- നന്ദിഗ്രാമിൽ മത്സരിക്കാനില്ലെന്ന് മമത ബാനർജി ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
- ടി.കെ. ഗോവിന്ദന് അധികാരത്തിൽ വലിയ ആസക്തി, അദ്ദേഹം യുഡിഎഫിന്റെ പാവ : പാർട്ടിയിൽ നിന്ന് പുറത്താക്കി
- ഏറ്റുമാനൂരിൽ വീണ നായർ ; പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20
- വർഗീയതയുടെ ‘വടകര മോഡൽ’ തവനൂരിൽ ചെലവാകില്ല ; കെ ടി ജലീലിനെതിരെ സന്ദീപ് വാര്യർ
- ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ
- അഗ്നിബാധയിൽ സർവ്വതും നശിച്ചു; ഒരു വർഷത്തിന് ശേഷം ഡോഗ് ഫാമിൻ വില്ലേജ് ഇന്ന് തുറക്കും
- ഒറ്റയ്ക്ക് വീടുകളിലേക്ക് പോകരുത്; ജാഗ്രത പുലർത്തണം; നിർദ്ദേശവുമായി പോലീസ്
- ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണം ; റോഡ് ഷോ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. ഇന്നലെ വൈകീട്ട് ഗ്ലെൻ റോഡ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ബുധനാഴ്ച അന്നഡേൽ എംബാങ്ക്‌മെന്റ് മേഖലയിലെ മാസ്റ്റിന് നേരെയും ആക്രമണം ഉണ്ടായി. അതേസമയം തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി വെസ്റ്റ് ബെൽഫാസ്റ്റ് സിൻ ഫെയ്ൻ കൗൺസിലർ രംഗത്ത് എത്തി. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം തടസ്സപ്പെടുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാർ നിയമനടപടി നേരിടാൻ തയ്യാറായി ഇരുന്നോളുവെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോക നേതാവാകുമെന്ന് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ഡബ്ലിനിലെ എക്‌സിബിഷന്റെ ഉദ്ഘാടനവേളയിൽ ആയിരുന്നു ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ചിലെ സിഇഒ ഓർല ഡോളന്റെ പ്രതികരണം. ക്യാൻസർ പ്രതിരോധത്തിനായി ഐറിഷ് ശാസ്ത്രജ്ഞർ നടത്തുന്ന ഗവേഷണങ്ങളെ ഓർല അഭിനന്ദിച്ചു. കോർക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണ് ബ്രേക്ക്ത്രൂ ക്യാൻസർ റിസർച്ച്. ക്യാൻസറുമായി ബന്ധപ്പെട്ട ശാസ്ത്രത്തിനും ഗവേഷണത്തിനും വലിയ സംഭാവനകളാണ് അയർലൻഡ് നൽകുന്നത്. നേരത്തെയുള്ള ക്യാൻസർ നിർണയം തുടങ്ങി പുതിയ ചികിത്സാ രീതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. ക്യാൻസറിനെതിരായ യുദ്ധത്തിൽ ഐറിഷ് ഗവേഷകരുടെ പങ്ക് പ്രശംസനീയമാണ്. നേരത്തെയുള്ള ക്യാൻസർ രോഗ നിർണയത്തിൽ അയർലൻഡ് ലോകനേതാവ് ആകുമെന്നും ഓർല ഡോളൻ കൂട്ടിച്ചേർത്തു.
ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് അയർലൻഡ് നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ. ചെറുപ്പക്കാരാണ് ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ കൗൺസിൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വംശത്തിന്റെ പേരിലുള്ള ആക്രമണം അയർലൻഡിന്റെ മൂല്യങ്ങൾക്ക് യോജിച്ചതല്ല. ഇതിനെ ശരിയായ ചിന്തകളുള്ളവർ ശക്തമായി എതിർക്കും. ഇത്തരം ആക്രമണങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്. പോലീസ് ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ലിസ്ബണിലെ റാവർനെറ്റ് റോഡ് മേഖലയിൽ വച്ചായിരുന്നു അപകടം. ഇ -സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അദ്ദേഹം നിയന്ത്രണം വിട്ട് നിലത്ത് വീഴുകയായിരുന്നു. സംഭവത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും പിൻമാറി ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി മാർഗരറ്റ് മക്ഗിന്നസ്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് മത്സരരംഗത്ത് നിന്നും പിന്മാറുന്നത് എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നില്ലെന്ന് മാർഗരറ്റ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. വളരെ കഠിനമായ തീരുമാനം എന്നായിരുന്നു പിന്മാറ്റത്തെ മാർഗരറ്റ് വിശേഷിപ്പിച്ചത്. താൻ ഇപ്പോൾ പ്രാധാന്യം നൽകുന്നത് ആരോഗ്യത്തിനാണ്. രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കും. ക്യാമ്പെയ്ൻ നടത്താനുള്ള ആരോഗ്യം എനിക്ക് ഇപ്പോൾ ഉണ്ടെന്ന് കരുതുന്നില്ല. നല്ല വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാനുള്ള തീരുമാനം