Author: sreejithakvijayan

ഡബ്ലിൻ: പ്രധാന നഗരമായ പിയേഴ്‌സ് സ്ട്രീറ്റിലെ പുതിയ ഗതാഗത പരിഷ്‌കരണം ഈ മാസം 25 മുതൽ നിലവിൽ വരും. ഇനി മുതൽ കാറുകൾക്കും വാനുകൾക്കും ജംഗ്ഷനിൽ പുതിയ റൈറ്റ് ടേൺ ഉണ്ടാകും. നഗരത്തിൽ സ്വകാര്യ കാറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ മാസം 25 മുതൽ പൊതുഗതാഗതം മാത്രമേ വെസ്റ്റ്‌ലാൻഡ് റോയിൽ നിന്നും പിയേഴ്‌സ് സ്ട്രീറ്റിലേക്ക് ഇടത്തേയ്ക്ക് തിരിയാൻ അനുവദിക്കൂ. സൈക്കിളുകൾക്കും ഇതിന് അനുമതിയുണ്ട്. ഇതിന് പുറമ വെസ്റ്റ്‌ലാൻഡ് റോ മുതൽ സാൻഡ്‌വിത്ത് സ്ട്രീറ്റ് വരെയുള്ള ഭാഗം ടു വേ ആക്കും. ലോംബാർഡ് സ്ട്രീറ്റ് ഈസ്റ്റിൽ നിന്നും സാൻഡ്‌വിത്ത് സ്ട്രീറ്റ് അപ്പറിൽ നിന്നുമുള്ള പ്രവേശത്തിന് മാറ്റമില്ല. മറ്റ് ഗതാഗത നിയന്ത്രണങ്ങളും മാറ്റമില്ലാതെ തുടരും. ഗ്രാറ്റൻ പാലത്തിന് കുറുകേ നിർമ്മിക്കുന്ന പുതിയ ലിങ്ക് വന്നാൽ ഇരുവശങ്ങളിലേക്കും സൈക്ലിംഗ് അനുവദിക്കുമെന്നാണ് വിവരം.

Read More

ഡബ്ലിൻ: അയർലന്റ്  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യ ദേശീയ കൺവെൻഷൻ ഈ വർഷം സെപ്തംബറിൽ. നോക്ക് അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽവച്ചാണ് സെപ്തംബർ 27 ന് കൺവെൻഷൻ നടക്കുക. അയർലന്റിൽ സഭ രൂപം കൊണ്ട് 17 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിലാണ് ആദ്യ ദേശീയ കൺവെൻഷൻ നടക്കുന്നത്. ആദ്യ കൺവെൻഷനിൽ വിപുലമായ പരിപാടികൾ ആണ് ഒരുക്കിയിരിക്കുന്നത്. വിശുദ്ധ കുർബാന, റോസാരി പ്രൊസഷൻ, കുടുംബ സംഗമം എന്നിവ കൺവെൻഷന്റെ ഭാഗമായി നടക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. 2008 സെപ്തംബർ 19 ന് ആണ് അയർലന്റിൽ മലങ്കര കത്തോലിക്കാ സഭ സ്ഥാപിതമായത്. ചെറിയ സമൂഹമായി നിലയുറപ്പിച്ച സഭയുടെ കീഴിൽ ഇന്ന് മൂന്ന് മാസ്സ് സെന്ററുകൾ പ്രവർത്തിക്കുന്നു. ഇതിന് പുറമേ ആറ് ഇടങ്ങളിലായി ഏരിയ പ്രയർ കൂട്ടായ്മകളും പ്രവർത്തിക്കുന്നു.

