Author: sreejithakvijayan

ഡബ്ലിൻ: ഇത്തവണത്തെ സമ്മറിൽ നേട്ടം കൊയ്ത് ഷാനൻ വിമാനത്താവളം. യാത്രികരുടെ എണ്ണത്തിൽ വർധനവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം അധിക യാത്രികരാണ് യാത്രയ്ക്കായി ഷാനൻ വിമാനത്താവളം തിരഞ്ഞെടുത്തത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 7,55,000 യാത്രികരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്. അഞ്ച് ദിനം പ്രതിയുള്ള ട്രാൻസ്അറ്റ്‌ലാൻഡിക് വിമാന സർവ്വീസുകൾ ഉൾപ്പെടെ 36 സർവ്വീസുകൾ വ്യാപിപ്പിച്ചിരുന്നു. ഇതാണ് യാത്രികരുടെ എണ്ണത്തിൽ പ്രതിഫലിച്ചത്.

Read More

ബെൽഫാസ്റ്റ്: ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടർന്ന് ബെൽഫാസ്റ്റിലെ ദമാസ്‌കസ് സ്ട്രീറ്റിലുള്ള നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയായിരുന്നു സംഭവം. ഇവരെ ബാധിച്ച അസുഖത്തെക്കുറിച്ച് വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളില്ല. നിലവിൽ പ്രദേശത്ത് പോലീസ് തമ്പടിച്ചിട്ടുണ്ട്. ഇനിയൊരു മുന്നറിയിപ്പുണ്ടാകുന്നതുവരെ മേഖലവഴിയുള്ള സഞ്ചാരം പാടില്ലെന്ന് അധികൃതർ അറിയിച്ചു.

Read More

കെറി: കൗണ്ടി കെറിയിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികൻ മരിച്ചു. 40 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ട്രാലീയിലെ ഓക്ക്പാർക്ക് റോഡിൽ ആയിരുന്നു സംഭവം. ഇന്ന് രാവിലെ 7.5 ഓടെയാണ് അപകടം ഉണ്ടായത് എന്നാണ് പോലീസ് അറിയിക്കുന്നത്. യുവാവ് സഞ്ചരിച്ച സൈക്കിളും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 40 കാരന് സാരമായി പരിക്കേറ്റിരുന്നു. ഉടനെ തന്നെ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കെറിയിൽ എത്തിച്ചെങ്കിലും മരിച്ചു.

Read More

ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾക്കായി ഐറിഷ് പതാകകൾ ഉപയോഗിക്കുന്നതിനെതിരെ ഡബ്ലിൻ സിറ്റി കൗൺസിൽ ( ഡിസിസി). പതാക ഉപയോഗിച്ച് സമരം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സമരത്തിന്റെ ഭാഗമായി പതാകകൾ സ്ഥാപിക്കുന്നതിനെതിരെ വിവിധ കൗൺസിലർമാരും റസിഡൻസ് ഗ്രൂപ്പുകളും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നത്. വിഷയം ഗൗരവമായി എടുത്തതായി കൗൺസിൽ വ്യക്തമാക്കി. വളരെ മിതത്വമായി കൈകാര്യം ചെയ്യണ്ട പ്രശ്‌നമാണ് ഇത്. ഇതിൽ പരിഹാരം കാണാൻ കൗൺസിലിന്റെ ഏരിയ മാനേജർമാർ സീനിയർ ഗാർഡ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക ഗ്രൂപ്പുകളിൽ നിന്നും അഭിപ്രായം തേടുമെന്നും കൗൺസിൽ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം തണുത്ത കാലാവസ്ഥ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ രാജ്യത്ത് മഴയും തണുത്ത കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹംബർട്ടോ ചുഴലിക്കാറ്റ് നിലവിൽ അമേരിക്കയുടെ തെക്ക് കിഴക്കൻ തീരത്ത് നിന്നും അയർലൻഡിലേക്ക് നീങ്ങുകയാണ്. മണിക്കൂറിൽ 130 കിലോ മീറ്റർ എന്ന വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. എന്നാൽ തീരത്ത് എത്തുമ്പോഴും ഇതേ വേഗതയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വടക്കൻ അറ്റ്‌ലാൻഡിക്കിന് മുകളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ജെറ്റ് പ്രവാഹവുമായി ഇത് സമ്പർക്കത്തിൽ വന്നാൽ കാറ്റിന്റെ ശക്തി വർദ്ധിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ശക്തമായ കാറ്റായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തുകളയുന്നതിനായുള്ള നിയമ നിർമ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ചേർന്ന യോഗത്തിലാണ് വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടായത്. നിയമനിർമ്മാണത്തിന് ഒരു വർഷം വരെ വേണ്ടിവന്നേക്കാമെന്ന് നേരത്തെ ഗതാഗതമന്ത്രി ഡാരാഗ് ഒ ബ്രയൻ പറഞ്ഞിരുന്നു. നിലവിൽ 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിലെ പരിധി. എന്നാൽ ഈ പരിധി വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സമാണ്. ഇക്കാരണത്താലാണ് പരിധി എടുത്തുകളയുന്നത്. ഇതുവഴി വിമാനത്താവളത്തിന്റെ വികസനവും ലക്ഷ്യമിടുന്നു.

