Author: sreejithakvijayan

ഡബ്ലിൻ: നദിയിലും ബീച്ചുകളിലും ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വാട്ടർ സേഫ്റ്റി അയർലന്റ്. അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കിടെ ആറ് കൗമാരക്കാരാണ് രാജ്യത്ത് മുങ്ങിമരിച്ചത്. വെള്ളത്തിൽ ഇറങ്ങുമ്പോഴും, സർഫിംഗ് പോലുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ജാഗ്രത വേണമെന്ന് ഐറിഷ് വാട്ടർ സേഫ്റ്റി ഡെപ്യൂട്ടി സിഇഒ റോഗർ സ്വീനി പറഞ്ഞു. വെള്ളത്തിൽ സമയം ചിലവഴിക്കുമ്പോൾ സുരക്ഷിതരായിരിക്കേണ്ട ആവശ്യത്തെക്കുറിച്ച് ഏവരും അറിഞ്ഞിരിക്കണം. കുട്ടികളെ ഇതേക്കുറിച്ച് ബോധമുള്ളവരാക്കണം. കുട്ടികളുമായി ബീച്ചിൽ എത്തുമ്പോൾ അവരെ പ്രത്യേകം ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ വരും ദിവസങ്ങളിൽ തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. മഴയും തണുത്ത കാറ്റും രാജ്യത്ത് അനുഭവപ്പെടും. അറ്റ്‌ലാന്റിക്കിന് മുകളിലായുള്ള ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായിട്ടാണ് രാജ്യത്ത് വീണ്ടും മഴയെത്തുന്നത്. ഇന്ന് രാവിലെ നല്ല വെയിലുള്ള വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വൈകീട്ടോടെ മഴ ലഭിക്കും. തീരമേഖലകളിൽ മൂടൽ മഞ്ഞും തണുത്ത കാറ്റും അനുഭവപ്പെടും. ഇന്ന് പകൽ സമയം താപനില 16 ഡിഗ്രി മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ വംശീയ കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. വെള്ളി, ഞായർ ദിവസങ്ങളിലായിട്ടാണ് ഇവർ അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 36 ആയി. 26 കാരനെ ആണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കലാപ കുറ്റം ആണ് ചുമത്തിയിരിക്കുന്നത്. 26 കാരനെ ഇന്ന് കോളെറൈൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. 42 ഉം 54 ഉം വയസ്സുള്ളവരാണ് കലാപവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച അറസ്റ്റിലായത്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി. കലാപത്തിന് നേതൃത്വം നൽകി, കലാപം പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.

Read More

കോർക്ക്: എയർ ഇന്ത്യ ദുരന്തത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ കോർക്കിലെത്തും. കോർക്കിലെ അഹാക്കിസ്ത മെമ്മോറിയലിലാണ് വാർഷിക ദു:ഖാചരണം നടക്കുക. അയർലന്റിനെ നടുക്കിയ എയർ ഇന്ത്യ ദുരന്തത്തിന്റെ 40ാം വാർഷികമാണ് നടക്കുന്നത്. 1985 ജൂൺ 13 ന് ആയിരുന്നു വിമാന ദുരന്തം ഉണ്ടായത്. ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് എയർ ഇന്ത്യ ഫ്‌ളൈറ്റ് 182 ആണ് തകർന്നത്. സംഭവത്തിൽ 329 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 268 പേർ കനേഡിയൻ പൗരന്മാരും 27 പേർ ബ്രിട്ടീഷ് പൗരന്മാരും 22 പേർ ഇന്ത്യൻ പൗരന്മാരുമായിരുന്നു.

Read More

ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിനിടെ ഇറാനിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിച്ച് അയർലന്റ് സർക്കാർ. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിൽ നിന്നും 15 പൗരന്മാരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി സൈമൺ ഹാരിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനിൽ നിന്നും ഇന്നലെ രാത്രിയാണ് ആളുകളെ ഒഴിപ്പിച്ചത്. ഇവർ ഉടൻ തന്നെ അയർലന്റിൽ എത്തിച്ചേരുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എത്രപേരാണ് ഇറാനിൽ നിന്നും എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഐറിഷ് പൗരന്മാരെ ഇരു രാജ്യങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. സംഘർഷം കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കൂടിയാണ് നടപടി.

Read More

ഡബ്ലിൻ: അയർലന്റിൽ 10 ൽ 6 ജീവനക്കാരും ഈ വർഷം ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. എഫ്ആർഎസ് റിക്രൂട്ട്മെന്റ് നടത്തിയ സർവ്വേയിലാണ് ജീവനക്കാർ ശമ്പളവർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമായത്. ഈ വർഷം ശമ്പളത്തിൽ 1 മുതൽ 3 ശതമാനത്തിന്റെവരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് ഭൂരിഭാഗം ജീവനക്കാരുടെയും പ്രതീക്ഷ. സർവ്വേയിൽ നാലിൽ ഒരാൾ ( 26 ശതമാനം) നാല് മുതൽ അഞ്ച് ശതമാനം വരെ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നു. ഇതേ സമയം 16 ൽ ഒരാൾ (6 ശതമാനം) ശമ്പളത്തിൽ 6 മുതൽ 10 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9 ൽ ഒരാൾ (11 ശതമാനം) ഇക്കുറി വേതന വർദ്ധനവ് ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നു. കിൽക്കെന്നിയിലെ ജീവനക്കാരാണ് ഈ വർഷം ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് കൂടുതലായി പ്രതീക്ഷിക്കുന്നത്. 69 ശതമാനം പേർ ശമ്പളം വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലിഗോയിലെ ജീവനക്കാരാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.

