ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീണ്ടും 5 ജി മാസ്റ്റിന് തീയിട്ടു. ഇന്നലെ വൈകീട്ട് ഗ്ലെൻ റോഡ് മേഖലയിലായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട് പ്രദേശവാസികൾ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഇവരെത്തി തീ അണച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇന്നലത്തേത്. ബുധനാഴ്ച അന്നഡേൽ എംബാങ്ക്മെന്റ് മേഖലയിലെ മാസ്റ്റിന് നേരെയും ആക്രമണം ഉണ്ടായി.
അതേസമയം തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ രൂക്ഷവിമർശനവുമായി വെസ്റ്റ് ബെൽഫാസ്റ്റ് സിൻ ഫെയ്ൻ കൗൺസിലർ രംഗത്ത് എത്തി. നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനം തടസ്സപ്പെടുത്തുക ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നും കുറ്റക്കാർ നിയമനടപടി നേരിടാൻ തയ്യാറായി ഇരുന്നോളുവെന്നും അദ്ദേഹം പറഞ്ഞു.

