ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനെ പിന്തുണച്ചും സ്വാഗതം ചെയ്തും കോൺഗ്രസ് നേതാക്കൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മില്ലാകാർജ്ജുൻ ഖാർഗെ, എംപി ശശി തരൂർ, മുതിർന്ന നേതാവ് ജയ്റാം രമേശ് തുടങ്ങിയവരാണ് കേന്ദ്രസർക്കാരിന് പിന്തുണ അറിയിച്ചത്. നമ്മുടെ സൈന്യത്തെയോർത്ത് രാജ്യം എന്നും അഭിമാനിക്കുമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഭാരതത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് ആയിരുന്നു ശശി തരൂർ എംപിയുടെ പ്രതികരണം.
രാജ്യം സുരക്ഷാസേനയ്ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് ജയ്റാം രമേശ് എക്സിൽ കുറിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ് ഇത്. ഭീകരാക്രമണത്തിന് മറുപടി നൽകുന്നതിൽ എല്ലാ പിന്തുണയും കോൺഗ്രസ് കേന്ദ്രത്തിന് നൽകും. ഇത് നേരത്തെ പാർട്ടി വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന പാകിസ്താനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്യുന്നു. സൈന്യത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് മല്ലികാർജ്ജുൻ ഖാർഗെയും വ്യക്തമാക്കി.