Read More

ഡബ്ലിൻ: ഇന്ത്യ സന്ദർശിക്കുന്ന യൂറോപ്യൻ പാർലമെന്റിന്റെ പ്രതിനിധി സംഘത്തിൽ അയർലൻഡിൽ നിന്നുള്ള എംഇപിയും. ഫിയന്ന ഫെയ്ൽ എംഇപി ബെറി കോവെനാണ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ ഉണ്ടായിരിക്കുക. യൂറോപ്യൻ യൂണിയൻ- ഇന്ത്യ വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് സംഘം ഇന്ത്യയിൽ എത്തുന്നത്. മിഡ്‌ലാൻഡ്‌സ് നോർത്ത്- വെസ്റ്റ് എംഇപിയാണ് കോവൻ. യൂറോപ്യൻ പാർലമെന്റിന്റെ ഇന്റർനാഷണൽ ട്രേഡ് കമ്മിറ്റി (INTA) യാണ് സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 27 മുതൽ 29 വരെയാണ് സന്ദർശനം. ഈ വേളയിൽ ഇന്ത്യൻ ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും വ്യവസായ പങ്കാളികളും കൂടിക്കാഴ്ചയുടെ ഭാഗമാകും.

Read More

ഡബ്ലിൻ: ഫിയന്ന ഫെയ്ൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ വിവാദത്തിൽ. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ച് അനുമതിയില്ലാതെ പ്രമോഷൻ വീഡിയോ ചിത്രീകരിച്ചതിനെ തുടർന്നാണ് അദ്ദേഹം വിവാദത്തിൽപ്പെട്ടത്. ഐറിഷ് വ്യോമയാന അതോറിറ്റിയുടെ സുരക്ഷാ മേധാവിയായ വ്യക്തി തന്നെ നിയമ ലംഘനം നടത്തിയത് എതിർ സ്ഥാനാർത്ഥികൾ ചർച്ചയാക്കിയിട്ടുണ്ട്. ഡ്രോണുകൾ പറത്തുന്നതിന് കർശന നിയന്ത്രണമുള്ള മേഖലകളാണ് റെഡ് സോണുകൾ. അതീവ സുരക്ഷ വേണ്ട മേഖലകളിലാണ് പ്രധാനമായും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്. അതേസമയം ഡ്രോൺ പൈലറ്റിന്റെ മേൽനോട്ടക്കുറവാണ് റെഡ് സോണിൽ ഡ്രോൺ എത്താൻ കാരണം എന്നാണ് ജിം ഗാവിന്റെ വിശദീകരണം.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ സാധാരണക്കാർക്ക് മാത്രമല്ല, വനിതാ കൗൺസിലർമാർക്കും രക്ഷയില്ല. നഗരത്തിൽ വച്ച് വനിതാ കൗൺസിലർ ആക്രമിക്കപ്പെട്ടു. കാബ്ര/ ഗ്ലാസ്‌നെവിൻ കൗൺസിലർ കാറ്റ് ഒ ഡ്രിസ്‌കോളിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൗൺസിലർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിലാണ് ഇപ്പോൾ വെളിപ്പെടുത്തൽ. നഗരത്തിലൂടെ നടക്കുമ്പോൾ അജ്ഞാതനായ ഒരാൾ മുഖത്ത് ഇടിയ്ക്കുകയായിരുന്നുവെന്ന് വനിതാ കൗൺസിലർ പറഞ്ഞു. വൈകീട്ടോടെയായിരുന്നു സംഭവം. ഭാഗ്യം കൊണ്ടാണ് മാരകമായി പരിക്കേൽക്കാതിരുന്നത് എന്നും കൗൺസിലർ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: ടെൽ അവീവിലേക്കുള്ള വിമാന സർവ്വീസ് പുനരാരംഭിക്കില്ലെന്ന് വ്യക്തമാക്കി റയാൻഎയർ. ബെൻഗുരിയോൺ വിമാനത്താവളത്തിൽ നിന്നും ഉറപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു റയാൻഎയർ മേധാവി മൈക്കിൾ ഒ ലിയറിയുടെ പ്രതികരണം. ടെർമിനൽ ചിലവുകൾ സംബന്ധിച്ച് ഉറപ്പ് ലഭിച്ചാൽ മറ്റ് 22 റൂട്ടുകളിലേക്കുള്ള വിമാന സർവ്വീസുകൾ ആരംഭിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ കോസ്റ്റ് ടെർമിനലുകളിലേക്ക് വിമാനങ്ങൾ മാറിയാലും ലോ കോസ്റ്റ് തന്നെ ചാർജ് ആയി ഈടാക്കുമെന്ന് ബെൻഗുരിയോൺ വിമാനത്താവളം ഉറപ്പ് നൽകിയാൽ മാത്രം സർവ്വീസുകൾ അടുത്ത വർഷം മുതൽ ആരംഭിക്കാം. എന്നാൽ ഇതിന് സമ്മതമല്ലെങ്കിൽ ഇസ്രായേലിലേക്കുള്ള സർവ്വീസുകൾ പുനരാരംഭിക്കാൻ തയ്യാറല്ല- മൈക്കിൾ ഒ ലിയറി പറഞ്ഞു.

Read More