Author: sreejithakvijayan

കോർക്ക്: കോർക്കിൽ ആയുധങ്ങളുമായി രണ്ട് പേർ അറസ്റ്റിൽ. 30 ഉം 40 ഉം വയസ്സുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചാൾവില്ലെയിലെ സർവ്വീസ് സ്‌റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംശയം തോന്നിയതിന് പിന്നാലെ യുവാക്കളുടെ കാർ ഗാർഡ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ആയുധങ്ങൾ കണ്ടത്. മൂന്ന് തോക്കുകൾ ആയിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം 3 ഡി പ്രിന്റഡ് തോക്ക് ആയിരുന്നു. വെടിയുണ്ടകളും മാഗസിനും ഇവയ്‌ക്കൊപ്പം ഗാർഡ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഗാർഡ അറിയിച്ചു.

Read More

ഡബ്ലിൻ: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയോട് എതിർപ്പ് പ്രകടമാക്കി അയർലൻഡും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. അയർലൻഡ് ഉൾപ്പെടെ 21 രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഇസ്രായേലിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നും പ്രസ്താവനയിൽ പറയുന്നു. ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ഇസ്രായേൽ പിന്തിരിയണം. ഇസ്രായേൽ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി മിഡിൽ ഈസ്റ്റിന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തെ ദുർബലപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയുടെ 2334-ാം പ്രമേയം അനുസരിച്ച് ഇസ്രായേൽ സർക്കാർ കുടിയേറ്റ നിർമ്മാണം നിർത്തിവയ്ക്കുകയും പലസ്തീൻ അതോറിറ്റിയുടെ ധനകാര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുകയും വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ഇറ്റലി എന്നിവ അയർലൻഡിന് പുറമേ പ്രസ്താവനയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റാർബക്ക്‌സ് കഫേയിലും വിദ്വേഷം നേരിട്ട് ഇന്ത്യൻ വംശജർ. ഓർഡർ നൽകുമ്പോൾ പേരിന് പകരം ഇന്ത്യ എന്ന് മാത്രം രേഖപ്പെടുത്തിയാണ് ബില്ലും കപ്പും നൽകുന്നത്. യുക്തി അറോറ എന്ന ഇന്ത്യക്കാരിയാണ് സ്റ്റാർബക്ക്‌സ് കഫേയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിനിലെ ഓ കോനൽ സ്ട്രീറ്റിലെ പോർട്ടലിന് സമീപത്തെ സ്റ്റാർബക്ക്‌സ് കഫേയിൽ നിന്നായിരുന്നു യുവതിയ്ക്ക് ദുരനുഭവം നേരിട്ടത്. കാപ്പിയാണ് ഇവിടെ നിന്നും യുക്തി ഓർഡർ ചെയ്തത്. ഓർഡർ നൽകുമ്പോൾ പേര് പറഞ്ഞു. സാധാരണയായി ബില്ലടിക്കുമ്പോൾ ജീവനക്കാർ  ഉറപ്പിക്കാനായി ഒരു തവണ കൂടി പേര് ചോദിക്കും. എന്നാൽ ഇതൊന്നും ഉണ്ടായില്ലെന്ന് യുക്തി പറയുന്നു. ബില്ല് നൽകിയപ്പോൾ യുവതിയുടെ പേരിന് പകരം ഇന്ത്യ എന്നാണ് ജീവനക്കാരി വിളിച്ചത്. കാപ്പി നൽകിയ കപ്പിലും ഇന്ത്യ എന്നാണ് എഴുതിയിരുന്നത്. ബില്ലിലും സമാനമായി ഇന്ത്യ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും യുവതി പറയുന്നു. ഇതിന്റെ ഫോട്ടോയും യുക്തി പങ്കുവച്ചിട്ടുണ്ട്.

