പീരങ്കി ശക്തി തുടർച്ചയായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ സായുധ സേന. അടുത്തിടെ, സൈന്യം ആഭ്യന്തരമായി നിർമ്മിച്ച പിനാക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റത്തിന്റെ ഏഴാമത്തെ റെജിമെന്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കി. ഏഴാമത്തെ പിനാക റെജിമെന്റാണ് പ്രധാന അതിർത്തികളിൽ സജ്ജമാക്കിയിരിക്കുന്നത്.
ഈ വർഷം അവസാനിക്കുന്നതിനുമുമ്പ് മറ്റൊരു റെജിമെന്റിനെ തയ്യാറാക്കുന്നതിനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട് . ഇന്ത്യയുടെ വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ദീർഘദൂര ആക്രമണ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്നാണ് സൂചന. എട്ടാമത്തെ റെജിമെന്റിനായി സൈനികർ ആവശ്യമായ പരിശീലനവും നേടാൻ തുടങ്ങിക്കഴിഞ്ഞു. ഈ വർഷം അവസാനത്തോടെ യൂണിറ്റ് പൂർണ്ണ പ്രവർത്തന പദവി കൈവരിക്കും.
2020 ൽ സ്ഥാപിച്ച ആറ് റെജിമെന്റുകളുടെ ഓർഡറിൽ, അടുത്ത വർഷത്തോടെ രണ്ട് അധിക യൂണിറ്റുകൾ കൂടി യുദ്ധത്തിന് തയ്യാറാകും. അതോടെ ഇന്ത്യൻ സൈന്യത്തിന് പത്ത് പ്രവർത്തനക്ഷമമായ പിനാക റെജിമെന്റുകൾ ഉണ്ടാകും. 2010 നും 2020 നും ഇടയിൽ, ഇന്ത്യ നാല് പിനാക റെജിമെന്റുകൾക്ക് പ്രാരംഭ ഓർഡർ നൽകി. 2020 ലെ ഗാൽവാൻ വാലിയിലെ ഏറ്റുമുട്ടലോടെയാണ് പിനാകയുടെ ആവശ്യം സൈന്യം തിരിച്ചറിഞ്ഞത്.
ഉയർന്ന ഉയരത്തിലും പർവതനിരകളിലുമുള്ള പോരാട്ട മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിവുള്ള, ദ്രുത-പ്രതികരണ, ദീർഘദൂര റോക്കറ്റ് ലോഞ്ചറാണ് പിനാക. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഇത് രൂപകൽപ്പന ചെയ്തത്. കൂടാതെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ലാർസൻ & ട്യൂബ്രോ തുടങ്ങിയ ഇന്ത്യൻ പ്രതിരോധ കമ്പനികളാണ് പിനാക നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വെറും 44 സെക്കന്റിൽ 72 മിസൈലുകൾ തൊടുക്കാൻ പിനാകയ്ക്ക് കഴിയും. പിനാക്ക റോക്കറ്റുകളിൽ ജിപിഎസ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഗൈഡഡ് സിസ്റ്റവും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്.

