ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്കൂട്ടറുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ നാലിൽ ഒന്ന് സ്കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎസ്ഒഎസ് ബി ആന്റ് എ നടത്തിയ സർവ്വേയിലെ വിവരങ്ങൾ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പുറത്തുവിട്ടത്. മൂന്നിൽ ഒന്ന് ഇലക്ട്രിക് സ്കൂട്ടർ ഉപയോക്താക്കൾ ഇക്കാലയളവിൽ അപകടങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നത് ഭൂരിഭാഗവും പുരുഷന്മാരാണ്. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതലായി അപകടത്തിൽപ്പെടുന്നതും പുരുഷന്മാരാണ്. 76 ശതമാനം പുരുഷന്മാരാണ് ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നത്. കൈ കാലുകളിലെ പരിക്ക് മുതൽ തലയ്ക്ക് സാരമായ പരിക്കേൽക്കുന്ന സംഭവങ്ങൾവരെ ഇത്തരം അപകടങ്ങളിൽ ഉണ്ടായിട്ടുണ്ട്. അതേസമയം ഇ സ്കൂട്ടർ അപകടങ്ങളുടെ പശ്ചാത്തലത്തിൽ യാത്രികർ കൂടുതൽ ജാഗ്രത പുലർത്തണം എന്ന് അധികൃതർ അറിയിച്ചു.