Read More

കിൽഡെയർ: കിൽഡെയറിൽ പുതുതലമുറ ഡാറ്റ സെന്റർ ക്യാമ്പസിന് പച്ചക്കൊടി. കിൽഡെയർ കൗണ്ടി കൗൺസിൽ ഡാറ്റ സെന്റർ ക്യാമ്പസിന്റെ നിർമ്മാണത്തിന് അനുമതി നൽകി. 3 ബില്യൺ യൂറോ ചിലവിട്ടാണ് ഇവിടെ ക്യാമ്പസ് നിർമ്മിക്കുക. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. ഡാറ്റ സെന്ററിനായുള്ള നീക്കത്തിൽ പരിസ്ഥിതിവാദികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് കൗൺസിൽ നിർണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആറ് കെട്ടിടങ്ങൾ  നിർമ്മിക്കാനാണ് പദ്ധതി.കിൽഡെയറിലെ നാസിലെ എം7 മോട്ടോർവേയ്ക്കും ബിസിനസ് പാർക്കിനും അടുത്തുള്ള സ്ഥലത്താണ് ക്യാമ്പസ് സജ്ജമാക്കുന്നത്.

Read More

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ വൻ ലഹരി ശേഖരം പിടിച്ചെടുത്ത് ഗാർഡ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തു. 7,75,000 യൂറോയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. വാട്ടർഫോർഡിലെ ട്രാമോറിൽ നിന്നായിരുന്നു ലഹരി ശേഖരം പിടിച്ചെടുത്തത്. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പരിശോധന നടത്തിയതായിരുന്നു ഗാർഡ. ഇതിനിടെയാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. 10 കിലോയിലധികം വരുന്ന കൊക്കെയ്ൻ, 1 കിലോ കഞ്ചാവ് എന്നിവയും പണവുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 ഉം 50 വയസ്സുള്ള രണ്ട് പുരുഷന്മാരാണ് അറസ്റ്റിലായത് എന്ന് ഗാർഡ അറിയിച്ചു.

Read More

ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനിയായ അല്ലിയൻസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഐറിഷ് കാത്തലിക് പള്ളിയോട് ആവശ്യപ്പെട്ട് വൈദികർ. അല്ലിയൻസിന് ഇസ്രായേലുമായി ബന്ധമുള്ള പശ്ചാത്തലത്തിലാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വൈദികരുടെ സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. അല്ലിയൻസുമായുള്ള ബന്ധം അവസാനിപ്പിച്ച് ജർമ്മൻ ഇൻഷൂറൻസ് ഭീമന്മാരുമായി കാത്താലിക് ചർച്ച് ബന്ധം സ്ഥാപിക്കണമെന്ന് അസോസിയേഷൻ ഓഫ് കാത്തലിക് പ്രീസ്റ്റ്‌സ് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ദീർഘകാലമായുള്ള അല്ലിയൻസും അയർലൻഡിലെ കാത്തലിക് ചർച്ചും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ദശാബ്ദങ്ങളായി അല്ലിയൻസിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് കാത്തലിക് ചർച്ചെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ച് ഇൻഷൂറൻസ് കമ്പനിയായ ഐറിഷ് ലൈഫ്. പ്ലാനുകളുടെ നിരക്കിൽ ശരാശരി 3 ശതമാനത്തിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ മറ്റൊരു ഇൻഷൂറൻസ് കമ്പനിയായ ലയ ഹെൽത്ത് ഇൻഷൂറൻസ് പോളിസികളുടെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഐറിഷ് ലൈഫും സമാന തീരുമാനം എടുക്കുന്നത്. പുതുക്കിയ ഇൻഷൂറൻസ് നിരക്ക് ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധനയുടെ ഫലമായി 60 മുതൽ 158 യൂറോ വരെ കുടുംബങ്ങൾക്ക് അധികമായി നൽകേണ്ടിവരും. ഇത് മൂന്നാം തവണയാണ് കമ്പനി നിരക്കുകൾ വർദ്ധിപ്പിക്കുന്നത്. നേരത്തെ ജനുവരിയിലും ഏപ്രിലിലും നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അതേസമയം ജീവിത ചിലവ് വർദ്ധിക്കുന്നതിനിടെ ഇൻഷൂറൻസ് കമ്പനികൾ ആരോഗ്യ ഇൻഷൂറൻസ് നിരക്ക് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹെൽത്ത് ഇൻഷൂറൻസ് അതോറിറ്റി വ്യക്തമാക്കി.

