിദ്വേഷ കുറ്റകൃത്യങ്ങളിൽ ഏറ്റവും കൂടുതൽ വംശീയതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാണ്. വംശം, ലിംഗം, വൈകല്യം എന്നിവയുടെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളാണ് കൂടുതലും. പൊതുക്രമസമാധാനത്തെ ബാധിക്കുന്ന 32 ശതമാനം സംഭവങ്ങളാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 16 ശതമാനം ചെറിയ ആക്രമണങ്ങളും 13 ശതമാനം ക്രിമിനൽ നാശനഷ്ടങ്ങളും സംഭവിച്ചു.
ഡബ്ലിൻ: അയർലൻഡിൽ ടാക്‌സി ഡ്രൈവർമാർക്കെതിരായ പരാതികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം റെക്കോർഡ് പരാതികളാണ് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയ്ക്ക് ലഭിച്ചത്. അതേസമയം ഉടമകൾക്കുമേൽ ചുമത്തിയ പിഴകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ടാക്‌സി ഡ്രൈവർമാർക്കെതിരായ പരാതികളിൽ ആറ് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ആകെ 1,815 പരാതികളാണ് ലഭിച്ചത്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 106 പരാതികൾ കൂടുതലാണ്. യാത്രാ നിരക്കിനെക്കുറിച്ചുള്ള പരാതികളും തർക്കങ്ങളാണ് 54 ശതമാനവും, നിയമന കാര്യങ്ങളുമായി ബന്ധപ്പെട്ട് 22 ശതമാനം പരാതികളും ഡ്രൈവർമാരുടെ പെരുമാറ്റം സംബന്ധിച്ച് 20 ശതമാനം പരാതികളും ലഭിച്ചിട്ടുണ്ട്.
ബെൽഫാസ്റ്റ്: സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ രാജിവയ്ക്കണമെന്ന് ആവശ്യം. അൾസ്റ്റർ ഫാർമേഴ്‌സ് യൂണിയനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൗണ്ടി ടൈറോണിൽ 51 പശുക്കളെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റോർമോണ്ടിന് മുൻപിൽ കർഷകർ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. അതേസമയം യുഎഫ്‌യുമായുള്ള ഇടപെടൽ നടക്കുന്നതായി കൃഷിവകുപ്പിന്റെ ഓഫീസ് അറിയിച്ചു. കന്നുകാലി ഉടമയെ മൃഗങ്ങളെ വളർത്തുന്നതിൽ നിന്ന് അയോഗ്യനാക്കിയ കോടതി ഉത്തരവിനെത്തുടർന്ന്, ജൂണിൽ ഫൈവ്മൈൽടൗണിനടുത്തുള്ള ഹ്യൂമൻ സ്ലോട്ടർ ടീം 51 കന്നുകാലികളെ കൊന്നൊടുക്കിയിരുന്നു. ഇതിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഡബ്ലിൻ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കുള്ള പിന്തുണ പിൻവലിച്ച് അയർലൻഡ് ഫുട്‌ബോൾ അസോസിയേഷൻ (ഐഎഫ്എ). ബോർഡ് യോഗത്തിന് പിന്നാലെയാണ് പിന്തുണന പിൻവലിക്കാൻ തീരുമാനിച്ചത്. ഈ വർഷം ആദ്യം ആയിരുന്നു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജിയാനിയെ പിന്തുണച്ച് ഭരണസമിതി കത്ത് നൽകിയത്. ഇത് റദ്ദാക്കി ഫിഫയ്ക്ക് എഫ്‌ഐഎ കത്ത് നൽകി. പ്രസ്താവനയിലൂടെയാണ് എഫ്‌ഐഎ ഇക്കാര്യം അറിയിച്ചത്. ഫിഫ അയർലൻഡിന് നൽകുന്ന പിന്തുണയിൽ നന്ദിയുണ്ടെന്ന് എഫ്‌ഐഎ വ്യക്തമാക്കി. എന്നാൽ അടുത്ത കാലത്തായുള്ള സംഭവങ്ങൾ ഫിഫയുടെ ഭരണം, സുത്യാരത, കൂടിയാലോചന എന്നിവയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ എഫ്‌ഐഎ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം 3.4 ശതമാനത്തിൽ തന്നെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കുറി വിദ്യാഭ്യാസ ചിലവും വസ്ത്രങ്ങളുടെ വിലയിലും വലിയ വർധനവ് ഉണ്ടായി. ഇതാണ് പണപ്പെരുപ്പം താഴാതെ സ്ഥിരത പുലർത്താൻ കാരണമായത്. ഈ വർഷം ജൂലൈ വരെയുള്ള 12 മാസങ്ങളിലെ പണപ്പെരുപ്പ നിരക്കാണ് ഇത്. ജൂണിൽ വാർഷിക പണപ്പെരുപ്പം എന്നത് 3.4 ശതമാനം ആയിരുന്നു. എന്നാൽ മാസാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ വിലകളിൽ 0.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ ചിലവിൽ വലിയ വർധനവ് ഉണ്ടായി. 0.8 ശതമാനം ആയിരുന്നു വർധിച്ചത്. വിനോദം, കായികം, സാംസ്‌കാരികം എന്നീ മേഖലകളിൽ 2.7 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.
ഡബ്ലിൻ: അയർലൻഡിൽ വിൽപ്പന നടത്തുന്ന സിഗരറ്റുകളിൽ പകുതിയിലധികവും തീരുവ അടയ്ക്കാത്തവ. ജപ്പാൻ ടുബാക്കോ ഇന്റർനാഷണൽ (ജെടിഐ) അയർലൻഡിന്റെ സർവ്വേയിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ. സർവ്വേയുടെ ഭാഗമായി അയ്യായിരം പാക്കറ്റുകൾ പരിശോധിച്ചു. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള സിഗരറ്റ് പാക്കറ്റുകൾ ആയിരുന്നു സർവ്വേയ്ക്കായി തിരഞ്ഞെടുത്തത്. തുടർന്ന് ഈ വർഷം ആദ്യം സർവ്വേ നടത്തുകയായിരുന്നു. ഇവയിൽ 57 ശതമാനം പാക്കറ്റുകളും നികുതി അടയ്ക്കാത്തവയാണ്. 14 ശതമാനവും വ്യാജ ഉത്പന്നമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡ് ഉടമകളുടെ അനുമതിയില്ലാതെ നിർമ്മിക്കുന്ന സിഗരറ്റുകളാണ് വ്യാജ സിഗരറ്റുകൾ.
മയോ: കൗണ്ടി മയോയിൽ ക്ലെയർ ദ്വീപിന് സമീപം കപ്പൽ അപകടത്തിൽപ്പെട്ടു. കടലിൽ കുടുങ്ങിയ 25 പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ഫ്രഞ്ച് രജിസ്‌ട്രേഷനിലുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. കപ്പൽ സഞ്ചരിക്കുന്നതിനിടെ ദിശമാറി ക്ലെയർ ദ്വീപിലെ മത്സ്യഫാമിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കപ്പലിലേക്ക് വെള്ളം കയറി. ഇതോടെ കപ്പലിൽ നിന്നും കോസ്റ്റ്ഗാർഡിന് വിവരം ലഭിക്കുകയായിരുന്നു. മാലിൻ ഹെജ് കോസ്റ്റ് ഗാർഡ് കോർഡിനേഷൻ സെന്ററിലേക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് സ്ലൈഗോ, അച്ചിൽ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
