ഡബ്ലിൻ: ഡബ്ലിനിലെ സ്റ്റാർബക്ക്സ് കഫേയിലും വിദ്വേഷം നേരിട്ട് ഇന്ത്യൻ വംശജർ. ഓർഡർ നൽകുമ്പോൾ പേരിന് പകരം ഇന്ത്യ എന്ന് മാത്രം രേഖപ്പെടുത്തിയാണ് ബില്ലും കപ്പും നൽകുന്നത്. യുക്തി അറോറ എന്ന ഇന്ത്യക്കാരിയാണ് സ്റ്റാർബക്ക്സ് കഫേയിൽ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡബ്ലിനിലെ ഓ കോനൽ സ്ട്രീറ്റിലെ പോർട്ടലിന് സമീപത്തെ സ്റ്റാർബക്ക്സ് കഫേയിൽ നിന്നായിരുന്നു യുവതിയ്ക്ക് ദുരനുഭവം നേരിട്ടത്. കാപ്പിയാണ് ഇവിടെ നിന്നും യുക്തി ഓർഡർ ചെയ്തത്. ഓർഡർ നൽകുമ്പോൾ പേര് പറഞ്ഞു. സാധാരണയായി ബില്ലടിക്കുമ്പോൾ ജീവനക്കാർ ഉറപ്പിക്കാനായി ഒരു തവണ കൂടി പേര് ചോദിക്കും. എന്നാൽ ഇതൊന്നും ഉണ്ടായില്ലെന്ന് യുക്തി പറയുന്നു.
ബില്ല് നൽകിയപ്പോൾ യുവതിയുടെ പേരിന് പകരം ഇന്ത്യ എന്നാണ് ജീവനക്കാരി വിളിച്ചത്. കാപ്പി നൽകിയ കപ്പിലും ഇന്ത്യ എന്നാണ് എഴുതിയിരുന്നത്. ബില്ലിലും സമാനമായി ഇന്ത്യ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് എന്നും യുവതി പറയുന്നു. ഇതിന്റെ ഫോട്ടോയും യുക്തി പങ്കുവച്ചിട്ടുണ്ട്.