Read More

ഡബ്ലിൻ: ഈ വർഷത്തെ കേരള ഹൗസ് കാർണിവലിന്റെ ഓൺലൈൻ കാർ പാർക്കിംഗ് ടിക്കറ്റ് ബുക്കിംഗിന് തുടക്കമായി. ഡബ്ലിൻ ചർച്ച് ഓഫ് സയന്റോളജി & കമ്മ്യൂണിറ്റി സെന്ററിലെ പബ്ലിക് അഫയേഴ്സ് ഡയറക്ടർ ഡയാന സ്റ്റാലിൻ ആദ്യ ടിക്കറ്റ് സ്വന്തമാക്കി. ജൂൺ 21 ന് ആണ് കേരള ഹൗസ് കാർണിവൽ. 10 യൂറോ ആണ് കാർ പാർക്കിംഗിനുള്ള അടിസ്ഥാന ടിക്കറ്റ് നിരക്ക്. 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ട്. ഈ ദിനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് കാർ പാർക്കിംഗിനായുള്ള സൗകര്യം ഉറപ്പുവരുത്താം. ഓരോ ഓൺലൈൻ ടിക്കറ്റുകൾക്കുമൊപ്പം ആകർഷകമായി സമ്മാനങ്ങളും ലഭിക്കും. ബുക്കിംഗിനായി https://www.ticket4u.ie/events/kerala-house-carnival-2025 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Read More

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്  ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന മറുപടി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരപരാധികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് സർജിക്കൽ സ്‌ട്രൈക്ക് എന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമെതിരെ ഉണ്ടാകുന്ന ഏതാക്രമണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യൻ സേനയെ ഓർത്ത് അഭിമാനിക്കുന്നു. പഹൽഗാമിൽ നിരപരാധികളായ നമ്മുടെ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. രാജ്യത്തിനും ഇന്ത്യൻ ജനതയ്ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ചുട്ടമറുപടി നൽകും. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഭാരതം എന്നും അമിത് ഷാ എക്‌സിൽ കുറിച്ചു.

Read More

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്‌ട്രൈക്കിനെ പിന്തുണച്ചും സ്വാഗതം ചെയ്തും കോൺഗ്രസ് നേതാക്കൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മില്ലാകാർജ്ജുൻ ഖാർഗെ, എംപി ശശി തരൂർ, മുതിർന്ന നേതാവ് ജയ്‌റാം രമേശ് തുടങ്ങിയവരാണ് കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചത്. നമ്മുടെ സൈന്യത്തെയോർത്ത് രാജ്യം എന്നും അഭിമാനിക്കുമെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ഭാരതത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ആയിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം. രാജ്യം സുരക്ഷാസേനയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജയ്‌റാം രമേശ് എക്‌സിൽ കുറിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇത്. ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിൽ എല്ലാ പിന്തുണയും കോൺഗ്രസ് കേന്ദ്രത്തിന് നൽകും. ഇത് നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്യുന്നു. സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് മല്ലികാർജ്ജുൻ ഖാർഗെയും വ്യക്തമാക്കി.

Read More

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. ഡൽഹിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ 10 വിമാനത്താവളങ്ങൾ അടച്ചു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും പഴുതടച്ച സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്‌കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കും. ഇവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പൂർണമായി റദ്ദാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഏർപ്പെടുത്തുന്ന ഭാഗമായി കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കാണ് അവധി.

