- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
ഡബ്ലിൻ: ഇടിമിന്നലിന്റെ പശ്ചാത്തലത്തിൽ അയർലന്റിലെ കൗണ്ടികളിൽ ഇന്ന് മുന്നറിയിപ്പ്. നാല് കൗണ്ടികളാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ മുന്നറിയിപ്പ് അവസാനിക്കും. ക്ലെയർ, ഗാൽവെ, കെറി, ലിമെറിക്ക് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പുള്ളത്. നാല് കൗണ്ടികളിലും വാണിംഗ് ഇന്നലെ വൈകീട്ട് ഏഴ് മണി മുതലാണ് നിലവിൽ വന്നത്. ഇന്ന് രാവിലെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. നേരിയ മഴയും ഇടിമിന്നലും ഉണ്ടാകും.
ഡൗൺ: കൗണ്ടി ഡൗണിൽ കടലിൽ കുടുങ്ങിയ സഹോദരങ്ങളെ രക്ഷിച്ച് നഴ്സുമാർ. മൈനേഴ്‌സ്ടൗണിൽ ആയിരുന്നു സംഭവം. അഞ്ച് കുട്ടികളാണ് കടലിൽ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കടലിൽ കളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. എന്നാൽ ഉയർന്ന തിരമാലകളെ തുടർന്ന് ഇവർക്ക് കരയിലേക്ക് കയറാൻ കഴിയാതെ വരികയായിരുന്നു. ഇത് കണ്ട രണ്ട് നഴ്‌സുമാർ ഉടനെ കോസ്റ്റ്ഗാർഡിനെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ കുട്ടികളെ രക്ഷിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. കോസ്റ്റ്ഗാർഡ് അഞ്ച് പേരെയും ആശുപത്രിയിലേക്ക് മാറ്റി. സമയോചിതമായ ഇടപെടലിൽ നഴ്‌സുമാരെ കോസ്റ്റ്ഗാർഡ് അഭിനന്ദിച്ചു.
ഡബ്ലിൻ: അയർലന്റിൽ മരുന്നുകളും സേവനങ്ങളും സംബന്ധിച്ച വ്യാജ പരസ്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്‌സ് അസോസിയേഷനാണ് (ഐഎച്ച്‌സിഎ) ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇത്തരം പരസ്യങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎച്ച്‌സിഎ വ്യക്തമാക്കി. പ്രമുഖ ഡോക്ടർമാരുടെയും ആശുപത്രികളുടെയും പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. തടി കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ പരസ്യം ഉൾപ്പെടെ പ്രമുഖ ഡോക്ടർമാരുടെ പേരുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ വ്യാപകമായി ഐഎച്ച്‌സിഎയിൽ പരാതി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഐഎച്ച്‌സിഎ മുന്നറിയിപ്പ് നൽകിയത്. പ്രമുഖ ഡോക്ടർമാരുടെ പേരിലുള്ള പരസ്യങ്ങൾ പൊതുജനങ്ങളിൽ വിശ്വാസമുണർത്തും. ഈ തന്ത്രം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങൾ വ്യാജ മരുന്നുകൾ വിൽപ്പന നടത്തുന്നത്.
ഡബ്ലിൻ: അയർലന്റിൽ ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ പ്രാദേശിക ഫാർമസികളെ ആശ്രയിച്ച് ജനങ്ങൾ. പല രോഗങ്ങൾക്കും ഡോക്ടർമാർക്ക് പകരം ഫാർമസിസ്റ്റുകളുടെ ഉപദേശമാണ് ആളുകൾ തേടുന്നത്. സമഗ്രമായ പഠനത്തിന് ശേഷം ഫാർമസി യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. രണ്ടായിരം പേരിലായിരുന്നു പഠനം. ഇവരിൽ പലരും ഇപ്പോഴും ജനറൽ പ്രാക്ടീഷണർമാരുടെ അപ്പോയ്ന്റ്‌മെന്റിനായി കാത്തിരിക്കുകയാണെന്ന് ഫാർമസി യൂണിയൻ വ്യക്തമാക്കുന്നു. ഈ കാലതാമസമാണ് ആളുകളെ ഫാർമിസ്റ്റുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. പത്തിൽ ഒൻപത് പേരും ഇത്തരത്തിൽ ഫാർമസിസ്റ്റുകളുടെ നിർദ്ദേശപ്രകാരമാണ് മരുന്നുകൾ കഴിക്കുന്നത്. നടുവേദന, മൈഗ്രൈൻ തുടങ്ങിയ രോഗങ്ങൾക്കാണ് ഏറ്റവും കൂടുതൽ പേർ ഫാർമസിസ്റ്റുകളെ ആശ്രയിക്കുന്നത്.
