കൊല്ലം ; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം സെഷൻസ് കോടതി. ശിക്ഷ 19ന് വിധിക്കും. അക്രമം നടക്കുമ്പോൾ ഡോ.വന്ദന ദാസിനോടൊപ്പം കാഷ്വൽറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനായിരുന്നു ഒന്നാം സാക്ഷി. കേസിൽ 70ൽ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകൾ ഹാജരാക്കി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകൾ ഡോ. വന്ദന ദാസ് (23) 2023 മേയ് 10ന് പുലർച്ചെയാണ് കുത്തേറ്റു മരിച്ചത്.
കേരളത്തിലെ ഒരു ആശുപത്രിക്കുള്ളിൽ ഡോക്ടർ കൊല്ലപ്പെട്ട ആദ്യ സംഭവമാണിത്. പ്രതിയായ സന്ദീപ് നെടുമ്പനയിൽ നിന്നുള്ള എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്നു. അന്ന് രാവിലെ, സന്ദീപ് പോലീസ് കൺട്രോൾ റൂമിലേക്ക് സഹായം അഭ്യർത്ഥിച്ചു. കാലിന് പരിക്കേറ്റ നിലയിൽ അയൽവാസിയുടെ പറമ്പിൽ അദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ സന്ദീപ് തുടക്കത്തിൽ ഡോക്ടർമാരുമായി സഹകരിച്ചു. മുറിവ് ഡ്രസ് ചെയ്യാനായി ഡോ. വന്ദന അദ്ദേഹത്തോടൊപ്പം ഡ്രസ്സിംഗ് റൂമിലേക്ക് പോയി. എന്നാൽ സന്ദീപ് കാഷ്വാലിറ്റി വിഭാഗത്തിൽ വച്ച് അക്രമാസക്തനായി, ചുറ്റുമുള്ളവരെ ആക്രമിച്ചു. തുടർന്ന് സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ 27 തവണ കുത്തി.
നെഞ്ചിലും തലയിലും മാരകമായ മുറിവുകൾ ഏറ്റു. സന്ദീപിന് മാനസികരോഗമുണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു . എന്നാൽ കോടതി നിർദേശിച്ച മെഡിക്കൽ സംഘം ഈ അവകാശവാദം നിരാകരിച്ചു. ഭാര്യയും സന്ദീപിനെതിരെ മൊഴി നൽകിയിരുന്നു.