Read More

ഡബ്ലിൻ: അയർലന്റിൽ ട്രെയിൻ അപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ട്രെയിനുകൾ കൂട്ടിയിടിച്ചുള്ള 158 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. റെയിൽവേ റെഗുലേഷൻ കമ്മീഷനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. 2024 ൽ അപകടങ്ങൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സാമൂഹ്യവിരുദ്ധരാണ് ട്രെയിൻ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുള്ളത്. റെയിൽപാളങ്ങളിൽ കല്ല് പോലുള്ള വസ്തുക്കൾവച്ച് ഇവരാണ് അപകടങ്ങൾ സൃഷ്ടിക്കുന്നത്.  2023 ൽ ട്രെയിൻ കൂട്ടിയിടിച്ചുള്ള 124 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2024 ൽ ഇത് വർദ്ധിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. മെറ്റ് ഐറാൻ ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചെറിയ തോതിലുള്ള ഉഷ്ണതരംഗം രാജ്യത്ത് ഉണ്ടാകാമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. രാജ്യത്ത് താപനില 25.8 ഡിഗ്രി എന്ന റെക്കോർഡ് നിലയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടിയ തെളിഞ്ഞ കാലാവസ്ഥ രാജ്യത്ത് തുടരും. ഉടനെ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ അറിയിക്കുന്നു. ഉയർന്ന മർദ്ദം സ്ഥിതി ചെയ്യുന്നതിനെ തുടർന്നാണ് മഴ ലഭിക്കാത്തത്. ഇത് ചൂട് വർദ്ധിക്കാൻ കാരണം ആകും. 14 ദിവസം ചെറിയ തോതിലുള്ള ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.  താപനില ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും നിർദ്ദേശം ഉണ്ട്.

Read More

ഡബ്ലിൻ: വാരാന്ത്യ ബാങ്ക് അവധി ദിനങ്ങളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചവർക്കെതിരെ നടപടിയുമായി അയർലന്റ് മോട്ടോർവാഹന വകുപ്പ് വിഭാഗം. 187 പേരെ അറസ്റ്റ് ചെയ്തു. 3000 പേരാണ് നിയമം ലംഘിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചത്. ഇവർക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. 181 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിച്ചവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവർക്ക് പുറമേ ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചവരും മറ്റ് നിയമങ്ങൾ ലംഘിച്ചവരും അറസ്റ്റ് ചെയ്തവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. അവധിക്കാലത്ത് റോഡുകളിൽ വൻഗതാഗതക്കുരുക്ക് അനുഭവപ്പെടുക സാധാരണയാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അധികൃതർ വേഗപരിധി നിശ്ചയിച്ചത്. നിയമം പാലിക്കുന്നുണ്ടോയെന്ന് അറിയാൻ ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങൾ നിരീക്ഷിച്ചിരുന്നു. ഇതിലാണ് നിയമലംഘനങ്ങൾ പിടിക്കപ്പെട്ടത്.

Read More

ഡബ്ലിൻ: ആവശ്യമെങ്കിൽ പോലീസുകാർക്ക് പൗരന്മാരുടെ മുഖം മൂടി അഴിച്ച് പരിശോധിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയ്ക്ക് അനുമതി നൽകി മന്ത്രിസഭ. മുഖം മറച്ചുകൊണ്ടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് മുഖംമൂടി അഴിച്ച് പരിശോധിക്കുന്നതിന് അനുമതി നൽകിയത്. ആവശ്യമെങ്കിൽ മുഖാവരണങ്ങൾ കസ്റ്റഡിയിൽ എടുക്കാനും പോലീസുകാർക്ക് അനുവാദം ഉണ്ട്. നിയമമന്ത്രി ജിം ഒ കെല്ലഗൻ ആണ് അനുമതി നൽകിയത്. ആദ്യപടിയെന്നോണം പ്രതിഷേധക്കാർക്കിടയിൽ ആയിരിക്കും ഈ വ്യവസ്ഥ നടപ്പിലാക്കുക. പ്രതിഷേധങ്ങളുടെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ചെറുക്കാൻ ഇതിലൂടെ സാധിക്കും. ഗതാഗത നിയമ ലംഘനം, മോഷണം, ലൈംഗാതിക്രമം തുടങ്ങി കുറ്റകൃത്യങ്ങളിൽ അകപ്പെട്ട നിരവധി പേരെ ഇനിയും പിടിക്കാനുണ്ട്. മുഖം മറച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതികളെ പിടികൂടാൻ പോലീസിന് വെല്ലുവിളി ആകുന്നത്. ഈ പശ്ചാത്തലത്തിൽ പുതിയ നിയമം ഏറെ ഗുണം ചെയ്യും.

Read More