അൽപ്പം കഠിനമാണ്. പക്ഷെ എന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ശരിയായ തീരുമാനമാണെന്നും മാർഗരറ്റ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ഉയർന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യെ തുടർന്ന് പ്രതിസന്ധിയിലായി ഡബ്ലിനിലെ ഫുഡ് പബ്ബുകൾ. നികുതി കുറയ്ക്കാൻ ഇനിയും വൈകിയാൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടിവരുമെന്നാണ് പബ്ബുടമകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എത്രയും വേഗം സർക്കാർ നടപടി സ്വീകരിക്കണമെന്നും പബ്ബുടമകൾ ആവശ്യപ്പെടുന്നു. വാറ്റ് കുറയ്ക്കാൻ അടുത്ത വർഷം വരെ കാത്തിരിക്കണം എന്നാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകുക കഷ്ടമാണെന്ന് പബ്ബുടമകൾ പറയുന്നു. ഡബ്ലിനിലെ 10 ശതമാനം പബ്ബുകൾ അടച്ച് പൂട്ടലിന്റെ വക്കിലാണ്. 40 ശതമാനം ഫുഡ് പബ്ബുടമകൾ ജീവനക്കാരെ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്. 2023 ലാണ് സർക്കാർ ഫുഡ് പബ്ബുകളിലെ ഭക്ഷണത്തിന് ഉയർന്ന വാറ്റ് ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഇവരുടെ ഭക്ഷണ വിതരണം ഗണ്യമായ തോതിൽ കുറയുകയായിരുന്നു. മീൽസിന്റെ വിൽപ്പനയ്ക്കാണ് പ്രധാനമായും വാറ്റ് തിരിച്ചടിയായത്.
വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ കോസ്റ്റ്ഗാർഡും മറ്റ് രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ 11 മണിയോടെയാണ് അദ്ദേഹത്തെ കരയ്ക്ക് എത്തിക്കാൻ കഴിഞ്ഞത്. അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. അതേസമയം അയർലൻഡിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച കടലിൽ നീന്താൻ ഇറങ്ങിയ 20 കാരൻ മുങ്ങിമരിച്ചിരുന്നു. കടലിൽ നീന്താൻ പോകുന്നവർ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ഡബ്ലിൻ: പലിശനിരക്ക് കുറഞ്ഞിട്ടും മോർട്ട്‌ഗേജ് ചിലവ് ഉയർന്ന് തന്നെ തുടരുന്ന യൂറോസോൺ രാജ്യമായി അയർലൻഡ്. യൂറോസോൺ രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനമാണ് അയർലൻഡിനുള്ളത്. ജൂൺ അവസാനത്തോടെ പുതിയ ഐറിഷ് മോർട്ട്‌ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് 3.6 ശതമാനം ആയി ഉയർന്നു. 3.29 ശതമാനമാണ് യൂറോസോൺ ശരാശരി നിരക്ക്. കൂടുതൽ മൂലധനം കൈവശം വയ്ക്കാൻ ഐറിഷ് വായ്പാദാതാക്കളെ നിർബന്ധിതരാക്കുന്ന നിയന്ത്രണ ആവശ്യകതകളാണ് അയർലൻഡിൽ മോർട്ട്‌ഗേജ് ചിലവ് ഉയർന്ന് നിൽക്കാൻ കാരണം എന്നാണ് ഐറിഷ് മോർട്ട്‌ഗേജ് അഡൈ്വസേഴ്‌സിന്റെ ചെയർപേഴ്‌സൺ പറയുന്നത്.
ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്ക് സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ചവരെയാണ് ( 15,16,17) കൺവെൻഷൻ. ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്‌സ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കൺവെൻഷൻ നടക്കുക. കോട്ടയം പാമ്പാടി, ഗുഡ്‌ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷന്റെ ഭാഗമാകാൻ കഴിഞ്ഞ ദിവസം തന്നെ ഇവർ ലിമെറിക്കിൽ എത്തിയിരുന്നു. ധ്യാനദിവസങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഉച്ചയ്ക്ക് ലഘുഭക്ഷണം നൽകും. ഇതിന് പുറമേ മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേക ധ്യാനവും കൺവെൻഷനിൽ നടക്കും.
വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ വീണ്ടും കോവിഡ് 19 വ്യാപനം. വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കിടയിലാണ് വ്യാപനം രൂക്ഷമാകുന്നത്. അതേസമയം രോഗവ്യാപനം ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ആശുപത്രിയിൽ എത്തരുതെന്ന് മാനേജ്‌മെന്റ് നിർദ്ദേശിച്ചു. ആശുപത്രിയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. സന്ദർശന സമയത്ത് മാത്രമേ സന്ദർശകരെ രോഗികളെ കാണാൻ അനുവദിക്കൂ. ആശുപത്രിയുടെ വരാന്തകളിലും കാത്തിരിപ്പ് മേഖലയിലും അനാവശ്യമായി സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ആശുപത്രിയിൽ രോഗ വ്യാപനം ഉണ്ടാകുന്നത്. ജൂൺ അവസാന ആഴ്ചയിലും ആശുപത്രിയിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