ഡബ്ലിൻ: ഇടിമിന്നൽ സാദ്ധ്യതയെ തുടർന്ന് അയർലന്റിലെ കൗണ്ടികളിൽ മുന്നറിയിപ്പ്. ക്ലെയർ, ലിമെറിക്ക്, കെറി, ഗാൽവെ എന്നീ കൗണ്ടികളിലാണ് ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ നാളെ രാവിലെ ഏഴ് മണിവരെ ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇടിമിന്നലിന് പുറമേ കൗണ്ടികളിൽ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇതേ തുടർന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പും ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഡ്രൈവിംഗിന് തടസ്സം നേരിടാം. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം മാറ്റമില്ലാതെ തുടരുന്നു. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് സാഹചര്യം രൂക്ഷമാക്കുന്നുണ്ട്. ഇന്ന് രാവിലെ വരെ 364 പേർക്കാണ് കിടക്കകളുടെ അപര്യാപ്തതയെ തുടർന്ന് ട്രോളികളിൽ ചികിത്സ നൽകുന്നത്. നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരിൽ 226 പേർ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. വാർഡിൽ കഴിയുന്ന 138 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സാഹചര്യം മാറ്റമില്ലാതെ തുടരുകയാണ്. ഇവിടെ 83 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. കോർക്ക് ആശുപത്രിയിൽ 40 പേർക്കും യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 39 പേർക്കും കിടക്കകൾ ആവശ്യമാണ്.
ഡെറി: ഡെറിയിൽ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ യുവതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. 28 കാരിയാണ് സംഭവത്തിലെ പ്രതി. ഗുരുതര ആക്രമണം നടത്തിയെന്ന കുറ്റമാണ് യുവതിയ്‌ക്കെതിരെ കോടതി ചുമത്തിയത്. ഇന്ന് രാവിലെ യുവതിയെ പോലീസ് ഡെറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ വേളയിൽ ആയിരുന്നു നടപടി. ബോധപൂർവ്വം ദേഹോപദ്രവം ഏൽപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു, അപമര്യാദയായി പെരുമാറി എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കും യുവതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ഗാൽവെ: തുവാമിലെ മുൻ മദർ ആന്റ് ബേബി ഹോമിൽ പരിശോധന ആരംഭിച്ചു. കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി കുഴിയെടുത്തുള്ള പരിശോധനയാണ് നടത്തുന്നത്. തുവാമിലെ ഡിറക്ടർ ഫോർ ഓതറൈസ്ഡ് ഇന്റർവെൻഷൻ ഓഫീസിന്റെ മേൽനോട്ടത്തിലാണ് പരിശോധന. രാവിലെ 10.30 ഓടെയാണ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്. 36 വർഷത്തിനിടെ 800 ഓളം കുഞ്ഞുങ്ങളുടെ മൃതദേഹം ഇവിടെ സംസ്‌കരിച്ചിട്ടുണ്ടെന്നാണ് കാതറീൻ കോർലെസ്സിന്റെ ഗവേഷണത്തിലെ കണ്ടെത്തൽ. ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. 11 വർഷം മുൻപായിരുന്നു കാതറീൻ ഗവേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയത്. ഡബ്ലിൻ റോഡ് എസ്‌റ്റേറ്റിന് മദ്ധ്യഭാഗത്തായി 5,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് പരിശോധന നടത്തുന്നത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജിഎഎ ക്ലബ്ബിന് തീയിട്ടു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ അപലപിച്ച് നിരവധി പേർ രംഗത്ത് എത്തി. ഹന്നാസ്ടൗണിലെ ലാം ധീർഗ് ക്ലബ്ബിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ ഉടനെ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഉടനെ ഇവർ എത്തി തീ അണച്ചെങ്കിലും വലിയ നാശനഷ്ടം ക്ലബ്ബിന് ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ സമ്മർ ക്യാമ്പ് ആരംഭിക്കാനിരിക്കെയാണ് സംഭവം ഉണ്ടാകുന്നത്. തീയിട്ട സംഭവം വലിയ ആശങ്കയുളവാക്കുന്നുവെന്ന് ക്ലബ്ബ് പ്രതികരിച്ചു. കുട്ടികളുടെ സമ്മർ ക്യാമ്പിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കബ്ബിനെ മനപ്പൂർവ്വം ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ആണ്. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും ക്ലബ്ബ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടാമത്തെ കാറിൽ യാത്ര ചെയ്തിരുന്ന യുവതിയ്ക്കും യുവാവിനും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. അപകടത്തിന് പിന്നാലെ റോഡിൽ ശാസ്ത്രീയ പരിശോധന നടത്തി. അപകടത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടനെ അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
