- കാറ്റിനും മഴയ്ക്കും പിന്നാലെ മഞ്ഞ് വീഴ്ചയും; 11 കൗണ്ടികളിൽ വാണിംഗ്
- പുതിയ മയക്കുമരുന്നുകൾ കൂടുതൽ അപകടകാരികൾ; മുന്നറിയിപ്പുമായി എച്ച്എസ്ഇ
- ലുവാസ് സേവനങ്ങൾക്ക് തടസ്സം
- വനിതാ ദിനം; വെബിനാർ സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ
- സെന്റ് ജോസഫ് എസ്എംസിസിയുടെ വാർഷിക ധ്യാനം 22 ന്
- ഐആർപി കാർഡ് പുതുക്കുന്നതിന് കാലതാമസം; ക്രാന്തി അയർലൻഡിന്റെ സമരം ഇന്ന്
- മീത്തിൽ വാഹനാപകടം; 40 കാരൻ മരിച്ചു
- യുവതിയുടെ മരണം; 45 കാരനെതിരെ കേസ്
Author: sreejithakvijayan
ഡബ്ലിൻ: ടെനന്റ് ഇൻ സിറ്റു പദ്ധതിയ്ക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. ബജറ്റിന്റെ അപര്യാപ്തതയെ തുടർന്നാണ് അപേക്ഷകൾ പരിഗണിക്കുന്നത് കൗൺസിൽ താത്കാലികമായി നിർത്തിവച്ചത്. ഈ വർഷം ഇതുവരെ 32 പ്രോപ്പർട്ടികൾ സ്‌കീമിന് കീഴിൽ വാങ്ങിയതായി കൗൺസിൽ വ്യക്തമാക്കി. വീട്ടുടമസ്ഥർ വീട് വിൽക്കുന്നതിനെ തുടർന്ന് കുടിയൊഴുപ്പിക്കൽ നേരിടേണ്ടിവരുന്ന വാടകർക്കാർക്ക് വീട് വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ടെനന്റ് ഇൻ സിറ്റു. ഈ വർഷം 20 മില്യൺ യൂറോ ആയിരുന്നു സ്‌കീമിനായി കൗൺസിൽ വകയിരുത്തിയിരുന്നത്. എന്നാൽ വർഷം പകുതിയാകുമ്പോഴേയ്ക്കും ഈ തുക ചിലവായി. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്. നേരത്തെ ബജറ്റിന്റെ കുറവിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലും പദ്ധതിയ്ക്കായി അപേക്ഷ പരിഗണിക്കുന്നത് നിർത്തിവച്ചിരുന്നു.
ഡബ്ലിൻ: എഐ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ കടന്നുവരവ് അയർലന്റിലെ തൊഴിൽമേഖലയെ ദോഷകരമായി ബാധിക്കുന്നു. എഐ വന്നതോട് കൂടി ധനകാര്യമേഖലകളിലെ പ്രധാന സ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചുവെന്നാണ് റിപ്പോർട്ടുകൾ. എഐയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയിൽ എഐയുടെ ചുമതലയുള്ള സഹമന്ത്രി നിയാം സ്മിത്താണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എഐയുടെ കടന്നുവരവ് രാജ്യത്ത് വലിയ തൊഴിൽ നഷ്ടത്തിന് കാരണമായി. ഇതിനോടകം തന്നെ നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടം ഉണ്ടായി. റിക്രൂട്ട്‌മെന്റുകൾ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരീകരിക്കുകയാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ മക്കിൻലി അയർലന്റിന്റെ എംപ്ലോയ്‌മെന്റ് മോണിറ്ററും. ധനകാര്യമേഖലയിൽ ആളുകൾക്ക് വലിയ തൊഴിൽനഷ്ടമാണ് എഐയുടെ വരവോട് കൂടി ഉണ്ടാകുന്നത് എന്ന് എംപ്ലോയ്‌മെന്റ് മോണിറ്റർ വ്യക്തമാക്കുന്നു. ധനകാര്യസ്ഥാപനങ്ങൾ അക്കൗണ്ടന്റുമാരെ നിയമിക്കുന്നത് കുറച്ചു. ഇത് വലിയ വെല്ലുവിളിയാണെന്നും എംപ്ലോയ്‌മെന്റ് മോണിറ്റർ ചൂണ്ടിക്കാട്ടുന്നു.
