ഡബ്ലിൻ: അയർലന്റിൽ മൂന്നിൽ ഒരു സ്ത്രീ മുൻ പങ്കാളിയുടെ ആക്രമണത്തിന് ഇരയാകുന്നു. ഇത് സംബന്ധിച്ച് നിരവധി സഹായഭ്യർത്ഥനകളാണ് സ്ത്രീകളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ്ലൈൻ നമ്പറുകളിലക്ക് ലഭിച്ചത് എന്നാണ് വിമെൻസ് എയ്ഡ് വ്യക്തമാക്കുന്നത്. വാർഷിക റിപ്പോർട്ടിലാണ് സംഘടനയുടെ പരാമർശം.
50 വർഷത്തിനിടെ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ച വർഷം ആയിരുന്നു 2024. 32,144 സ്ത്രീകളാണ് മുൻ പങ്കാളിയുടെ ആക്രമണത്തെ തുടർന്ന് സംഘടനയുമായി കഴിഞ്ഞ വർഷം സഹായത്തിനായി ബന്ധപ്പെട്ടത്. 2023 മായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശാരീരികമായ ആക്രമണം, ബലാത്സംഗം, സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തൽ, കുട്ടികളെ ഭീഷണിപ്പെടുത്തൽ എന്നിവയാണ് മുൻ പങ്കാളികളിൽ നിന്നും സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട 41,432 പരാതികൾ കഴിഞ്ഞ വർഷം വിമെൻസ് എയ്ഡിന് ലഭിച്ചു. കുട്ടികൾക്കെതിരായ പീഡനം സംബന്ധിച്ച 5,333 പരാതികളും ലഭിച്ചിട്ടുണ്ട്.

