Author: sreejithakvijayan

ഡബ്ലിൻ: കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ അയർലന്റ് ഏറെ പിന്നിൽ. ഉയർന്ന വരുമാനമുള്ള ലോകരാജ്യങ്ങളിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ ഏറ്റവും കുറവ് വരുത്തുന്ന മൂന്നാമത്തെ രാജ്യമാണ് അയർലന്റ്. ദി ലാൻസെറ്റ് ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. അയർലന്റിൽ 91 ശതമാനം കുട്ടികൾക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നത്. സമൂഹത്തിൽ ആർജ്ജിത പ്രതിരോധ ശേഷി കൈവരിക്കണമെങ്കിൽ 95 ശതമാനം കുട്ടികൾക്ക് എങ്കിലും വാക്‌സിൻ നൽകണം. നിലവിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ  ആറാമതാണ് അയർലന്റിന്റെ സ്ഥാനം. ഈ നില തുടർന്നാൽ 2030 ആകുമ്പോഴേയ്ക്കും 97.7 ശതമാനം കുട്ടികൾക്കും വാക്‌സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കാൻ അയർലന്റിന് കഴിയില്ലെന്നാണ് വിലയിരുത്തൽ.

Read More

കിൽഡെയർ: കിൽഡെയറിൽ യുവതിയെ തടവിൽ പാർപ്പിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. 30 വയസ്സുള്ള സ്ത്രീയും പുരുഷനുമാണ് അറസ്റ്റിലായത്. ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി. സെൽബ്രിഡ്ജിലെ കാസിൽടൗണിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പരാതി ലഭിച്ച പോലീസ് സംഭവത്തിൽ ഊർജ്ജിത അന്വേഷണം നടത്തുകയായിരുന്നു. സംഭവം അറിഞ്ഞ് രണ്ട് മണിക്കൂർ തികയുന്നതിന് മുൻപ് ആയിരുന്നു പ്രതികളുടെ അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: അയർലന്റിലെ ക്വാറികൾക്ക് മതിയായ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺക്രീറ്റ് വ്യവസായികൾ. ക്വാറി ഉത്പന്നങ്ങളുടെ ദൗർലഭ്യം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സർക്കാരിന്റെ നിർമ്മാണ പദ്ധതികൾ ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിടുമെന്നും ഐറിഷ് കോൺക്രീറ്റ് ഫെഡറേഷൻ വ്യക്തമാക്കി. നിലവിൽ ക്വാറി ഉത്പന്നങ്ങൾക്ക് അയർലന്റിൽ ക്ഷാമം നേരിടുന്നുണ്ട്. കല്ല്, മണ്ണ്, ചരൽ എന്നിവയ്ക്ക് വരും വർഷങ്ങളിൽ വലിയ ദൗർലഭ്യം നേരിടേണ്ടിവരും. ഇത് പരിഹരിക്കണമെങ്കിൽ ക്വാറികൾക്ക് ആസൂത്രണ അനുമതി നൽകണം. സർക്കാരിന്റെ ഭവനപദ്ധതി ഉൾപ്പെടെ വലിയ തടസ്സം നേരിടുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

Read More

ഡബ്ലിൻ: അയർലന്റിൽ മഴയും വെയിലും ഇടലകർന്ന അസ്ഥിര കാലാവസ്ഥ തുടരുന്നു. ഇന്നും പകൽ വെയിലും നേരിയ മഴയും ലഭിക്കുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്ന് രാജ്യത്ത് 15 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും താപനില അനുഭവപ്പെടുക. പല സ്ഥലങ്ങളിലും രാവിലെ തന്നെ നേരിയ ചാറ്റൽ മഴ അനുഭവപ്പെടും. പിന്നീട് തെളിഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുക. അർദ്ധരാത്രിയോടെ മഴ ശക്തിപ്രാപിക്കാനാണ് സാദ്ധ്യത. നല്ല തണുത്ത കാറ്റും അനുഭവപ്പെടും.