ഡബ്ലിൻ: ഡബ്ലിനിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. സാൻഡ്രിയ്ക്ക് സമീപം ഓൾഡ് എയർപോർട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരനാണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 60 കാരൻ സഞ്ചരിച്ച ഇരുചക്രവാഹനം ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. സംഭവത്തിന് പിന്നാലെ സാങ്കേതിക പരിശോധനകൾക്കായി റോഡ് അടച്ചു.
ഡബ്ലിൻ: അയർലന്റിൽ കടുത്ത ചൂടിന് ആശ്വാസം. ഇന്ന് മുതൽ രാജ്യത്ത് മഴ സജീവമാകും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ അറിയിക്കുന്നത്. അന്തരീക്ഷ താപനിലയും താഴും. താപനിലയിൽ 10 ഡിഗ്രി സെൽഷ്യസിന്റെ കുറവ് വരെ രേഖപ്പെടുത്താൻ സാദ്ധ്യതയുണ്ട്. ഇന്നലെയും മിനിഞ്ഞാന്നും 30 ഉം 31 ഉം ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്തരീക്ഷ താപനില. എന്നാൽ ഇന്ന് 21 ഡിഗ്രി സെൽഷ്യസ് ആകും ഭൂരിഭാഗം സ്ഥലങ്ങളിലും രേഖപ്പെടുത്തുക. ഇന്ന് രാത്രിയോടെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിക്കും. നാളെ രാവിലെയും ശക്തമായ മഴ പല ഭാഗങ്ങളിലും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേലുള്ള അമേരിക്കയുടെ താരിഫ് അയർലന്റിലെ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന സൂചന നൽകി സർക്കാർ. നിയന്ത്രിത ബജറ്റാകും ഇക്കുറി സർക്കാർ ജനങ്ങൾക്ക് മുൻപിൽ വയ്ക്കുകയെന്നാണ് സൂചന. ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയന് മേൽ 30 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ താരിഫ് അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും എന്ന് സാമ്പത്തിക വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ നേതാക്കൾക്ക് വലിയ ആശങ്കയും ഉണ്ട്. അതുകൊണ്ട് തന്നെ ഇക്കുറി ജനപ്രിയ ബജറ്റ് ആയിരിക്കില്ല ഉണ്ടായിരിക്കുക. ഒറ്റത്തവണ പേയ്‌മെന്റുകളടക്കമുള്ള ബജറ്റ് നടപടികൾ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നിയന്ത്രിത ബജറ്റ് ആകും ഇക്കുറിയെന്ന് മന്ത്രി നീൽ റിച്ച്മണ്ടും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പൂർണ്ണ ബോദ്ധ്യത്തോടെയാകും ബജറ്റ് തയ്യാറാക്കുകയെന്ന് ഗതാഗതമന്ത്രി ദാര ഒ ബ്രയനും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
ഡബ്ലിൻ: അയർലന്റിലെ മെട്രോ ലിങ്ക് റെയിൽ പദ്ധതിയിൽ ഉടൻ തീരുമാനമെടുക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ അധികൃതർ അന്തിമ തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്ക് അനുമതി ലഭിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡബ്ലിൻ വിമാനത്താവളം, നഗര കേന്ദ്രം എന്നിവയുൾപ്പെടെ 16 സ്റ്റോപ്പുകളുള്ള മെട്രോ ലിങ്ക് പദ്ധതിയാണ് അണിയറയിലുള്ളത്. സ്വോർഡ്‌സിൽ നിന്ന് ചാർലെമോണ്ട് വരെയുളള 18.8 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിനായി 9 ബില്യൺ യൂറോയാണ് ചിലവ്. പദ്ധതി 2035 ആകുമ്പോഴേയ്ക്കും പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും