ഡബ്ലിൻ: പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയോട് എതിർപ്പ് പ്രകടമാക്കി അയർലൻഡും. സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു. അയർലൻഡ് ഉൾപ്പെടെ 21 രാജ്യങ്ങളാണ് പ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. ഇസ്രായേലിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഇസ്രായേലിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം ആണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ഇസ്രായേൽ പിന്തിരിയണം. ഇസ്രായേൽ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി മിഡിൽ ഈസ്റ്റിന്റെ സുരക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തെ ദുർബലപ്പെടുത്തുന്നു.
ഐക്യരാഷ്ട്രസഭയുടെ 2334-ാം പ്രമേയം അനുസരിച്ച് ഇസ്രായേൽ സർക്കാർ കുടിയേറ്റ നിർമ്മാണം നിർത്തിവയ്ക്കുകയും പലസ്തീൻ അതോറിറ്റിയുടെ ധനകാര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ പിൻവലിക്കുകയും വേണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ, കാനഡ, ഇറ്റലി എന്നിവ അയർലൻഡിന് പുറമേ പ്രസ്താവനയിൽ ഒപ്പുവച്ച രാജ്യങ്ങളാണ്.

