ഡബ്ലിൻ: ടെനന്റ് ഇൻ സിറ്റു പദ്ധതിയ്ക്കായുള്ള അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ച് ഫിൻഗൽ കൗണ്ടി കൗൺസിൽ. ബജറ്റിന്റെ അപര്യാപ്തതയെ തുടർന്നാണ് അപേക്ഷകൾ പരിഗണിക്കുന്നത് കൗൺസിൽ താത്കാലികമായി നിർത്തിവച്ചത്. ഈ വർഷം ഇതുവരെ 32 പ്രോപ്പർട്ടികൾ സ്കീമിന് കീഴിൽ വാങ്ങിയതായി കൗൺസിൽ വ്യക്തമാക്കി.
വീട്ടുടമസ്ഥർ വീട് വിൽക്കുന്നതിനെ തുടർന്ന് കുടിയൊഴുപ്പിക്കൽ നേരിടേണ്ടിവരുന്ന വാടകർക്കാർക്ക് വീട് വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ടെനന്റ് ഇൻ സിറ്റു. ഈ വർഷം 20 മില്യൺ യൂറോ ആയിരുന്നു സ്കീമിനായി കൗൺസിൽ വകയിരുത്തിയിരുന്നത്. എന്നാൽ വർഷം പകുതിയാകുമ്പോഴേയ്ക്കും ഈ തുക ചിലവായി. ഇതാണ് പ്രതിസന്ധിയ്ക്ക് കാരണം ആയത്. നേരത്തെ ബജറ്റിന്റെ കുറവിനെ തുടർന്ന് ഡബ്ലിൻ സിറ്റി കൗൺസിലും പദ്ധതിയ്ക്കായി അപേക്ഷ പരിഗണിക്കുന്നത് നിർത്തിവച്ചിരുന്നു.