Read More

ബെൽഫാസ്റ്റ്: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ1 ൽ ലോഫ്ബ്രിക്ലാൻഡിനും ബാൻബ്രിഡ്ജിനും ഇടയിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരാൾ ന്യൂറിയിലെ ഡെയ്സി ഹിൽ ആശുപത്രിയിലും മറ്റൊരാൾ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. സംഭവത്തിന് പിന്നാലെ വടക്ക് ഭാഗത്തേയ്ക്കുള്ള എ1 കാരിയേജ് വേ അടച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ മൂന്നിൽ ഒരു സ്ത്രീ മുൻ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നു. ഇത് സംബന്ധിച്ച് നിരവധി സഹായഭ്യർത്ഥനകളാണ് സ്ത്രീകളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ്‌ലൈൻ നമ്പറുകളിലക്ക് ലഭിച്ചത് എന്നാണ് വിമെൻസ് എയ്ഡ് വ്യക്തമാക്കുന്നത്. വാർഷിക റിപ്പോർട്ടിലാണ് സംഘടനയുടെ പരാമർശം. 50 വർഷത്തിനിടെ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച വർഷം ആയിരുന്നു 2024. 32,144 സ്ത്രീകളാണ് മുൻ പങ്കാളിയുടെ ആക്രമണത്തെ തുടർന്ന് സംഘടനയുമായി കഴിഞ്ഞ വർഷം സഹായത്തിനായി ബന്ധപ്പെട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശാരീരികമായ ആക്രമണം, ബലാത്സംഗം, സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തൽ, കുട്ടികളെ ഭീഷണിപ്പെടുത്തൽ എന്നിവയാണ് മുൻ പങ്കാളികളിൽ നിന്നും സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട 41,432 പരാതികൾ കഴിഞ്ഞ വർഷം വിമെൻസ് എയ്ഡിന് ലഭിച്ചു. കുട്ടികൾക്കെതിരായ പീഡനം സംബന്ധിച്ച 5,333 പരാതികളും ലഭിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലന്റിലെ പുതിയ കുട്ടികളുടെ ആശുപത്രി നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ അയർലന്റ് എന്ന് അറിയപ്പെടും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ കൊണ്ടുവന്ന നിർദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. നിർമ്മാണം പൂർത്തിയായ അയർലന്റിലെ ആദ്യ കുട്ടികളുടെ ആശുപത്രി അടുത്ത വർഷം തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപദേശക സമിതിയുമായുള്ള സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്ന പേര് നൽകാൻ തീരുമാനിച്ചത് എന്ന് സർക്കാർ വക്താവ് അറിയിച്ചു. നിർമ്മാണം ആരംഭിച്ചതിന് പിന്നാലെ ആശുപത്രിയ്ക്ക് ചരിത്രപുരുഷന്മാരുടെ പേര് നൽകണം എന്ന ആവശ്യം ഉയർന്നുവന്നിരുന്നു. ഡോ. കാതലീൻ ലിനിന്റെ പേര് നൽകണമെന്ന നിർദ്ദേശം ഉൾപ്പെടെ ആയിരുന്നു ഉയർന്നുവന്നത്.

Read More

ഡബ്ലിൻ: ആരോഗ്യപ്രവർത്തകരുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാനൊരുങ്ങി ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവും (എച്ച്എസ്ഇയും) സഹായം വാങ്ങുന്ന ഏജൻസികളും. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ യൂണിയനുകളുമായി ധാരണയിലെത്തി. ഇനി മുതൽ അയർലന്റിലെ ആരോഗ്യപ്രവർത്തകർ അധിക സമയം ജോലി ചെയ്യേണ്ടിവരും. എച്ച്എസ്ഇയുടെ കീഴിലെ ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കെല്ലാം ഈ നിബന്ധന ബാധകമാണ്. ദിവസേനയുള്ള പ്രവൃത്തി സമയം വർദ്ധിപ്പിച്ച് ഇവരുടെ സേവനം കൂടുതൽ ഫലപ്രദമാക്കുകയാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികൾ, കെയർ ഹോമുകൾ, സാമൂഹ്യ ആരോഗ്യസേവനങ്ങൾ എന്നിവയെല്ലാം ഈ പരിഷ്‌കാരത്തിന്റെ പരിധിയിൽ വരും.

Read More

ഡബ്ലിൻ: ഡബ്ലിൻ കൗണ്ടിയിൽ സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി വിലയിൽ വർദ്ധനവ്. ഇത്തരം വീടുകൾക്ക് 6 ലക്ഷം യൂറോയാണ് നിലവിലെ ശരാശരി വില. അയർലന്റിലാകമാനം വീടുകളുടെ അടിസ്ഥാന വില വർദ്ധിക്കുന്നതിനിടെ ആണ് സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും വർദ്ധനവ് ഉണ്ടാകുന്നത്. രാജ്യവ്യാപകമായി വിപണി മൂല്യം വർദ്ധിക്കുന്നതാണ് ഡബ്ലിനിലെ സെക്കന്റ് ഹാൻഡ് വീടുകളുടെ വിലയിലും പ്രതിഫലിച്ചിരിക്കുന്നത് എന്നാണ് സൂചന. ഡിഎൻജി നാഷണൽ പ്രൈസ് ഗേജ് പ്രകാരം, അയർലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ, ഒരു വീടിന്റെ ശരാശരി വില 31,3453 ആയി ഉയർന്നിട്ടുണ്ട്. ഈ വർഷം രണ്ടാംപാദത്തിൽ പുനർവിൽപ്പനയിൽ വീടുകളുടെ മൂല്യത്തിൽ 1 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2.5 ശതമാനമായിട്ടായിരുന്നു ശരാശരി മൂല്യം വർദ്ധിച്ചത്.

Read More

ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം. വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനലെ വീട്ടിൽ ആയിരുന്നു പരിശോധന. കഡാവർ നായ്ക്കളെ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കിയ ശേഷം വീട് നിലവിലെ താമസക്കാർക്ക് തിരികെ നൽകി. അതേസമയം പരിശോധനയിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 32 വർഷങ്ങൾക്ക് മുൻപായിരുന്നു അമേിക്കൻ സ്വദേശിനിയായ ആനി മക്കാരിക്കിനെ കാണാതെ ആയത്.

Read More