ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അതീവ ജാഗ്രത. ഡൽഹിയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ 10 വിമാനത്താവളങ്ങൾ അടച്ചു. മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും പഴുതടച്ച സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നത്.
ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനത്താവളങ്ങൾ അടഞ്ഞുകിടക്കും. ഇവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പൂർണമായി റദ്ദാക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷ ഏർപ്പെടുത്തുന്ന ഭാഗമായി കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. ജമ്മു, സാംബ, കത്വ, രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ സ്കൂളുകൾക്കാണ് അവധി.

