ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സേന മറുപടി നൽകിയതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിരപരാധികളായ സഹോദരങ്ങളെ കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് സർജിക്കൽ സ്ട്രൈക്ക് എന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കുമെതിരെ ഉണ്ടാകുന്ന ഏതാക്രമണത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ചുട്ടമറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം.
ഇന്ത്യൻ സേനയെ ഓർത്ത് അഭിമാനിക്കുന്നു. പഹൽഗാമിൽ നിരപരാധികളായ നമ്മുടെ സഹോദരങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. രാജ്യത്തിനും ഇന്ത്യൻ ജനതയ്ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ചുട്ടമറുപടി നൽകും. ഭീകരവാദത്തെ വേരോടെ പിഴുതെറിയുന്നതിൽ പ്രതിജ്ഞാബദ്ധമാണ് ഭാരതം എന്നും അമിത് ഷാ എക്സിൽ കുറിച്ചു.

