ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് അയർലൻഡ് നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ. ചെറുപ്പക്കാരാണ് ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയർലൻഡ് ഇന്ത്യൻ കൗൺസിൽ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വംശത്തിന്റെ പേരിലുള്ള ആക്രമണം അയർലൻഡിന്റെ മൂല്യങ്ങൾക്ക് യോജിച്ചതല്ല. ഇതിനെ ശരിയായ ചിന്തകളുള്ളവർ ശക്തമായി എതിർക്കും.
ഇത്തരം ആക്രമണങ്ങളിൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർ ചെറുപ്പക്കാരാണ് എന്നതാണ്. പോലീസ് ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

