വെക്സ്ഫോർഡ്: വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ വീണ്ടും കോവിഡ് 19 വ്യാപനം. വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കിടയിലാണ് വ്യാപനം രൂക്ഷമാകുന്നത്. അതേസമയം രോഗവ്യാപനം ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ആശുപത്രിയിൽ എത്തരുതെന്ന് മാനേജ്മെന്റ് നിർദ്ദേശിച്ചു. ആശുപത്രിയിൽ മാസ്ക് നിർബന്ധമായും ധരിക്കണം. സന്ദർശന സമയത്ത് മാത്രമേ സന്ദർശകരെ രോഗികളെ കാണാൻ അനുവദിക്കൂ. ആശുപത്രിയുടെ വരാന്തകളിലും കാത്തിരിപ്പ് മേഖലയിലും അനാവശ്യമായി സന്ദർശകർ കൂട്ടം കൂടി നിൽക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് ആശുപത്രിയിൽ രോഗ വ്യാപനം ഉണ്ടാകുന്നത്. ജൂൺ അവസാന ആഴ്ചയിലും ആശുപത്രിയിൽ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

