ഡബ്ലിൻ: അയർലന്റിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യത. മെറ്റ് ഐറാൻ ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചെറിയ തോതിലുള്ള ഉഷ്ണതരംഗം രാജ്യത്ത് ഉണ്ടാകാമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
രാജ്യത്ത് താപനില 25.8 ഡിഗ്രി എന്ന റെക്കോർഡ് നിലയിലേക്ക് എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് കൂടിയ തെളിഞ്ഞ കാലാവസ്ഥ രാജ്യത്ത് തുടരും. ഉടനെ മഴയ്ക്ക് സാദ്ധ്യതയില്ലെന്നും മെറ്റ് ഐറാൻ അറിയിക്കുന്നു. ഉയർന്ന മർദ്ദം സ്ഥിതി ചെയ്യുന്നതിനെ തുടർന്നാണ് മഴ ലഭിക്കാത്തത്. ഇത് ചൂട് വർദ്ധിക്കാൻ കാരണം ആകും.
14 ദിവസം ചെറിയ തോതിലുള്ള ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. താപനില ഉയരുന്ന സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കാനും നിർദ്ദേശം ഉണ്ട്.

