ഡബ്ലിൻ: ഉയർന്ന മൂല്യവർദ്ധിത നികുതി (വാറ്റ്) യെ തുടർന്ന് പ്രതിസന്ധിയിലായി ഡബ്ലിനിലെ ഫുഡ് പബ്ബുകൾ. നികുതി കുറയ്ക്കാൻ ഇനിയും വൈകിയാൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടേണ്ടിവരുമെന്നാണ് പബ്ബുടമകൾ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എത്രയും വേഗം സർക്കാർ നടപടി സ്വീകരിക്കണമെന്നും പബ്ബുടമകൾ ആവശ്യപ്പെടുന്നു.
വാറ്റ് കുറയ്ക്കാൻ അടുത്ത വർഷം വരെ കാത്തിരിക്കണം എന്നാണ് സർക്കാർ അറിയിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ മുന്നോട്ട് പോകുക കഷ്ടമാണെന്ന് പബ്ബുടമകൾ പറയുന്നു. ഡബ്ലിനിലെ 10 ശതമാനം പബ്ബുകൾ അടച്ച് പൂട്ടലിന്റെ വക്കിലാണ്. 40 ശതമാനം ഫുഡ് പബ്ബുടമകൾ ജീവനക്കാരെ കുറയ്ക്കാനുള്ള ഒരുക്കത്തിലാണ്.
2023 ലാണ് സർക്കാർ ഫുഡ് പബ്ബുകളിലെ ഭക്ഷണത്തിന് ഉയർന്ന വാറ്റ് ഏർപ്പെടുത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഇവരുടെ ഭക്ഷണ വിതരണം ഗണ്യമായ തോതിൽ കുറയുകയായിരുന്നു. മീൽസിന്റെ വിൽപ്പനയ്ക്കാണ് പ്രധാനമായും വാറ്റ് തിരിച്ചടിയായത്.

