ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പം 3.4 ശതമാനത്തിൽ തന്നെ തുടർന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കുറി വിദ്യാഭ്യാസ ചിലവും വസ്ത്രങ്ങളുടെ വിലയിലും വലിയ വർധനവ് ഉണ്ടായി. ഇതാണ് പണപ്പെരുപ്പം താഴാതെ സ്ഥിരത പുലർത്താൻ കാരണമായത്.
ഈ വർഷം ജൂലൈ വരെയുള്ള 12 മാസങ്ങളിലെ പണപ്പെരുപ്പ നിരക്കാണ് ഇത്. ജൂണിൽ വാർഷിക പണപ്പെരുപ്പം എന്നത് 3.4 ശതമാനം ആയിരുന്നു. എന്നാൽ മാസാടിസ്ഥാനത്തിൽ പരിശോധിക്കുകയാണെങ്കിൽ വിലകളിൽ 0.1 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി സിഎസ്ഒ ചൂണ്ടിക്കാട്ടുന്നു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയുടെ ചിലവിൽ വലിയ വർധനവ് ഉണ്ടായി. 0.8 ശതമാനം ആയിരുന്നു വർധിച്ചത്. വിനോദം, കായികം, സാംസ്കാരികം എന്നീ മേഖലകളിൽ 2.7 ശതമാനത്തിന്റെ വർധനവും ഉണ്ടായിട്ടുണ്ട്.

