ഡബ്ലിൻ: അയർലന്റിൽ മരുന്നുകളും സേവനങ്ങളും സംബന്ധിച്ച വ്യാജ പരസ്യങ്ങളിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റ്സ് അസോസിയേഷനാണ് (ഐഎച്ച്സിഎ) ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ഇത്തരം പരസ്യങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഐഎച്ച്സിഎ വ്യക്തമാക്കി.
പ്രമുഖ ഡോക്ടർമാരുടെയും ആശുപത്രികളുടെയും പേരിലാണ് സോഷ്യൽ മീഡിയ വഴി വ്യാജ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. തടി കുറയ്ക്കുന്നതിനുള്ള വ്യാജ മരുന്നുകളുടെ പരസ്യം ഉൾപ്പെടെ പ്രമുഖ ഡോക്ടർമാരുടെ പേരുകളിൽ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഡോക്ടർമാർ വ്യാപകമായി ഐഎച്ച്സിഎയിൽ പരാതി അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ഐഎച്ച്സിഎ മുന്നറിയിപ്പ് നൽകിയത്.
പ്രമുഖ ഡോക്ടർമാരുടെ പേരിലുള്ള പരസ്യങ്ങൾ പൊതുജനങ്ങളിൽ വിശ്വാസമുണർത്തും. ഈ തന്ത്രം പ്രയോജനപ്പെടുത്തിയാണ് തട്ടിപ്പ് സംഘങ്ങൾ വ്യാജ മരുന്നുകൾ വിൽപ്പന നടത്തുന്നത്.