ബീച്ചിലേക്കുള്ള റോഡുകളിൽ അനുഭവപ്പെട്ടു. വ്യാഴാഴ്ച മുതൽ രാജ്യത്തെ താപനിലയിൽ വലിയ വർദ്ധനവ് ആയിരുന്നു ഉണ്ടായിരുന്നത്. മഴ മാറിയതോടെ ബീച്ചുകളിൽ സമയം ചിലവിടാൻ ആളുകൾ കൂട്ടത്തോടെയെത്തി. ബറോ, ഡൊണബേറ്റ് ബീച്ചുകൾ ഉൾപ്പെടെ എല്ലായിടത്തും നീന്തൽ മേഖലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം തിരക്ക് വർദ്ധിച്ചത് ബീച്ചുകളിൽ മാലിന്യം നിറയാനും കാരണമായി. ഇതിന് പുറമേ ചില സംഘർഷങ്ങളും ബീച്ചുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഡിങ്കിബോട്ടിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാക്കളെ രക്ഷിച്ചു. പൊള്ളൻ തീരത്ത് ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബീച്ചിൽ ഡിങ്കി ബോട്ടിൽ യാത്ര ചെയ്യുകയായിരുന്നു യാവാക്കൾ. ഇതിനിടെ ശക്തമായ കാറ്റ് അനുഭവപ്പെട്ടതോടെ ഇവർ ബോട്ട് നിയന്ത്രണം വിട്ട് ദൂരേയ്ക്ക് ഒഴുകി പോകുകയായിരുന്നു. സംഭവം കണ്ട മറ്റ് വിനോദസഞ്ചാരികൾ ഉടനെ തന്നെ കോസ്റ്റ്ഗാർഡിനെ വിളിച്ചു. ഇവരെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആയിരുന്നു യുവാക്കളെ കരയിൽ എത്തിച്ചത്.
കോർക്ക്: കൗണ്ടി കോർക്കിലെ പാർക്കുകളിൽ ഇന്ന് മുതൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യും. നാല് പാർക്കുകളിൽ എത്തുന്നവർക്കാണ് സൗജന്യമായി സൺസ്‌ക്രീൻ ലഭിക്കുക. കോർക്ക് കൗണ്ടി കൗൺസിലാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. അയർലന്റിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി അടുത്തിടെ ക്യാൻസർ സൊസൈറ്റി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ത്വക്കിലെ ക്യാൻസർ തടയുക ലക്ഷ്യമിട്ടാണ് കൗൺസിൽ സൗജന്യമായി സൺസ്‌ക്രീൻ വിതരണം ചെയ്യുന്നത്. സൺസ്‌ക്രീനുകളുടെ വില താങ്ങാൻ കഴിയാത്തതിനാൽ ആളുകൾ ഇതിന്റെ ഉപയോഗം വേണ്ടെന്ന് വയ്ക്കുകയാണെന്നാണ് ക്യാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സൺസ്‌ക്രീനുകൾ ഉപയോഗിക്കാതിരിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും.
ഡബ്ലിൻ: അയർലന്റിൽ പബ്ബുകൾ വ്യാപകമായി അടച്ച് പൂട്ടുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് 2100 ലധികം പബ്ബുകളാണ് അടച്ച് പൂട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20 വർഷത്തിനിടെ പ്രതിവർഷം ശരാശരി 112 പബ്ബുകൾ അടച്ച്പൂട്ടിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലന്റ് നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. 2005 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ അയർലന്റിൽ 2199 പബ്ബുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമേ പബ്ബുകൾക്ക് ലൈസൻസ് നൽകുന്ന കാര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. ലൈസൻസ് നൽകുന്നതിൽ 25 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത്. 37.2 ശതമാനം. ഓഫ്‌ലേ, കോർക്ക് എന്നീ നഗരങ്ങളാണ് പിന്നീട് വരുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