Read More

ഡബ്ലിൻ: കഴിഞ്ഞ വർഷം കനത്ത സാമ്പത്തിക നഷ്ടം നേരിട്ട് ബസ് ഐറാൻ. 4.2 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടായി എന്നാണ് ലേബർ കോടതിയിൽ ബസ് ഐറാൻ നൽകിയ വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഈ വർഷവും സമാനമായ സാമ്പത്തിക നഷ്ടം ബസ് ഐറാൻ പ്രതീക്ഷിക്കുന്നുണ്ട്. അഞ്ച് യൂണിയനിലെ 3,200 തൊഴിലാളികളും കമ്പനിയും തമ്മിൽ ശമ്പളവുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ട്. ഇത് കോടതിയിൽ എത്തിയതിന് പിന്നാലെയാണ് ബസ് ഐറാൻ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകൾ വെളിപ്പെടുത്തിയത്. എൻബിആർയു, സിപ്റ്റു, യുണൈറ്റ്, ടസ്സാ കണക്ട് സെക്യൂർഡ് എന്നീ തൊഴിലാളി യൂണിയനുകളിലെ തൊഴിലാളികളാണ് കോടതിയെ സമീപിച്ചത്. ഇവർക്ക് അടുത്ത വർഷം ഡിസംബർവരെ 6.7 ശതമാനം വർദ്ധനവോട് കൂടി സംയുക്തവേതനം 500 യൂറോ പേ വൗച്ചറിനൊപ്പം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

Read More

ഡബ്ലിൻ: ശിശു സംരക്ഷണത്തിനായി സർക്കാർ ആവിഷ്‌കരിച്ച പുതിയ ധനസാഹയ പദ്ധതിയുടെ ഗുണഭോക്താക്കളായത് 20,000 കുടുംബങ്ങൾ. ഫിൻ ഗെയ്ൽ ടിഡിയും സോഷ്യൽ പ്രൊട്ടക്ഷൻ ഒയിറിയാച്ച്ടാസ് കമ്മിറ്റി ചെയർപേഴ്സണുമായ ജോൺ പോൾ ഒഷിയ ആണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവച്ചത്. ഇതുവരെ 19,750 കുടുംബങ്ങൾക്ക് ഗ്രാന്റ് കൈമാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബജറ്റിലാണ് നവജാത ശിശു സംരക്ഷണത്തിന് വേണ്ടി ഗ്രാന്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇത്രയും കുടുംബങ്ങൾക്ക് സഹായം നൽകാൻ കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. ഒറ്റത്തവണയായി 280 യൂറോ ആണ് നവജാത ശിശുക്കളുടെ കുടുംബങ്ങൾക്ക് അനുവദിക്കുന്നത്. ഡബ്ലിനിലാണ് ഗ്രാന്റ് കൈപ്പറ്റിയ ഗുണഭോക്താക്കളുടെ എണ്ണം കൂടുതൽ ഉള്ളത്. ഇവിടെ 5327 കുടുംബങ്ങൾക്ക് ഗ്രാന്റ് ലഭിച്ചു. അതേസമയം ലെയ്ട്രിമിൽ 115 കുടുംബങ്ങൾക്കാണ് ഗ്രാന്റ് ലഭിച്ചത്.

Read More

ഡബ്ലിൻ: യൂറോപ്പിലെ ജയിലുകൾ നിറയുന്നു. അയർലന്റുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യൂറോപ്പിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഡാറ്റാബേസ് പ്രകാരം 2023 ൽ യൂറോപ്പിലെ ജയിൽ ജനസംഖ്യയിൽ 3.2 ശതമാനം വർദ്ധനവ് ഉണ്ടായി എന്നാണ് വ്യക്തമാകുന്നത്. 2023 ൽ 13 രാജ്യങ്ങളിലെ ജയിലുകളിൽ വലിയ തിരക്ക് ആയിരുന്നു അനുഭവപ്പെട്ടത്. 1993 നും 2023 നും ഇടയിൽ ആദ്യമായിട്ടാണ് ജയിലുകളിൽ ഇത്രയേറെ തിരക്ക് അനുഭവപ്പെട്ടത്. അയർലന്റിൽ ജയിലുകളിലെ പ്രതിസന്ധി രൂക്ഷമാകുന്നത് സംബന്ധിച്ച് ഇതിനോടകം തന്നെ നിരവധി വാർത്തകളും റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അയർലന്റിലെ ജയിലുകളുടെ പരമാവധിശേഷി 117 ശതമാനത്തിലേക്ക് എത്തിയിരുന്നു.

Read More

ഡബ്ലിൻ: ഷെൽബൺ എഫ്‌സി മാനേജർ ഡാമിയൻ ഡഫ് രാജിവച്ചു. ഞായറാഴ്ച രാവിലെ സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം സ്ഥാനം രാജിവയ്ക്കുന്നതായി വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാജി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡെറിയോട് 0-1 എന്ന നിലയിലാണ് ഷെൽബൺ എഫ്‌സി തോറ്റത്. ഇതിന് പിന്നാലെ ഡാമിയനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതാണ് അദ്ദേഹത്തെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചത്. നിലവിൽ ലീഗിൽ ആറാം സ്ഥാനത്ത് ആണ് ഷെൽബൺ.

Read More