Read More

ഡബ്ലിൻ: 51 കാരന്റെ മരണത്തിന് പിന്നാലെ ഗാർഡയ്ക്ക് സസ്‌പെൻഷൻ. അന്വേഷണ വിധേയമായിട്ടാണ് ഡബ്ലിൻ ഗാർഡ സ്റ്റേഷനിലെ ഗാർഡയെ സസ്‌പെൻഡ് ചെയ്തത്. കുറ്റം തെളിഞ്ഞാൽ ഇയാൾക്കെതിരെ മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് ഗാർഡ വക്താവ് പറഞ്ഞു. സസ്‌പെൻഡ് ചെയ്ത ഗാർഡയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ 51 കാരൻ കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ഗാർഡ ഓംബുഡ്‌സ്മാനാണ് അന്വേഷണം നടത്തുന്നത്. 51 കാരന്റെ മരണത്തിൽ സ്വതന്ത്ര അന്വേഷണമാണ് ഓംബുഡ്‌സ്മാൻ നടത്തുന്നത് എന്ന് ഓംബുഡ്‌സ്മാൻ ഓഫീസ് ആയ ഫിയോസ്‌റു വ്യക്തമാക്കി. സംഭവ സ്ഥലത്ത് അംഗങ്ങൾ പരിശോധന അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഡോക്ടറുമായും കൊറോണറുമായും ബന്ധപ്പെടുന്നുണ്ടെന്നും ഓഫീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും വൻ ലഹരി വേട്ട. ഒരു ലക്ഷം യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ആയിരുന്നു സംഭവം. ഇവരുടെ പക്കൽ നിന്നും 63,000 യൂറോ പണവും കണ്ടെടുത്തു. രണ്ട് താമസസ്ഥലങ്ങളിൽ ഗാർഡ നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിയും പണവും കണ്ടെടുത്തത്. ഡിഎംആർ നോർത്ത്, ഡിഎംആർ വെസ്റ്റ് എന്നിവിടങ്ങളിൽ പരിശോധന നടന്നു. ഇതിന് പുറമേ ഡിഎംആർ വെസ്റ്റിൽ ഗാർഡ വാഹന പരിശോധനയും നടത്തി. വാഹനത്തിൽ നിന്നും വീടുകളിൽ നിന്നുമായി 1,01,000 യൂറോയുടെ ലഹരിയാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഡ്രൈവറുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് യുവാവ്. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് റൊമാനിയൻ പൗരനായ ക്രിസ്റ്റ്യൻ ബിറേസിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജഡ്ജി ജാമ്യം നിഷേധിച്ചതായാണ് റിപ്പോർട്ടുകൾ. 63 കാരനായ ബസ് ഡ്രൈവർക്കാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. നടപ്പാതയിലൂടെ നടന്ന് നീങ്ങുന്നതിനിടെ 36 കാരനായ യുവാവ് അദ്ദേഹത്തിന്റെ തലയിൽ കൈ കൊണ്ടും ലോഹക്കഷ്ണം കൊണ്ടും  അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണം നടന്ന നാട്ടുകാരിൽ ഒരാളാണ് ക്രിസ്റ്റ്യനെ പിടികൂടിയത്. അക്രമാസക്തനായ യുവാവിനെ പെപ്പർ സ്പ്രേ ഉപയോഗിച്ചായിരുന്നു കീഴ്‌പ്പെടുത്തിയത്.

Read More